Allegation | വാദം പൊളിയുന്നു; നവീൻ ബാബുവിനെതിരെ ടി വി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
● മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്നാണ് വിശദീകരണം.
● ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിഎൻഎ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്.
കണ്ണൂർ: (KVARTHA) കൈക്കൂലി ആരോപണം ഉന്നയിച്ച് കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പ് വ്യവസായ സംരംഭകൻ ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്നാണ് വിശദീകരണം.
വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം. ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിഎൻഎ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്. മുൻപ് നൽകിയ അപേക്ഷയിൽ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു. പ്രശാന്തൻ്റേത് വ്യാജ പരാതിയാണെന്ന ആരോപണം തുടക്കത്തിലെ ചില മാധ്യമങ്ങൾ ഉയർത്തിയിരുന്നു.
എഡിഎമ്മിനെതിരെ ടിവി പ്രശാന്തൻ നൽകിയതെന്ന പേരിൽ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന സുപ്രധാന രേഖ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ മന്ത്രി കെ രാജൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനായി രൂപീകരിച്ച വെബ്സൈറ്റു മുഖേനെയല്ലാതെ രണ്ട് കടലാസുകൾ മാത്രമാണ് ടി വി പ്രശാന്തൻ മാധ്യമങ്ങൾക്ക് നൽകിയിരുന്നത്. ഇതിലാകട്ടെ പേരും ഒപ്പും വ്യത്യാസമായിരുന്നു.
ഈ സാഹചര്യത്തിലാണ് പരാതി വ്യാജമാണെന്ന ആരോപണം ഉയർന്നത്. കണ്ണൂർ പള്ളിക്കുന്നിലുള്ള ഔദ്യോഗിക വസതിക്ക് സമീപം വെച്ച് ചെങ്ങളായിയിലെ പെട്രോൾ പമ്പ് അനുവദിക്കുന്നതിനായി നിരാക്ഷേപ പത്രം ലഭിക്കുന്നതിനായി താൻ 98,500 രൂപ എ.ഡി.എമ്മിന് സ്വർണ പണയ വായ്പയെടുത്ത് കൈക്കൂലി നൽകിയെന്നായിരുന്നു ടി വി പ്രശാന്തൻ്റെ ആരോപണം.
#TVPrashanth #NaveenBabu #Complaint #Allegation #KeralaPolitics #BribeAllegation