Criticism | 'പാണക്കാട് തങ്ങന്മാർ ഒരു പൂരവും കലക്കിയിട്ടില്ല', സന്ദീപ് വാര്യരുടെ സന്ദർശനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പി കെ അബ്ദുർ റബ്ബ്
● പി കെ അബ്ദുർ റബ്ബ് പിണറായിയെ രൂക്ഷമായി വിമർശിച്ചു
● 'ബിജെപിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്'
● 'കെ സുരേന്ദ്രൻ പോലും പിണറായിയിൽ നിന്നും സെയ്ഫ്'
മലപ്പുറം: (KVARTHA) ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി കെ അബ്ദുർ റബ്ബ്. കേരളത്തിൽ ബിജെപിക്ക് വസന്തകാലം തന്നെ തീർത്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും, പിണറായി ഭരണത്തിൽ സിപിഎമ്മുകാരെക്കാൾ സന്തോഷം ബിജെപി ക്കാർക്കാണെന്നും, ബിജെപി ക്കാരുടെ സന്തോഷമാണ് പിണറായിയുടെ സന്തോഷമെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിൽ വിമർശിച്ചു.
പാണക്കാട് തങ്ങന്മാർ ഒരു പൂരവും കലക്കിയിട്ടില്ല, സ്വന്തം മകളെ രക്ഷിക്കാൻ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യവും ചെയ്‌തിട്ടില്ല, പാർട്ടി വിട്ടവരെ കുലംകുത്തി എന്ന് വിളിച്ചിട്ടില്ല, 51 വെട്ടാൻ ആഹ്വാനം ചെയ്തിട്ടില്ല, പുണ്യ പ്രവാചകന്റെ മുടിയെ ബോഡി വെയ്സ്റ്റ് എന്ന് പറഞ്ഞിട്ടില്ല, കൃസ്തീയ മതമേലധ്യക്ഷനെ നികൃഷ്ടജീവി എന്നു വിളിച്ചിട്ടില്ല, ഒരു മാധ്യമ സ്ഥാപനത്തിലെയും പത്രാധിപരെ എടോ പോടോ എന്നു വിളിച്ചിട്ടില്ല, ഒരു എംപിയെയും പരനാറി എന്നും വിളിച്ചിട്ടില്ല, നിക്ഷിപ്ത താൽപ്പര്യങ്ങൾക്കു വേണ്ടി ഒരു ജില്ലയെയും അപമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
പാണക്കാട് തങ്ങളെ ഉന്നം വച്ചുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കെ സുരേന്ദ്രൻ പോലും പിണറായിയിൽ നിന്നും സെയ്ഫാണെന്നും, കുഴൽപ്പണക്കേസിൽ കുറ്റക്കാരായവരും നാടു മുഴുക്കെ വർഗീയത പ്രസരിപ്പിക്കുന്നവരുമായ എല്ലാ ആർഎസ്എസ്, ബിജെപി നേതാക്കളും ഇവിടെ സുരക്ഷിതരാണെന്നും അബ്ദുർ റബ്ബ് കുറ്റപ്പെടുത്തുന്നു.
നേരത്തെ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മാധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളിലെ അമർഷം മറികടക്കാൻ സന്ദീപ് പാണക്കാട് പോകുകയാണെന്നും സന്ദീപിന്റെ ഇന്നലെ വരെയുള്ള കാര്യങ്ങൾ ലീഗ് അണികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിയാമെന്നും സന്ദീപിനെ മഹാത്മാവാക്കുന്നത് ജാള്യത മറയ്ക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സന്ദീപിന്റെ പാണക്കാട് സന്ദർശനത്തെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ 1991 ലെ ഒറ്റപ്പാലം തെരഞ്ഞെടുപ്പ് തന്റെ മനസ്സിൽ തെളിഞ്ഞുവെന്നും മുഖ്യമന്ത്രി വിമർശിക്കുകയുണ്ടായി. അന്ന് കോൺഗ്രസ്, ലീഗ്, ബിജെപി എന്നീ പാർട്ടികൾ ചേർന്ന് 'കോലീബി' സഖ്യം രൂപീകരിച്ച് മത്സരിച്ചുവെന്ന ആക്ഷേപമാണ് മുഖ്യമന്ത്രി ഉയർത്തിയത്.
അബ്ദുർ റബ്ബിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
പാണക്കാട് തങ്ങൻമാർ
ഒരു പൂരവും കലക്കിയിട്ടില്ല,
സ്വന്തം മകളെ രക്ഷിക്കാൻ
കേരളത്തിലെ ബി.ജെ.പിക്ക്
അക്കൗണ്ട് തുറക്കാൻ
സൗകര്യം ചെയ്തിട്ടില്ല.
പാർട്ടി വിട്ടവരെ കുലംകുത്തി
എന്നു വിളിച്ചിട്ടില്ല, 51 വെട്ടാൻ
ആഹ്വാനം ചെയ്തിട്ടുമില്ല.
പുണ്യ പ്രവാചകൻ്റെ മുടിയെ
ബോഡി വെയ്സ്റ്റെന്ന് പറഞ്ഞിട്ടില്ല.
കൃസ്തീയ മതമേലധ്യക്ഷനെ
നികൃഷ്ടജീവി എന്നു വിളിച്ചിട്ടില്ല..
ഒരു മാധ്യമ സ്ഥാപനത്തിലെയും
പത്രാധിപരെ എടോ പോടോ
എന്നു വിളിച്ചിട്ടില്ല..
ഒരു MP യെയും പരനാറി എന്നും
വിളിച്ചിട്ടില്ല.
നിക്ഷിപ്ത താൽപ്പര്യങ്ങൾക്കു
വേണ്ടി ഒരു ജില്ലയെയും
അപമാനിച്ചിട്ടില്ല.
നോട്ട് ദ പോയിൻ്റ്:-
പാണക്കാട് തങ്ങൾക്കു നേരെ
ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും
കെ.സുരേന്ദ്രൻ പോലും
പിണറായിയിൽ നിന്നും സെയ്ഫാണ്.
കുഴൽപ്പണക്കേസിൽ
കുറ്റക്കാരായവരും
നാടു മുഴുക്കെ വർഗീയത പ്രസരിപ്പിക്കുന്നവരുമായ എല്ലാ
RSS, BJP നേതാക്കളും ഇവിടെ സുരക്ഷിതരുമാണ്.
സത്യത്തിൽ കേരളത്തിൽ BJP ക്ക് വസന്തകാലം തന്നെ തീർത്ത ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പിണറായി ഭരണത്തിൽ
സി.പി.എമ്മുകാരെക്കാൾ
സന്തോഷം BJP ക്കാർക്കാണ്.
BJP ക്കാരുടെ സന്തോഷമാണ്
പിണറായിയുടെ സന്തോഷം.
#KeralaPolitics #MuslimLeague #BJP #PinarayiVijayan #SandeepWarrier #Controversy