Criticism | 'അത് ഭീമാബദ്ധം', തങ്ങന്മാരെയും മുസ്ലിയാക്കന്മാരെയും മുന്നിൽനിറുത്തി രാഷ്ട്രീയം കളിക്കുന്ന ഏർപ്പാട് മുസ്ലിം ലീഗ് നിർത്തണമെന്ന് ഒ എം തരുവണ

 
OM Tharuvana Criticizes Muslim League's Religious Politics
OM Tharuvana Criticizes Muslim League's Religious Politics

Photo Credit: Screenshot and photo from a Facebook post by OM Tharuvana

● തങ്ങന്മാരുടെ താങ്ങ് മതത്തിൻ്റെ താങ്ങ്.
● സെമി മത-രാഷ്ട്രീയ നയം ഭീമാബദ്ധം.
● സമുദായത്തിൻ്റെ രാഷ്ട്രീയം മുസ്ലിം ലീഗ് സംരക്ഷിക്കട്ടെ.

കോഴിക്കോട്: (KVARTHA) മുസ്‌ലിം ലീഗ് നേരിടുന്ന പ്രധാന പ്രശ്‌നം മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് എഴുത്തുകാരൻ ഒ എം തരുവണ. സാമുദായിക രാഷ്ട്രീയത്തെക്കാൾ മതരാഷ്ട്രീയത്തിനാണ് ലീഗ് കൂടുതൽ പ്രാധാന്യം നൽകുന്നത്. തങ്ങളും മുസ്ലിയാരും ഖാളിയും ഖുളാത്തും സമസ്തയും സലഫിയും പള്ളിയും മഹല്ലും തുടങ്ങി മതസംജ്ഞകൾ വച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ലീഗിൻ്റെ വിചാരം ഒട്ടും രാഷ്ട്രീയമല്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

മതം കളിച്ചു രാഷ്ട്രീയം നേടാനുള്ള മുസ്ലിം ലീഗിൻ്റെ സെമി മത-രാഷ്ട്രീയ നയം ഭീമാബദ്ധമാണ്. ഒരു തറവാടിൻ്റെ ഒറ്റനൂലിൽ ആടിയുള്ള ട്രിപ്പീസ് കളിയിലും രാഷ്ട്രീയമില്ല. രാഷ്ട്രീയക്കളരിക്കു പുറത്തുള്ള ഈ മെയ്യഭ്യാസം ലീഗിനെ കരകയറാക്കുഴിയിലിറക്കുമെന്നാണു കരുതേണ്ടത്. തങ്ങന്മാരെയും മുസ്ലിയാന്മാരെയും  മുന്നിൽനിറുത്തി രാഷ്ട്രീയം കളിക്കുന്ന ഏർപ്പാട് മുസ്ലിം ലീഗ് നിറുത്തണം. 

ഏതെങ്കിലും തറവാടിനെയോ തങ്ങളെയോ വിഗ്രഹവത്കരിച്ചു നിറുത്തുന്നത് പുതിയ കാലത്ത് പാർട്ടിക്ക് പ്രതിസന്ധികളാണ് സമ്മാനിക്കുക. തങ്ങന്മാരും വ്യക്തികളാണ്. അവർക്കുനേരെയുണ്ടാകുന്ന ആക്ഷേപങ്ങളും വിമർശനങ്ങളം ലീഗിനു പരിക്കേൽപിക്കും. പാണക്കാട് തങ്ങൾക്കെതിരെ ശബ്ദമുയരുമ്പോഴെല്ലാം പാർട്ടി ഞെട്ടുകയും ആകുലപ്പെടുകയുമാണ്. തങ്ങൾക്ക് വല്ലതും പറ്റിയാൽ പാർട്ടിയുടെ ഗതിയെന്താകും എന്ന ആശങ്കയാണു പ്രശ്നം. സാമുദായിക രാഷ്ട്രീയം മുന്നിൽ നിറുത്തിയാൽ ഈ ആശങ്കയൊഴിവാക്കാമെന്നും ഒ എം തരുവണ പറഞ്ഞു.

കേരളത്തിലെ മുസ്‌ലിം ലീഗിന്റെ രൂപീകരണം മതകീയ ചുവയോടെയായിരുന്നെന്നും, സലഫിസത്തിന്റെ സ്വാധീനം ലീഗിന്റെ പ്രവർത്തനങ്ങളിൽ പ്രകടമായിരുന്നെന്നും തരുവണ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പിന്നീട് ബാഫഖി തങ്ങൾ പോലുള്ള നേതാക്കളുടെ നേതൃത്വത്തിൽ ലീഗ് ജനകീയ അംഗീകാരം നേടി. എന്നിരുന്നാലും, മതത്തിൻ്റെ താങ്ങ് പാർട്ടി ഉപേക്ഷിച്ചില്ലെന്നും തരുവണ വിമർശിക്കുന്നു.

സമുദായത്തിൻ്റെ രാഷ്ട്രീയം മുസ്ലിം ലീഗ് സംരക്ഷിക്കട്ടെ, പള്ളിയും മദ്റസയും മഹല്ലും മതത്തിൻ്റെ ആളുകൾ നോക്കട്ടെയെന്നും തരുവണ കുറിച്ചു. മതം വച്ചുള്ള കളികൾ മുസ്‌ലിം ലീഗിന് നഷ്ടക്കച്ചവടമാണെന്നും, '89ലെ കളിയിൽ പാർട്ടിയുടെ വോട്ടുബാങ്കിൻ്റെ വലിയൊരൂ പങ്കാണ് കൈവിട്ടുപോയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദായത്തെ രാഷ്ട്രീയമായി ഒന്നിപ്പിക്കുക എന്ന പ്രാഥമിക കർത്തവ്യം നിറവേറ്റുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

#മുസ്ലിംലീഗ്_നടത്തുന്നത്
#നഷ്ടക്കച്ചവടം.

മതരാഷ്ട്രീയം അപകടകാരിയാണ്. അതുപോലെയല്ല സാമുദായിക രാഷ്ട്രീയം, സാമുദായിക രാഷ്ട്രീയത്തിന് രാജ്യത്ത്  ഭരണഘടനാപരമായ പരിരക്ഷയുണ്ട്. മികച്ച സാധ്യതകളുമുണ്ട്. മുസ്ലിം സമുദായത്തിൻ്റെ രാഷ്ട്രീയ അസ്തിത്വത്തിനുവേണ്ടി നിലവിൽവന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയിൽ  രാഷ്ട്രീയമായി തന്നെ മാന്യമായ ഒരിടമുണ്ട്. ഈ ഇടം ഉറപ്പിക്കാൻ സാമുദായിക രാഷ്ട്രീയം എന്ന ആശയം ധാരാളമാണ്. പകരം മതംകളിച്ചു രാഷ്ട്രീയം നേടാനുള്ള മുസ്ലിംലീഗിൻ്റെ സെമി മത-രാഷ്ട്രീയ നയം അബദ്ധമാണ്, വെറും അബദ്ധമല്ല; ഭീമാബദ്ധം. തങ്ങളും മുസ്ലിയാരും ഖാളിയും ഖുളാത്തും സമസ്തയും സലഫിയും പള്ളിയും മഹല്ലും തുടങ്ങി മതസംജ്ഞകൾ വച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ലീഗിൻ്റെ വിചാരം ഒട്ടും രാഷ്ട്രീയമല്ല, പക്വവുമല്ല. ഒരു തറവാടിൻ്റെ ഒറ്റനൂലിൽ ആടിയുള്ള ട്രിപ്പീസ് കളിയിലും രാഷ്ട്രീയമില്ല. രാഷ്ട്രീയക്കളരിക്കു പുറത്തുള്ള ഈ മെയ്യഭ്യാസം ലീഗിനെ കരകയറാക്കുഴിയിലിറക്കുമെന്നാണു കരുതേണ്ടത്.

ദേശീയ തലത്തിൽ 1906ൽ സർവ്വേന്ത്യാ ലീഗും സ്വാതന്ത്ര്യാനന്തരം 1948ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും രൂപംകൊള്ളുന്നത് ലക്ഷണമൊത്ത രാഷ്ട്രീയപ്പാർട്ടിയായിട്ടാണ്. ഖാദിയാനികൾ മുതൽ അഹ് ലെ ഹദീസും ശിഈകളും സുന്നികളും ബോറകളും ഉൾപ്പെടെ സകല അവാന്തരവിഭാഗങ്ങളും  നേതൃതലത്തിൽ ഉണ്ടായിരുന്നിട്ടും പാർട്ടിക്കു മതപരമായ മുഖം വരാതിരിക്കാൻ ദേശീയ നേതാക്കൾ ശ്രദ്ധിച്ചു. എന്നാൽ 1936ൽ കേരളത്തിൽ മുസ്ലിം ലീഗ് നിലവിൽ വരുന്നത് മതകീയചുവയോടെയാണ്.  ഈജിപ്ഷ്യൻ സലഫിസം പ്രചരിപ്പിക്കാൻ വേണ്ടി 1922ൽ നിലവിൽവന്ന കേരള മുസ്ലിം ഐക്യസംഘം പത്തുവർഷം കൊണ്ട് സ്വാഭാവിക കാലഗതിയടഞ്ഞു. ഐക്യ സംഘത്തിൻ്റെ നാശാവശിഷ്ടങ്ങൾ തലശ്ശേരിയിലെ ഒരു ഉൽപതിഷ്ണു ക്ലബിൽ ഇടിച്ചുകയറി ലയിച്ചുവെന്നാണു ചരിത്രം. ഈ അവിയൽസംഘം യോഗം ചേർന്നാണ് 1936ൽ മലബാർ മുസ്ലിം ലീഗ് രൂപീകരിക്കുന്നത്. തലശ്ശേരിയിൽ രൂപീകരിച്ച ആദ്യത്തെ മുസ്ലിം ലീഗ് കമ്മറ്റിയും തുടർന്നു  തിരൂരങ്ങാടിയിലും കോഴിക്കോട്ടും നിലവിൽവന്ന പ്രാദേശിക കമ്മറ്റികളിലും ഐക്യസംഘത്തിലെ മൗലവി  ചേരുവകൾ ചേരുംപടി ചേർക്കപ്പെട്ടിരുന്നു. തലശ്ശേരിയിലെയും കോഴിക്കോട്ടെയും ചില വക്കീലന്മാരും പ്രമാണിമാരുമായിരുന്നു ശേഷിക്കുന്ന നേതാക്കൾ. സമുദായത്തിൻ്റെ മുഖ്യധാരയിൽ നിന്നു ഒരു നേതാവു പോലും ഈ കമ്മറ്റികളിൽ ഉണ്ടായിരുന്നില്ല. ഒരു പതിറ്റാണ്ടുകാലം മുഖാമുഖം നിന്നു പോരടിച്ച സലഫിസ്റ്റ് മൗലവിമാരുടെ മേൽകൈയിൽ രൂപംകൊണ്ട മലബാർ ലീഗിനോട് നാട്ടിലെ ആലിമീങ്ങൾക്കും സാധാരണക്കാരായ സുന്നികൾക്കും എതിർപ്പുണ്ടായത് സ്വാഭാവികം. ഈ പിറവി ദോഷമാണു കേരളത്തിലെ മുസ്ലിംലീഗിനെ പാതി മതവും പാതി രാഷ്ട്രീയവുമായി അർധനാരീശ്വരനാക്കിയത്.

 1937ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നപ്പോഴാണ്, വക്കീലന്മാരും സലഫി പ്രമാണിമാരും ചേർന്ന ആദ്യകാല ലീഗിന് പ്രമാണിത്തവും സലഫിസവും കൊണ്ട് രാഷ്ട്രീയം വേവിച്ചെടുക്കാനാവില്ലെന്ന് ബോധ്യമായത്. കുറുമ്പ്രനാട് - കോഴിക്കോട് (റൂറൽ) മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ബി. പോക്കർ സാഹിബ് മത്സരിച്ചു. എതിർ സ്ഥാനാർത്ഥി ബാഫഖി തങ്ങളുടെ സഹോദരി ഭർത്താവ് ഖാൻ ബഹദൂർ ആറ്റക്കോയ തങ്ങളായിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭനായ നിയമജ്ഞൻ, ഭരണഘടനാ വിദഗ്ധൻ, വാഗ്മി, ജനങ്ങൾക്കിടയിൽ സുപരിചിതൻ... പോക്കർ സാഹിബിനെക്കാൾ മികച്ച ഒരു സ്ഥാനാർത്ഥിയെ മുസ്ലിംലീഗിന് അന്ന് കിട്ടാനില്ലായിരുന്നു. കോൺഗ്രസ് പിന്തുണയും പോക്കർ സാഹിബിനായിരുന്നു. എതിർ സ്ഥാനാർത്ഥിക്കാവട്ടെ പ്രമാണിത്തവും ഖാൻ ബഹദൂർ പട്ടവുമല്ലാതെ  രാഷ്ട്രീയ പിന്തുണയോ ജനസമ്മിതിയോ ഒട്ടും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ  താത്പര്യങ്ങളൊന്നുമില്ലാതിരുന്ന ബാഫഖി തങ്ങൾ ബന്ധുത്വത്തിൻ്റെ പേരിൽ ആറ്റക്കോയ തങ്ങളുടെ ഇലക്ഷൻ ചുമതല ഏറ്റെടുത്തു. തങ്ങളുടെ മിടുക്കിൻ്റെ ബലത്തിൽ ആറ്റക്കോയതങ്ങൾ ജയിച്ചു, പ്രഗത്ഭനായ പോക്കർ സാഹിബ് തോറ്റു. ഇതോടെ ലീഗ് നേതൃത്വത്തിന് ഒരു കാര്യം ബോധ്യമായി, കെ എം മൗലവി, അബ്ദുസ്സലാം മൗലവി, ഗഫൂർ മൗലവി, സീതി സാഹിബ്, സത്താർ സേട്ട് തുടങ്ങിയ സലഫി വക്കീൽ -മൗലവി സംഘത്തെ കൊണ്ട് പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യം നേടാനാവില്ല; അതിന് സുന്നി മുഖ്യധാരയെ സ്വാധീനിക്കാൻ കഴിയുന്ന സാദാത്തുക്കളോ പണ്ഡിതന്മാരോ മുന്നിൽ നിൽക്കണം. അങ്ങനെയാണ് ബാഫഖി തങ്ങളെ പാർട്ടി തലപ്പത്തേക്കു കൊണ്ടുവരുന്നത്.  മലപ്പുറം ജില്ലയിലെ മാപ്പിളമാരെ പാർട്ടിക്കൊപ്പം നിറുത്താൻ ബാഫഖി തങ്ങൾ കണ്ടെത്തിയ സൂത്രമാണ് പാണക്കാട് തങ്ങൾ. 

ബാഫഖി തങ്ങളും പൂക്കോയ തങ്ങളും പാർട്ടിയെ നയിച്ചപ്പോൾ ഇടത്തും വലത്തും ഞങ്ങളുണ്ടായിരുന്നുവെന്ന സലഫി നേതാക്കളുടെ അവകാശവാദം സത്യമാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും പാർട്ടി നേരിട്ട വെല്ലുവിളികളെ ചെറുത്തത് തങ്ങളാണെന്ന സലഫി നേതാക്കളുടെ വാദവും നേരാണ്. മലബാറിൽ ലീഗ് കെട്ടിപ്പടുത്തത് അക്കാലത്തെ സലഫി നേതാക്കളാണ്.  ഒടുവിൽ മൗലവിമാർക്കുപകരം തങ്ങന്മാർ വന്നു, പിന്നാലെ മുസ്ലിയാന്മാർ വന്നു, സുന്നി മുഖ്യധാരയിൽ നിന്നുള്ള സാധാരണക്കാർ വലിയതോതിൽ അണിനിരന്നു. അങ്ങനെ വക്കീലന്മാരുടെയും മൗലവിമാരുടെയും പാർട്ടി എന്ന മോശം ഇമേജ് മാറിക്കിട്ടുകയും മുസ്ലിം ലീഗിന് ജനകീയ മുഖം കൈവരികയും ചെയ്തു.

തങ്ങന്മാരുടെ താങ്ങ് മതത്തിൻ്റെ താങ്ങാണ്. മുസ്ലിംലീഗിന് നിവർന്നുനിൽക്കാൻ മുപ്പതുകളിൽ ഇങ്ങനെയൊരു തങ്ങൾത്താങ്ങ് ആവശ്യമായിരുന്നു. രാഷ്ട്രീയം കൊണ്ട് സ്വയം പര്യപ്തത നേടിയ ശേഷം മതത്തിത്തിൻ്റെ താങ്ങ് പാർട്ടി ഉപേക്ഷിക്കണ്ടേതായിരുന്നു. അതുണ്ടായല്ല. തങ്ങളും മുസ്ലിയാരും ഫാതിഹയും സമസ്തയും സലഫിസവുമൊന്നുമില്ലാതെ ശുദ്ധ രാഷ്ട്രീയത്തിൻ്റെ നട്ടെല്ലിൽ നിവർന്നുനിൽക്കാൻ ലീഗ് ശ്രമിച്ചുമില്ല. കോൺക്രീറ്റ് സെറ്റാക്കുന്നതുവരെയാണു മുട്ടും താങ്ങും, വാർക്കപ്പണി കഴിഞ്ഞു മുക്കാൽ നൂറ്റാണ്ടായിട്ടും ലീഗ് പഴയ മുട്ടിലും താങ്ങിലും നിൽക്കുകയാണ്. ഇതാണ് മുസ്ലിംലീഗ് ഇന്നനുഭവിക്കുന്ന സ്വത്വപ്രശ്നം. ലീഗ് -ഇകെ സമസ്ത പ്രശ്നം പരിഹരിക്കാൻ ചർച്ച നടക്കാൻ പോകുന്നത്രെ, നല്ലത്.  ഒന്നും പരിഹരിക്കാൻ പോകുന്നില്ല. ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകും, തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും. പ്രശ്നങ്ങളുടെ അന്തർധാരയായി സലഫി നൂലാമാല വേറെ കിടക്കുന്നുണ്ട്.

സലാമിൻ്റെ നാക്ക് ചൊറിഞ്ഞു കൊണ്ടേയിരിക്കും, സലഫിസം വരട്ടു ചൊറിയാണ്. മുസ്ലിം ലീഗിൻ്റെ ജനറൽ സെക്രട്ടറി സ്ഥാനമല്ല; ഇന്ത്യൻ പ്രധാനമന്ത്രി പദം കിട്ടിയാലും സലാമിൻ്റെ ചൊറിച്ചിലിനു ശമനമുണ്ടാവുകയില്ല, അശ്വഗന്ധാദിയെക്കുറിച്ചു നാലു വാക്കു സംസാരിക്കാൻ സലാമിനെ ക്ഷണിച്ചു എന്നിരിക്കണട്ടെ; മേമ്പൊടിയായി ഒരു നുള്ള് സലഫിസം അറിയാതെ അയാൾ പറഞ്ഞുപോകും. ഇ.കെ. ന്നുന്നികളുടെ പരാതി തീരുകയുമില്ല. മത - രാഷ്ടീയ ഏച്ചു കെട്ടുകൾ അറുത്തു മാറ്റാതെ പാർട്ടിക്ക് സ്വസ്ഥത ഉണ്ടാകാൻ പോകുന്നില്ല.  

പ്രശ്നം അടിസ്ഥാനപരമാണ്. ഒന്ന് രാഷ്ടീയം, മറ്റേത് മതം. രണ്ടും രണ്ടാശയമാണ്, രണ്ടു വഴിയാണ്.  ഇവ തമ്മിലുള്ള ബാന്ധവം അവിശുദ്ധമാണ്. ഒന്നിക്കാൻ 'സമുദായം' എന്ന ഒറ്റ കാരണമാണുള്ളത്. അതിങ്ങനെ കെട്ടിപ്പിണഞ്ഞു കുഴഞ്ഞുമറിഞ്ഞു കിടന്നിട്ടു തന്നെ വേണമെന്നില്ല. ഒരു ബിഷപ്പിൻ്റെയും അരമനയുടെയും പ്രത്യക്ഷ താങ്ങില്ലാതെയല്ലേ കേരള കോൺഗ്രസ് ഒരു സമുദായത്തിൻ്റെ താത്പര്യങ്ങൾ നേടിയെടുക്കുന്നത്. കേരളത്തിലെ മുസ്ലിം മതസംഘടനകൾക്കെല്ലാം സ്വതന്ത്രമായി നിന്നുകൊണ്ടുതന്നെ സമുദായത്തിൻ്റെ രാഷ്ട്രീയ താത്പര്യങ്ങളെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗിനെ സഹായിക്കാം. ലീഗ് -ഇ.കെ സമസ്ത: ബാന്ധവ ചർച്ചയല്ല; ഒന്നിച്ചിരുന്ന് സ്വന്തം വഴികളിലേക്ക് കൈ കൊടുത്തു പിരിഞ്ഞു പോവുകാനുള്ള ചർച്ചയാണു വേണ്ടത്.

മുസ്ലിം ലീഗും സമസ്തയും അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഭായി ഭായി ആയിരുന്നുവെന്ന ഭാഷ്യം 1989ലെ പ്രശ്നങ്ങൾക്കു ശേഷം രൂപപ്പെടുത്തിയ സൂത്രവാക്യമാണ്. ലീഗും സമസ്തയും തമ്മിൽ ചരിത്രത്തിൽ ഒരിക്കലും ഒന്നായിട്ടില്ല; പലപ്പോഴും ഏറ്റുമുട്ടിയിട്ടുമുണ്ട്. ബാഫഖി തങ്ങൾ - പൂക്കോയ തങ്ങൾ പാലം വഴി അങ്ങുമിങ്ങും സഞ്ചരിച്ചിരുന്നുവെന്നത് നേര്. മതം മതമായും രാഷ്ട്രീയം രാഷ്ട്രീമായും സ്വതന്ത്ര അസ്തിത്വത്തോടെ നിലനിൽക്കാനുള്ള ചർച്ചകളാണു നടക്കേണ്ടത്. പള്ളിയും മദ്റസയും മഹല്ലും ഖാളിസ്ഥാനവും മതത്തിൻ്റെ ആളുകൾ നോക്കട്ടെ, സമുദായത്തിൻ്റെ രാഷ്ട്രീയം മുസ്ലിം ലീഗ് സംരക്ഷിക്കട്ടെ.

തങ്ങന്മാരെയും മുസ്ലിയാന്മാരെയും  മുന്നിൽനിറുത്തി രാഷ്ട്രീയം കളിക്കുന്ന ഏർപ്പാട് മുസ്ലിം ലീഗ് നിറുത്തണം. ഏതെങ്കിലും തറവാടിനെയോ തങ്ങളെയോ വിഗ്രഹവത്കരിച്ചു നിറുത്തുന്നത് പുതിയ കാലത്ത് പാർട്ടിക്ക് പ്രതിസന്ധികളാണ് സമ്മാനിക്കുക. തങ്ങന്മാരും വ്യക്തികളാണ്. അവർക്കുനേരെയുണ്ടാകുന്ന ആക്ഷേപങ്ങളും വിമർശനങ്ങളം ലീഗിനു പരിക്കേൽപിക്കും. പാണക്കാട് തങ്ങൾക്കെതിരെ ശബ്ദമുയരുമ്പോഴെല്ലാം പാർട്ടി ഞെട്ടുകയും ആകുലപ്പെടുകയുമാണ്. തങ്ങൾക്ക് വല്ലതും പറ്റിയാൽ പാർട്ടിയുടെ ഗതിയെന്താകും എന്ന ആശങ്കയാണു പ്രശ്നം. സാമുദായിക രാഷ്ട്രീയം മുന്നിൽ നിറുത്തിയാൽ ഈ ആശങ്കയൊഴിവാക്കാം. പാണക്കാട് സാദാത്തുക്കൾ സമാദരണീയരാണ്. ഈ സാധ്യത പാർട്ടി ഉപയോഗപ്പെടുത്തുന്നതു തെറ്റല്ല. പക്ഷേ, പാണക്കാട്ടു തങ്ങളും രാഷ്ട്രീയത്തിൽ മാത്രം ചുവടുറപ്പിച്ചു നിൽക്കണം; നാടാകെ ഖാളിസ്ഥാനം ഓടിച്ചിട്ടു പിടിച്ചിട്ടാകരുത്.

മതം വച്ചുള്ള കളികൾ മുസ്ലിം ലീഗിന് നഷ്ടക്കച്ചവടമാണ്. '89ലെ കളിയിൽ പാർട്ടിയുടെ വോട്ടുബാങ്കിൻ്റെ വലിയൊരൂ പങ്കാണ് കൈവിട്ടുപോയത്. '89നു ശേഷം  നാലു രാഷ്ട്രീയപ്പാർട്ടികളാണു സമുദായത്തിനകത്ത് പൊട്ടിമുളച്ചത്. സമുദായത്തെ രാഷ്ട്രീയമായി ഒന്നിപ്പിക്കുക എന്ന പ്രാഥമിക കർത്തവ്യം നിറവേറ്റുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നർത്ഥം. ചെറുതും വലുതുമായി പല വിഭാഗങ്ങളും പിണങ്ങിപ്പിരിഞ്ഞത് പാർട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറത്തു പോലും പ്രതിഫലിച്ചു. ഇപ്പോൾ ഇകെ വിഭാഗം സമസ്തയുമായി നടത്തുന്ന മൽപ്പിടുത്തവും ആത്യന്തികമായി പാർട്ടിക്ക് നഷ്ടമേ വരുത്തൂ. കാരണം, പാർട്ടിയുടെ അറ്റ്ലാൻ്റിക്കും പസഫിക്കുമൊക്കെ മുസ്ലിം സമുദായം എന്ന 'O'വട്ടത്ത് തീരുന്നതാണ്. മുന്നണി ബന്ധം കൊണ്ടു കിട്ടുന്നത് സ്ഥായിയല്ല. കലർപ്പില്ലാത്ത രാഷ്ട്രീയപ്പാർട്ടിയായി മുസ്ലിം ലീഗിനെ കാണാനാണിഷ്ടം.

#KeralaPolitics #MuslimLeague #OMTharakan #religiouspolitics #India #Islam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia