OR Kelu | ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു കേളുവേട്ടൻ; പാവങ്ങളുടെ പുതിയ പടത്തലവൻ!

 
 Devaswom department
 Devaswom department


കോളനികളുടെ പേരിൽ മാറ്റം അല്ല കാര്യം. അവിടെ താമസിക്കുന്ന ഓരോ വ്യക്തികളിലും പുരോഗമനത്തിന്റെ സുഗന്ധം പരക്കണം, അതാണ് വിപ്ലവം

 മിന്റാ മരിയ തോമസ് 

(KVARTHA) കെ രാധാകൃഷ്ണൻ ആലത്തൂർ എംപി ആയി പോയ ഒഴിവിൽ സംസ്ഥാനത്ത് അദ്ദേഹത്തിൻ്റെ സ്ഥാനത്ത് പുതിയ മന്ത്രി എത്തുകയാണ്. മാനന്തവാടിയിൽ നിന്നും നിയമസഭയെ പ്രതിനിധീകരിക്കുന്ന ഒ ആർ കേളുവാണ് പുതിയ മന്ത്രിയാകുന്നത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കേളുവിന് ഇല്ലെന്നാണ് വാർത്തകൾ. പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ ചുമതല മാത്രമാണ് ഒ ആർ കേളുവിന് നൽകുന്നത്. എന്നാൽ ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു എന്നാണ് നിയുക്ത മന്ത്രി ഒ ആർ കേളു പറയുന്നത്. 

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയാണ്: 'വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി-പട്ടികവർഗ വകുപ്പ്. ജനങ്ങളുമായിഅടുത്തിടപഴകാനും അവരുടെ കാര്യങ്ങൾ കേൾക്കാനുമാണ് ഞാൻ ഇത്രയും കാലം ശ്രമിച്ചത്. കേൾക്കുന്ന കാര്യങ്ങൾ ആത്മാർത്ഥമായി തന്നെ ചെയ്യും. വയനാട്ടിലെ വന്യജീവി ആക്രമണത്തിലുൾപ്പെടെ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിയായിക്കഴിഞ്ഞാൽ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതികളെല്ലാം ഉയരുന്നുണ്ട്. 

or kelu

കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തും. കാലതാമസമുണ്ടാകില്ല. ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയില്ല. ഞാനാദ്യമായാണ് മന്ത്രി പദത്തിലെത്തുന്നത്. ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവർത്തനംവെച്ച് പട്ടികജാതി പട്ടികവർഗമേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൽ പറ്റും. ദേവസ്വം വകുപ്പുൾപ്പെടെ അനുഭവസമ്പത്തുള്ളവർ ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം. ഇവ തന്നിരുന്നെങ്കിൽ ഞാൻ തന്നെ വേണ്ടെന്ന് പറയുമായിരുന്നു'.

പട്ടിക വർഗ വിഭാഗത്തിൽ നിന്ന് മന്ത്രിയാകുന്ന ആളാണ് മന്ത്രി ഒ ആർ കേളു. കെ രാധാകൃഷ്ണൻ പട്ടികജാതി വിഭാഗത്തിൽ നിന്ന് മന്ത്രി ആയ ആളാണ്. ആ വിഭാഗത്തിൽ നിന്നൊരാളെ ആദ്യമായി ഇടതുപക്ഷം ദേവസ്വം ബോർഡിൻ്റെ മന്ത്രിയാക്കിയപ്പോൾ അതിനെ നവോത്ഥാനമായി കണ്ട് കയ്യടിച്ചവർ ഏറെയാണ്. ഇപ്പോൾ ഒ ആർ കേളുവിനെ മാറ്റി നിർത്തുമ്പോൾ മൂക്കത്ത് വിരൽ വെയ്ക്കുന്നവരും ഏറെ. അപ്പോൾ കേളു പറയുന്നു ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു എന്ന്. പാവം കേളുവേട്ടൻ, മന്ത്രിസ്ഥാനം തന്നെ വേണ്ടെന്ന് പറഞ്ഞതാ. ഒരു ബൊമ്മയായി ഇരുന്നാൽ മതി എന്ന് പറഞ്ഞതുകൊണ്ട് മാത്രം സമ്മതിച്ചത്. 

ത്യാഗി, പാവം. അങ്ങനെ പറയാൻ പറഞ്ഞു. നുമ്മ വിശ്വസിച്ചു. ഒരു മര്യാദക്കാരനായ, 'നിരീശ്വരവാദി സഖാവ്' ആണെന്ന് തോന്നുന്നു. പരാതി ഒന്ന് പറഞ്ഞു നോക്ക് അപ്പോ അറിയാം. തരുന്നത് മേടിച്ച്  അവിടിരുന്നോണം, തമ്പ്രാക്കൾ പറയും, അടിയൻ അത് അനുസരിച്ചാൽ മതി, എന്ന ഭാവം കാണാം. പിന്നെ ഇപ്പോൾ കിട്ടിയ മന്ത്രി സ്ഥാനം വേണ്ടെന്ന് കൂടി പറയാമായിരുന്നു. പിന്നെ ഈ വകുപ്പ് കൂടി വേറൊരു മന്ത്രിയെ ഏല്പിച്ചാൽ അത്രയും ചിലവ് കുറക്കാമല്ലോ. ദേവസം വകുപ്പ് നല്ലതാ അതാ തരാത്തത്. ശബരിമലയിൽ കാണിക്കക്കുടത്തിൽ കയ്യിട്ട് വാരാം. ഉണ്ണിയപ്പം, അരപ്പായത്തിൽ കമ്മീഷൻ, എല്ലാം കൊണ്ടും കൊള്ളാം, കിടന്ന് പോയാൽ ദൈവം നരകത്തിലോട്ടെ വിടൂ. 

കേളു പാവങ്ങളുടെ പുതിയ പടത്തലവൻ, അടിമജീവിതം, കിട്ടാത്ത മുന്തിരി പുളിക്കും തുടങ്ങിയ പരിഹാസങ്ങളാണ് കേളുവിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ഇപ്പോൾ ചിലർ ഉയർത്തുന്നത്. നവോത്ഥാനം മാത്രമല്ല മതേതരത്വവും ഇവിടെ ഒരു പുകമറയാണ്. പാർട്ടിയുടെ പേരിലും, കൊടിയിലും, ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. അത് തെളിയിക്കുന്നതാണ് സർക്കാരിൻ്റെ തീരുമാനം. പടിയിറങ്ങിയ ഹരിജനക്ഷേമ വകുപ്പു മന്ത്രിയുടെ അധീനതയിൽ ആയിരുന്നു ദേവസ്വം വകുപ്പ്. അദ്ദേഹം പാർലമെന്റ് അംഗം ആയതോടെ പുതിയ മന്ത്രി ഉദയം ചെയ്തു. ഉദിച്ചുവരുന്ന മന്ത്രിയുടെ കൈയ്യിൽനിന്ന് ദേവസ്വം വകുപ്പ് അടർത്തി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. 

ഹരിജന ക്ഷേമമന്ത്രിക്ക്, ദേവസ്വം നല്കിയപ്പോൾ, രണ്ടാം നവോത്ഥാനമായി കണ്ട് സന്തോഷിച്ചവർ ഇവിടെ ഏറെയാണ്. കൊലപാതകം രണ്ട് രീതിയിൽ ഉണ്ട്. ഞെക്കിക്കൊല്ലാം, നക്കിക്കൊല്ലാം. നക്കിക്കൊന്നതിന്റ ഇരയാണ് മുൻ മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതിക്കാരനായ അദേഹത്തെ ദേവസ്വത്തിൽ നിന്ന് ഒഴിപ്പിക്കാൻ എം.പിയാക്കി ലോക് സഭയിലേയ്ക്ക് വിട്ടു. പുതിയ മന്ത്രിയെ അതിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. നവോത്ഥാനം ഒരു പുകമറ മാത്രമാണെന്നും, വിശാല അർത്ഥത്തിൽ മറ്റ് പാർട്ടികളിൽനിന്ന് യാതൊരു വിത്യാസവും കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ലെന്നും വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. പട്ടികജാതി പട്ടിക വർഗ്ഗക്കാർ കമ്മ്യൂണിസത്തിൽ നിന്ന് ഇപ്പോൾ അകന്നുകൊണ്ടിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്. 

നാം മുന്നോട്ട് വരണം. സവർണന്റെ ഒപ്പം. എല്ലാ വകുപ്പും അർഹതപെട്ടത് ദളിതന്, സമത്വം വിവേചനമില്ലാത്ത കാലം. കോളനികളുടെ പേരിൽ മാറ്റം അല്ല കാര്യം. അവിടെ താമസിക്കുന്ന ഓരോ വ്യക്തികളിലും പുരോഗമനത്തിന്റെ സുഗന്ധം പരക്കണം, അതാണ് വിപ്ലവം. സഖാക്കൾ ഒന്ന് മാറി ചിന്തിക്കു, പുതിയ മന്ത്രിക്ക് എന്തു ചെയ്യാൻ കഴിയും. സ്ഥലസൗകര്യമോ കെട്ടിട സൗകര്യമോ ഇല്ലാതെ ഏറ്റവും തിരക്കേറിയ മാനന്തവാടി ജില്ലാ ആശുപത്രി പെട്ടെന്ന് ഒരു ദിവസം ബോർഡു മാറ്റി മെഡിക്കൽ കോളേജ് എന്ന ബോർഡു വെച്ചതു പോലുള്ള വികസനത്തിന് ആണോ തയ്യാറെടുക്കുന്നത്.  

കണ്ണൂർ വിമാനത്താവള റോഡ് കേവലം കടലാസിലൊതുങ്ങിയിട്ട് നാളെറെയായി. അത് പുനർജീവിപ്പിക്കാൻ നടപടി എടുക്കുമോ. കേരളത്തിലെ ഏതു ജില്ലകളിലേയും റോഡ് താരതമ്യപ്പെടുത്തിയാൽ ഏറ്റവും മോശം വയനാട്ടിലെ റോഡാണ്. അത് നല്ല നിലയിൽ പരിപാലിക്കപ്പെടാൻ ഉള്ള നടപടിക്ക് മന്ത്രി മുൻകൈ എടുക്കുമോ. നിരവധിയായ ആവശ്യങ്ങൾ പരിഹരിക്കുന്ന മന്ത്രിയെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതോ മറ്റ് മന്ത്രിമാരെപ്പോലെ മുഖ്യന് വേണ്ടി വാഴ്ത്തുപാട്ട് പാടി കാലം കഴിക്കുമോ എന്ന് കണ്ടറിയാം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia