Oath | 'ജയ് ഭീം, ജയ് മീം, ജയ് ഫലസ്തീൻ', പാർലമെൻ്റിൽ ഉവൈസിയുടെ സത്യപ്രതിജ്ഞ; എതിർപ്പിനെ തുടർന്ന് സഭാരേഖയിൽ നിന്ന് നീക്കി
എന്തിനാണ് ഫലസ്തീനെ പരാമർശിച്ചതെന്ന ചോദ്യത്തിന് അവർ അടിച്ചമർത്തപ്പെട്ടവരാണ് എന്നായിരുന്നു മറുപടി
ന്യൂഡൽഹി: (KVARTHA) എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൻ്റെ രണ്ടാം ദിവസം സത്യപ്രതിജ്ഞയ്ക്കിടെ 'ജയ് ഫലസ്തീൻ' മുദ്രാവാക്യം ഉയർത്തി. ഇതിനെ ഭരണപക്ഷം ശക്തമായി എതിർത്തു. ഇതുമാത്രമല്ല വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവും ഉയർന്നു. ഇതിന് പിന്നാലെ ഉവൈസിയുടെ ഈ വാക്യങ്ങൾ സ്പീക്കർ സഭാരേഖയിൽ നിന്ന് നീക്കി.
ഹൈദരാബാദിൽ നിന്ന് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഉവൈസി ഉറുദുവിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അദ്ദേഹം ഒരു പ്രാർത്ഥനയും ചൊല്ലി. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം 'ജയ് ഭീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, ജയ് മീം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി. ഇതിന് പിന്നാലെയാണ് ബഹളം തുടങ്ങിയത്.
Sworn in as member of Lok Sabha for the fifth time. Inshallah I will continue to raise issues of India’s marginalised with sinceritypic.twitter.com/OloVk6D65B
— Asaduddin Owaisi (@asadowaisi) June 25, 2024
ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി ജെ കിഷന്‍ റെഡ്ഡി പറഞ്ഞു. ബിജെപി എംപി ശോഭ കരന്ദ്‌ലാജെ സ്പീക്കർക്കും അമിത് ഷായ്ക്കും കത്തയച്ചു.
സത്യപ്രതിജ്ഞയല്ലാതെ മറ്റൊന്നും രേഖപ്പെടുത്തില്ലെന്ന് ചെയറിലുണ്ടായിരുന്ന രാധാമോഹൻ സിംഗ് അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഏതാനും മിനിറ്റുകൾ ബഹളം തുടർന്നു, അതിനുശേഷം സത്യപ്രതിജ്ഞ നപടികൾ പുനരാരംഭിച്ചു.
അതേസമയം, 'ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ' എന്ന് ഞാൻ പറഞ്ഞത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് പിന്നീട് മാധ്യമ പ്രവർത്തരോട് അസദുദ്ദീൻ ഉവൈസി ചോദിച്ചു. തന്റെ വാക്കുകള്‍ ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് ഫലസ്തീനെ പരാമർശിച്ചതെന്ന ചോദ്യത്തിന് അവർ അടിച്ചമർത്തപ്പെട്ടവരാണ് എന്നായിരുന്നു മറുപടി.