Flight Travel | അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തില്‍ ഡെല്‍ഹിയിലേക്ക്; ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകര്‍ 

 
Nitish Kumar and Tejashwi Yadav Take Same Flight To Delhi Amid Buzz Of Opposition Outreach For Govt Formation, New Delhi, News, Nitish Kumar, Tejashwi Yadav, Flight Travel, Politics, National
Nitish Kumar and Tejashwi Yadav Take Same Flight To Delhi Amid Buzz Of Opposition Outreach For Govt Formation, New Delhi, News, Nitish Kumar, Tejashwi Yadav, Flight Travel, Politics, National


മുന്നിലും പിന്നിലുമായി തൊട്ടടുത്ത സീറ്റുകളില്‍ ഇരുവരും വിമാനത്തിലിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്

വിസ്താര വിമാനത്തിലാണ് യാത്ര
 

ന്യൂഡെല്‍ഹി: (KVARTHA) ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ സര്‍കാരിനെ സംബന്ധിച്ച് ദേശീയ രാഷ്ട്രീയത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ ഡി എയുടെ നേതൃത്വത്തില്‍ പുതിയ സര്‍കാര്‍ മൂന്നാമതും അധികാരത്തിലെത്തുമെന്ന് പറഞ്ഞിരുന്നു. ബുധനാഴ്ച രാഷ്ട്രപതിയെ കണ്ട് സര്‍കാര്‍ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിക്കുമെന്നും റിപോര്‍ടുകളുണ്ടായിരുന്നു. 

 

എന്നാല്‍ സഖ്യകക്ഷികളുടെ പിന്തുണ ഇക്കാര്യത്തില്‍ കൂടിയേ തീരൂ. ഇതിനായി ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ തേടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 


ഇരുവരുടേയും  തീരുമാനങ്ങള്‍ നിര്‍ണായകമാണെന്നിരിക്കെ ഇരുനേതാക്കളുടേയും നീക്കങ്ങള്‍ അതീവ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അതിനിടെയാണ് ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച നിതീഷ് കുമാറും ഇന്‍ഡ്യ മുന്നണിയുടെയും ആര്‍ജെഡിയുടെയും നേതാവായ തേജസ്വി യാദവും ഒരേ വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് പറന്നത്. ഇതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. രാഷ്ട്രീയ മറുകണ്ടം ചാടലില്‍ പേരുകേട്ട നിതീഷിന്റെ നീക്കങ്ങള്‍ എന്‍ഡിഎ-ബിജെപി നേതാക്കളും നിരീക്ഷിച്ച് വരുന്നതിനിടെയാണ് പുതിയ സംഭവം.


മുന്നിലും പിന്നിലുമായി തൊട്ടടുത്ത സീറ്റുകളില്‍ ഇരുവരും വിമാനത്തിലിരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായി കഴിഞ്ഞു. അതേ സമയം നിതീഷിന്റെ വിശ്വസ്തനും ജെഡിയു നേതാവുമായ കെസി ത്യാഗി ഇന്‍ഡ്യസഖ്യത്തിലേക്ക് നിതീഷ് മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി. എന്‍ഡിഎയ്ക്കൊപ്പം ജെഡിയു ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഭൂരിപക്ഷത്തിനുവേണ്ട മാന്ത്രിക സംഖ്യ (272) മറികടക്കാന്‍ സാധിക്കാത്തതോടെ നിതീഷിനേയും നായിഡുവിനേയും ചേര്‍ത്തുപിടിക്കാന്‍ ബിജെപിയും മറുകണ്ടം ചാടിക്കാന്‍ ഇന്‍ഡ്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസും ശ്രമം തുടങ്ങിയിരുന്നു.

 

മുന്‍പ് തങ്ങളുടെ സഖ്യകക്ഷികളായിരുന്ന ജെഡിയുവിനേയും ടിഡിപിയേയും ഒപ്പംചേര്‍ത്ത് സര്‍കാരുണ്ടാക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് തള്ളുന്നില്ല. കഴിഞ്ഞദിവസം ഫലം അറിഞ്ഞതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട രാഹുല്‍ ഗാന്ധിയും  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബുധനാഴ്ച ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം ചേരുമെന്നും അതിനുശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു. 

 

അതുകൊണ്ടുതന്നെ ഈ  യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ചയാകും. അതിനിടെയാണ് തേജസ്വി യാദവ് ഡെല്‍ഹിയിലേക്കെത്തിയത്. പട് നയില്‍ ഡെല്‍ഹിയിലേക്കുള്ള വിസ്താര വിമാനത്തിലാണ് നിതീഷിനൊപ്പം തേജസ്വി യാത്ര ചെയ്തത്.

നിതീഷിന് ഉപപ്രധാനമന്ത്രിപദമാണെങ്കില്‍ നായിഡുവിന് ആന്ധ്രാപ്രദേശിന് പ്രത്യേകപദവി നല്‍കാമെന്ന് ഇന്‍ഡ്യാസഖ്യം വാഗ്ദാനം ചെയ്തുവെന്നുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇരുവരുമായും എന്‍സിപി നേതാവ് ശരദ് പവാര്‍ ബന്ധപ്പെട്ടുവെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവന്നെങ്കിലും പവാര്‍ അത് തള്ളിയിട്ടുണ്ട്.

543 അംഗ ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. ബിജെപിക്ക് ഒറ്റയ്ക്ക് 240 സീറ്റുകളുണ്ട്. നിതീഷും നായിഡുവും ഉള്‍പെടുന്ന എന്‍ഡിഎ മുന്നണിക്ക് 292 സീറ്റുകളുണ്ടെങ്കിലും മുന്നണികള്‍ മാറി കളിക്കുന്ന ഇരുവരുടെയും മുന്‍നിലപാടുകളാണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നത്.


ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടിഡിപിയും ജെഡിയുവും ബിജെപിയുമായി സഖ്യത്തിലെത്തിയത്. ഇന്‍ഡ്യ മുന്നണി രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന നേതാവാണ് നിതീഷ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു നായിഡു.

കഴിഞ്ഞ രണ്ട് തവണ അധികാരത്തിലേറിയപ്പോഴും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. പുതിയ സര്‍കാര്‍ വരുമ്പോള്‍ മോദിയുടെ പ്രധാന വാഗ്ദാനമായ ഏക സിവില്‍ കോഡ് അടക്കമുള്ള അജന്‍ഡകള്‍ നടപ്പാക്കാന്‍ ഘടകക്ഷികളുടെ തീരുമാനങ്ങളെ ബിജെപിക്ക് ആശ്രയിക്കേണ്ടിവരും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia