Arrest Warrant | പോക്‌സോ കേസിൽ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ അറസ്റ്റിലേക്കോ? കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
യെദ്യൂരപ്പയ്‌ക്കെതിരെ പരാതി ഉന്നയിച്ച 54 കാരിയായ സ്ത്രീ അസുഖത്തെ തുടർന്ന് ബെംഗളൂരിലെ ആശുപത്രിയിൽ കഴിഞ്ഞ മാസം മരിച്ചിരുന്നു
ബെംഗ്ളുറു: (KVARTHA) പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ബെംഗ്ളുറു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൂടിക്കാഴ്ചയ്ക്കിടെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (ലൈംഗിക പീഡനം) വകുപ്പ് പ്രകാരവും കേസെടുത്തിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ യെദ്യൂരപ്പയുടെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
എന്നാൽ 81 കാരനായ യെദ്യൂരപ്പ കുറ്റം നിഷേധിച്ചിട്ടുണ്ട്, കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. യെദ്യൂരപ്പയ്‌ക്കെതിരെ പരാതി ഉന്നയിച്ച 54 കാരിയായ സ്ത്രീ അസുഖത്തെ തുടർന്ന് ബെംഗളൂരിലെ ആശുപത്രിയിൽ കഴിഞ്ഞ മാസം മരിച്ചിരുന്നു.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (CID) യെദ്യൂരപ്പയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. നടപടി ക്രമപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ 15നകം കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.