Defense | വിവാദങ്ങളിൽ വിമർശനത്തിൻ്റെ മൂർച്ച കുറച്ച് പി കെ ശ്രീമതി; ആരോപണ വിധേയർ മാറി നിൽക്കണമെന്ന് നിയമത്തിൽ പറയുന്നില്ലെന്ന് വിശദീകരണം
'ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കും'
കണ്ണൂർ: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ അനുബന്ധ വിഷയങ്ങളിൽ നേരത്തെ സ്വീകരിച്ച നിലപാടുകളിൽ നിന്നും മലക്കംമറിഞ്ഞ് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് പി കെ ശ്രീമതി. പാർട്ടി എം.എൽ.എ മുകേഷിനെതിരെ ലൈംഗികാതിക്രമ കേസെടുത്തതിനെ തുടർന്നാണ് പി കെ ശ്രീമതി നിലപാട് മയപ്പെടുത്തിയതെന്നാണ് ആക്ഷേപം. നടിമാർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി കെ ശ്രീമതി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
മുകേഷ് രാജിവെക്കേണ്ടതില്ല. ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി ചോദിച്ചു.
ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെ കാര്യങ്ങള്‍ ചെയ്യുന്നു. ആരോപണം ഗുരുതരമായി കാണണം. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ.ശ്രീമതി ചൂണ്ടിക്കാട്ടി.
#PKSreemathi, #MukeshKumar, #LegalStandards, #PoliticalControversy, #CPM