Challenge | ഹസീനയ്ക്ക് ശേഷം രാഷ്ട്രീയ ശൂന്യമായ ബംഗ്ലാദേശിൽ യൂനുസ് നേരിടേണ്ടി വരിക കനത്ത വെല്ലുവിളികൾ; അയൽ രാജ്യം ആടിയുലയുമോ അതിജീവിക്കുമോ?
ഒരു കാലത്ത് ഷെയ്ഖ് ഹസീന വേട്ടയാടിയ മുഹമ്മദ് യൂനുസിന് രാജ്യം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുന്നത് ചരിത്രത്തിൻ്റെ കാവ്യനീതികളിലൊന്നാണ്
ഭാമനാവത്ത്
ധാക്ക: (KVARTHA) ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നിയുക്തനായ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ മുഹമ്മദ് യൂനുസിനു മുൻപിൽ വെല്ലുവിളികൾ ഏറെയെന്ന് വിദേശകാര്യ വിദഗ്ദ്ധർ. തൻ്റെ ഇഷ്ടപ്രകാരമുള്ള ഒരു മന്ത്രിസഭയെയല്ല അദ്ദേഹം നയിക്കേണ്ടി വരിക. ബഹുമുഖ താൽപര്യങ്ങളും അജൻഡകളുമുള്ള വ്യത്യസ്ത ഗ്രൂപ്പുകളെ നയിക്കുന്നത് ഇരു തോണിയിൽ കാൽ വയ്ക്കുന്നതുപോലെ സാഹസികവുമാണ്.
ഒരു കാലത്ത് ഷെയ്ഖ് ഹസീന വേട്ടയാടിയ മുഹമ്മദ് യൂനുസിന് രാജ്യം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുന്നത് ചരിത്രത്തിൻ്റെ കാവ്യനീതികളിലൊന്നാണ്. പലായനം ചെയ്യുമ്പോൾ യൂനുസിൻ്റെ പേരിലുണ്ടായിരുന്നത് ഇരുന്നൂറോളം കേസുകളാണ്. ഷെയ്‌ഖ് ഹസീനയുടെ നിശിത വിമർശകനായിരുന്ന യൂനുസിനോടുള്ള പ്രതികാര നടപടിയാണ് കേസുകളെന്ന് അന്നേ വിമർശനമുയർന്നിരുന്നു. ഹസീന സര്‍ക്കാര്‍ ചുമത്തിയ തൊഴിൽ നിയമ ലംഘന കേസുകളില്‍ നിന്ന് യൂനുസിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഇടക്കാല സര്‍ക്കാരിനെ യൂനുസ് നയിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് ചെറിയ തുകയുടെ വായ്പകള്‍ ലഭ്യമാക്കിയ യൂനുസിന്റെ ഗ്രാമീൺ ബാങ്ക് ലക്ഷക്കണക്കിന് ബംഗ്ലാദേശികളെയാണ് പട്ടിണിയിൽ നിന്നുകരകയറ്റിയത്. ഈ സംരംഭത്തിലൂടെ 2006 ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. 1940ൽ ചിറ്റഗോങ്ങിൽ ജനിച്ച യൂനുസ് ഉന്നതപഠനം പൂര്‍ത്തിയാക്കിയത് അമേരിക്കയിലാണ്. യുഎസില്‍ കോളേജ് പ്രഫസറായി സേവനമനുഷ്ഠിച്ചു വരുമ്പോഴായിരുന്നു ബംഗ്ലാദേശ് സ്വതന്ത്രമായത്.
മൈക്രോഫിനാൻസ് എന്ന നൂതനാശയവുമായി ബംഗ്ലാദേശിലേക്കു തിരിച്ചെത്തിയ യൂനുസ് 1983ൽ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ചു. ഒരു കോടിയോളം പേര്‍ക്ക് 300 കോടി ഡോളറിന് മൂല്യമുള്ള തുക വിതരണം ചെയ്തു. നൽകിയ ലോണുകളിൽ 97 ശതമാനവും പലിശയടക്കം തിരിച്ചു പിടിക്കാനായി. ഗ്രാമീണമേഖലയെ സമ്പദ്ഘടനയുടെ ഭാഗമാക്കിയ ഈ നൂതന പദ്ധതിയ്ക്കാണ് നൊബേല്‍ ലഭിച്ചത്. എന്തു തന്നെയായാലും മുഹമ്മദ് യൂനുസിൻ്റെ ഇടക്കാല സർക്കാരിനെ ലോക രാജ്യങ്ങൾ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരികയെന്നതാണ് യൂനുസിൻ്റെ മുൻപിലെ പ്രഥമ കർത്തവ്യം.
#Bangladesh #politics #NobelPrize #MuhammadYunus #GrameenBank #microfinance #SouthAsia