BJD | 'ബിജെപിക്ക് ഇനി പിന്തുണയില്ല', ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ബിജെഡി 

 
Modi and Naveen Patnaik
Modi and Naveen Patnaik


ബിജെഡിക്ക് രാജ്യസഭയിൽ ഒമ്പത് എംപിമാരുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടാനായില്ല

ന്യൂഡെൽഹി: (KVARTHA) ബിജു ജനതാദൾ (BJD) നേതാവ് നവീൻ പട്‌നായിക് പാർട്ടിയിലെ ഒമ്പത് രാജ്യസഭാ എംപിമാരുമായി കൂടിക്കാഴ്ച നടത്തി. സഭാ നടപടികളിൽ ശക്തമായിപ്രതിപക്ഷമെന്ന നിലയിലുള്ള ധർമം നിർവഹിക്കാൻ അദ്ദേഹം എല്ലാ എംപിമാരോടും നിർദേശിച്ചു. ജൂൺ 27 മുതൽ രാജ്യസഭ സമ്മേളനം ആരംഭിക്കുകയാണ്. സഭാ നടപടികളിൽ ഒഡീഷയിലെ പ്രശ്നങ്ങൾ ഉറക്കെ ഉന്നയിക്കാൻ പട്നായിക് എംപിമാരോട് ആവശ്യപ്പെട്ടു.

'എംപിമാർ മൗനം പാലിക്കില്ല'

ഇത്തവണ പാർട്ടി എംപിമാർ മൗനം പാലിക്കില്ലെന്ന് യോഗത്തിന് ശേഷം ബിജു ജനതാദൾ രാജ്യസഭാ എംപി സസ്മിത് പത്ര പറഞ്ഞു. ഒറീസയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണകക്ഷിയായ ബിജെപി സർക്കാരിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയ്ക്ക് പ്രത്യേക പദവി പദവി വേണമെന്ന ആവശ്യത്തിന് പുറമെ, മോശം മൊബൈൽ കണക്റ്റിവിറ്റിയും സംസ്ഥാനത്തെ ബാങ്ക് ശാഖകളുടെ കുറവും സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കുമെന്നും പത്ര പറഞ്ഞു. 

കൽക്കരി റോയൽറ്റിയിൽ ഭേദഗതി വരുത്തണമെന്ന ഒഡീഷയുടെ ആവശ്യം കഴിഞ്ഞ 10 വർഷമായി കേന്ദ്രം അവഗണിക്കുകയാണ്. ഇതുമൂലം സംസ്ഥാനത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഒമ്പത് എംപിമാർ രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കും. പാർലമെൻ്റിൽ സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ നവീൻ പട്നായിക്ക് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും പത്ര കൂട്ടിച്ചേർത്തു.

'ബിജെപിക്ക് ഇനി പിന്തുണയില്ല'

ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാട് ബിജു ജനതാദൾ തുടരുമോ എന്ന ചോദ്യത്തിന്, ഇനി ബിജെപിയെ പിന്തുണയ്ക്കില്ലെന്നും എതിർപ്പുകൾ മാത്രമേ ഉണ്ടാകൂവെന്നും പത്ര മറുപടി നൽകി. ഒഡീഷയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെഡി വിവിധ വിഷയങ്ങളിൽ പാർലമെൻ്റിൽ ബി ജെ പിയെ പിന്തുണക്കുക മാത്രമല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ 2019 ലും 2024 ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹര്യത്തിൽ നിലപാട് മാറ്റം ശ്രദ്ധേയമാണ്. ബിജെഡിക്ക് രാജ്യസഭയിൽ ഒമ്പത് എംപിമാരുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടാനായില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia