O R Kelu | ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിൽ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന കെ രാധാകൃഷ്ണന് പകരമാണ് കേളു ചുമതലയേറ്റത്
തിരുവനന്തപുരം: (KVARTHA) മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ മന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സഗൗരവമാണ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അടക്കമുള്ളവരും ചടങ്ങിനെത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും സംസാരിക്കുകയോ പരസ്പരം മുഖത്തുനോക്കുകയോ ചെയ്യാത്തത് ശ്രദ്ധേയമായി. എന്നാൽ, തുടർന്ന് നടന്ന ചായസത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു.
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന കെ രാധാകൃഷ്ണന് പകരമാണ് കേളു ചുമതലയേറ്റത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പാണ് കേളുവിന് നൽകിയിട്ടുള്ളത്. അതേസമയം കെ രാധാകൃഷ്ണൻ വഹിച്ചിരുന്ന മറ്റ് വകുപ്പുകളായ ദേവസ്വം വിഎന്‍ വാസവനും പാര്‍ലമെന്ററി കാര്യം എംബി രാജേഷുമാണ് കൈകാര്യം ചെയ്യുക.