Campaign | പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ ആവേശം വാനോളം; പാലക്കാട് കലാശക്കൊട്ടിൽ മുന്നണികള്‍
● കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടം.
● 5.30ഓടെ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരും.
● ത്രികോണപ്പോരില്‍ 20ന് ജനം വിധിയെഴുതും.
● രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് നീല ട്രോളി ബാഗുമായി.
പാലക്കാട്: (KVARTHA) ഒരു മാസത്തിലേറെ നീണ്ട ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാലക്കാട് ആവേശം വാനോളം. പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുകയാണ് മുന്നണികള്‍.
തികഞ്ഞ ആവേശത്തില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ കലാശക്കൊട്ടിനായി നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. പാലക്കാട് വീഥികളില്‍ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുകയാണ്. 5.30ഓടെ മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരും. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചത്.
യുഡിഎഫിന്റെ കലാശക്കൊട്ട് ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് ജംക്ഷനില്‍ നിന്ന് ആരംഭിച്ച് പേഴുംകര, മേഴ്‌സി കോളജ്, തിരുനെല്ലായി, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ഐഎംഎ ജംക്ഷന്‍ വഴി 5.30 ഓടെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നീല ട്രോളി ബാഗുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കലാശക്കൊട്ടിനെത്തിയത്. സന്ദീപ് വാര്യരും രമേശ് പിഷാരടിയും റോഡ്‌ഷോയില്‍ രാഹുലിനൊപ്പം പങ്കെടുക്കുന്നുണ്ട്.
എല്‍ഡിഎഫിന്റെ കലാശക്കൊട്ട് വൈകിട്ട് 4ന് ഗവ.വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫിസ്, താരേക്കാട്, സുല്‍ത്താന്‍പേട്ട ജംക്ഷന്‍ വഴി 5.30 ഓടെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. സ്ഥാനാര്‍ത്ഥി പി സരിനൊപ്പം എംബി രാജേഷും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
എന്‍ഡിഎയുടെ കലാശക്കൊട്ട് ഉച്ചയ്ക്ക് 2.30ന് മേലാമുറിയില്‍ നിന്ന് ആരംഭിച്ച് ചുണ്ണാമ്പുത്തറ, ജൈനിമേട്, കല്‍പാത്തി, പുത്തൂര്‍, വലിയപാടം, മണലി ബൈപാസ് വഴി 5.30 ഓടെ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനൊപ്പം ശോഭ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരം റോഡ്‌ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
റോഡ് ഷോയ്ക്ക് പിന്നാലെയായിരിക്കും പാലക്കാട് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം നടക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ത്രികോണപ്പോരില്‍ 20ന് ജനം വിധിയെഴുതും.
#PalakkadElection #KeralaElections #UDF #LDF #NDA #campaign