Legal Action | പെരിയ ഇരട്ടക്കൊല വിധി: പൂർണ തൃപ്തിയില്ലെങ്കിലും സിപിഎമ്മിന് ശക്തമായ താക്കീത്: പ്രതികള്‍ക്കായി ചെലവാക്കിയ തുക തിരിച്ചടപ്പിക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്നും കെ. സുധാകരൻ എംപി
● സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
● ഇരകളുടെ കുടുംബത്തിന്റെ ഹൃദയവേദനയെക്കാള്‍ പ്രതികളുടെ സംരക്ഷണത്തിനാണ് സിപിഎം പ്രാധാന്യവും പിണറായി സർക്കാർ മുൻഗണനയും നൽകിയത് എന്നും സുധാകരൻ ആരോപിച്ചു.
കണ്ണൂർ: (KVARTHA) പെരിയ ഇരട്ടക്കൊല കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച സിബിഐ കോടതി വിധിയിൽ പൂർണ്ണ തൃപ്തിയില്ലെങ്കിലും സിപിഎമ്മിന് ശക്തമായ താക്കീതാണിതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പ്രതികരിച്ചു.
ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികൾക്ക് പരമാവധി ശിക്ഷയാണെങ്കിലും, കൃപേഷിനെയും ശരത് ലാലിനെയും അരിഞ്ഞുതള്ളിയതിലെ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞു എന്നും സുധാകരൻ പറഞ്ഞു. കേസിലെ 24 പ്രതികളിൽ കുറ്റവിമുക്തരാക്കപ്പെട്ടവർ ഉൾപ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർക്കും ഈ കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കുന്നത് വരെ നിയമപോരാട്ടം കോൺഗ്രസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിഐ പ്രത്യേക കോടതി വിധി മേൽക്കോടതിയിലേക്കുള്ള നിയമ പോരാട്ടത്തിന് കരുത്ത് പകരുന്നതാണെന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങൾക്കൊപ്പം കോൺഗ്രസ് പ്രസ്ഥാനം ഉണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് സുധാകരൻ കുറ്റപ്പെടുത്തി. അക്രമത്തിന്റെ പാതയിൽ നിരവധി കുടുംബങ്ങളെ തോരാ കണ്ണീരിലേക്ക് തള്ളിവിട്ട കൊലയാളി പ്രസ്ഥാനമാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു. ഇരകളുടെ കുടുംബത്തിന്റെ ഹൃദയവേദനയെക്കാള്‍ പ്രതികളുടെ സംരക്ഷണത്തിനാണ് സിപിഎം പ്രാധാന്യവും പിണറായി സർക്കാർ മുൻഗണനയും നൽകിയത് എന്നും സുധാകരൻ ആരോപിച്ചു.
പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരായി കോടതി വിധിച്ച പ്രതികളെ നിരപരാധികളായി ചിത്രീകരിക്കുന്ന സിപിഎം നടപടി കേരള മനസാക്ഷിക്കെതിരാണെന്നും സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ സിബിഐ കോടതിവിധി അന്തിമമല്ലെന്ന് പറഞ്ഞ് പ്രതികള്‍ക്കായി വീണ്ടും സംരക്ഷണവുമായി ഇറങ്ങാനുള്ള സിപിഎം നിലപാട് തെറ്റുതിരുത്താന്‍ അവർ തയ്യാറല്ലെന്നുള്ള പ്രഖ്യാപനമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
പ്രതികള്‍ക്കായി കോടികളാണ് സർക്കാർ ചെലവാക്കിയത്. ആ തുക തിരിച്ചടപ്പിക്കാനുള്ള നിയമനടപടിയും കോൺഗ്രസ് സ്വീകരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
#PeriyaDoubleMurder #KSudhakaran #CPI #CongressNews #KeralaPolitics #LegalAction