Muhammad Yunus | ബംഗ്ലാദേശില്‍ ഇടക്കാല സര്‍കാരിനെ നയിക്കാന്‍ നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ്; മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും
 

 
Muhammad Yunus, Bangladesh, interim government, Nobel Prize, Grameen Bank, Sheikh Hasina, political crisis
Muhammad Yunus, Bangladesh, interim government, Nobel Prize, Grameen Bank, Sheikh Hasina, political crisis

Photo Credit: Facebook / Muhammad Yunus

മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീന നിലവില്‍ ഇന്‍ഡ്യയില്‍ അഭയം തേടിയിരിക്കയാണ്. സഹായം നല്‍കാന്‍ തയാറല്ലെന്ന് യുകെ അറിയിച്ചതോടെയാണ് തീരുമാനം.

ധാക്ക: (KVARTHA) ബംഗ്ലാദേശിന്റെ ഇടക്കാല സര്‍കാരിനെ നയിക്കാന്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തു. സര്‍കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സര്‍കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിക്കുകയും ചെയ്തു. നിലവില്‍ പാരീസിലുള്ള യൂനുസ് വൈകാതെ ധാക്കയില്‍ എത്തും.


ശെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. ശെയ്ഖ് ഹസീന നിലവില്‍ ഇന്‍ഡ്യയില്‍ അഭയം തേടിയിരിക്കയാണ്. ഹസീനയ്ക്ക് അഭയം നല്‍കാന്‍ തയാറല്ലെന്ന് യുകെ അറിയിച്ചിരുന്നു. ഇതോടെ ഇവര്‍ ഇന്‍ഡ്യയില്‍ തുടരുകയാണ്. 


ബംഗ്ലാദേശിലെ കേസുകളില്‍ നിന്നുള്ള സുരക്ഷ ഉറപ്പു നല്‍കാന്‍ ബ്രിടന്‍ തയാറായില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അതീവ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോള്‍ കഴിയുന്നത്. ഇന്‍ഡ്യന്‍ അതിര്‍ത്തിയില്‍ ജാഗ്രത തുടരുകയാണ്. ബി എസ് എഫ് മേധാവി ബംഗാള്‍ അതിര്‍ത്തിയില്‍ തുടരുന്നുണ്ട്. അതിര്‍ത്തി ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. 


ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ 'പാവങ്ങള്‍ക്കുള്ള ബാങ്കര്‍' എന്നറിയപ്പെടുന്ന യൂനുസ്, ഇടക്കാല സര്‍കാരിനെ നയിക്കണമെന്നത് പ്രക്ഷോഭകാരികളായ വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യമായിരുന്നു. ഈ ആവശ്യത്തിനാണ് വിദ്യാര്‍ഥികളും ബംഗ്ലാദേശ് സൈനിക മേധാവികളും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായത്.

യൂനുസിന്റെ നേതൃത്വത്തില്‍ ഉടന്‍ ഇടക്കാല സര്‍കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി യോഗത്തിന് ശേഷം വിദ്യാര്‍ഥി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇടക്കാല സര്‍കാരിന്റെ ഭാഗമാകാന്‍ 10-14 പ്രമുഖ വ്യക്തികളുടെ പേരുകളും പ്രക്ഷോഭകര്‍ നല്‍കിയിട്ടുണ്ട്.

ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് 2006 ല്‍ 83-കാരനായ യൂനുസിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. എന്നാല്‍ 190-ലധികം കേസുകളില്‍ യൂനുസിനെതിരെ കുറ്റം ചുമത്തുന്ന നടപടിയായിരുന്നു ശെയ്ഖ് ഹസീന സര്‍കാര്‍ സ്വീകരിച്ചത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകള്‍ നല്‍കി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന ഒരു ധനകാര്യസ്ഥാപനമായ ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകന്‍ എന്ന നിലയിലാണ് മുഹമ്മദ് യൂനുസ് ശ്രദ്ധേയനാകുന്നത്. 2006 ലാണ് മുഹമ്മദ് യൂനുസ് - ഗ്രാമീണ്‍ ബാങ്ക് എന്നിവ സംയുക്തമായി സമാധാനത്തിനുള്ള നോബല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. 2009-ല്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, 2010-ല്‍ കോണ്‍ഗ്രസ് ഗോള്‍ഡ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ യൂനുസിന് ലഭിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia