Action Needed | 'സംസ്ഥാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 10,000 ത്തോളം റിക്രൂട്ട് മെന്റ് സ്ഥാപനങ്ങള്‍: നിയന്ത്രിക്കാന്‍  നിയമനിര്‍മാണം അനിവാര്യം'

 
NORKA Calls for Legislation to Regulate Illegal Recruitment Agencies in Kerala
NORKA Calls for Legislation to Regulate Illegal Recruitment Agencies in Kerala

Photo Credit: NORKA Roots

● വ്യാജ റിക്രൂട്ട്മെന്റുകള്‍ സംബന്ധിച്ച നോര്‍ക്ക റൂട്ട് സിന്റെ ആശങ്കകള്‍ അറിയിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍
● സംസ്ഥാന തലത്തില്‍ പ്രത്യേക നിയമനിര്‍മാണം സാധ്യമാകുമോ എന്നത് സംബന്ധിച്ച്  നിയമവകുപ്പുമായി ആലോചിക്കാനും തീരുമാനമായി

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 10,000 ത്തോളം റിക്രൂട്ട് മെന്റ് സ്ഥാപനങ്ങളെന്നും ഇവയെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം അനിവാര്യമെന്നും നോര്‍ക്ക കണ്‍സല്‍റ്റേഷന്‍ യോഗം. വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപകമായ തട്ടിപ്പുകള്‍ തടയുന്നതിന് ദേശീയതലത്തില്‍ സമഗ്ര നിയമനിര്‍മാണം അനിവാര്യമെന്നാണ് നോര്‍ക്ക റൂട്ട് സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ഏജന്‍സികളുടെ കണ്‍സല്‍റ്റേഷന്‍ യോഗത്തിലെ വിലയിരുത്തല്‍. 

രാജ്യത്ത് അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട് മെന്റുകള്‍, വിസാ തട്ടിപ്പ്, സ്റ്റുഡന്റ് വിസാ തട്ടിപ്പ്, വിസിറ്റ് വിസയിലെത്തിയുളള റിക്രൂട്ട് മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷന്‍ ആക്ടില്‍ (1983) പരിമിതികളുണ്ടെന്നും യോഗം വിലയിരുത്തി. 

സംസ്ഥാനത്ത് മാത്രം ലൈസന്‍സില്ലാത്ത 10,000 ത്തോളം റിക്രൂട്ട് മെന്റ് കണ്‍സല്‍ട്ടിങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് സി ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ പരിമിതികളാണ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികളുടെ മറവില്‍ നടത്തുന്ന ഇത്തരം വിദേശ റിക്രൂട്ട് മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനും കഴിയാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വ്യാജ റിക്രൂട്ട്മെന്റുകള്‍ സംബന്ധിച്ച നോര്‍ക്ക റൂട്ട് സിന്റെ ആശങ്കകള്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തില്‍ പ്രത്യേക നിയമനിര്‍മാണം സാധ്യമാകുമോ എന്നത് സംബന്ധിച്ച്  നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തില്‍ തീരുമാനമായി.

തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍ക്ക, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ്,  പൊലീസ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ്, പഞ്ചാബ് സര്‍ക്കാര്‍, റിക്രൂട്ട് മെന്റ് ഏജന്‍സി, ലോകകേരള സഭ, സിഡിഎസ്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി 20 ഓളം ഏജന്‍സികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.  

സംസ്ഥാന ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ കെഎന്‍ ഹരിലാല്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ രവി രാമന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, കെ എ എസ് ഇ മാനേജിംഗ് ഡയറക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി, പഞ്ചാബ് എന്‍ആര്‍ഐ സെല്‍ എഡിജിപി പ്രവീണ്‍ കുമാര്‍ സിന്‍ഹ, ഐ ഐ എം എ ഡിയില്‍ നിന്നും  ഡോ. ഇരുദയ രാജന്‍, സിഡിഎസില്‍ നിന്നും ഡോ. വിനോജ് എബ്രഹാം തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

#NORKA #Kerala #RecruitmentLaw #VisaFraud #Emigration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia