Arrest | 'പ്രധാനമന്ത്രി നെതന്യാഹുവിനേയും മറ്റ് 2 പേരേയും കൊലപ്പെടുത്താന്‍ ഗൂഢാലോചന': ഇറാന്‍ നിയോഗിച്ച ജൂതനെ അറസ്റ്റ് ചെയ്തതായി ഇസ്രാഈല്‍
● ഷിന്‍ ബെറ്റും ഇസ്രാഈല്‍ പൊലീസും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
● കൃത്യം നിര്‍വഹിക്കാനായി പ്രതിയെ രണ്ടുതവണ ഇറാനിലേക്ക് കടത്തിയതായും ആരോപണം
ജെറുസലേം: (KVARTHA) ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഷിന്‍ ബെറ്റ് തലവന്‍ രോന്‍ ബാര്‍ ഇവരില്‍ ആരെയെങ്കിലും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ഇറാന്‍ നിയോഗിച്ചതെന്ന് കരുതപ്പെടുന്ന ഇസ്രാഈലി ജൂതനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍. 73 കാരനായ മോട്ടി മാമന്‍ എന്ന ബിസിനസുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അറസ്റ്റു ചെയ്തതെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു.
ഷിന്‍ ബെറ്റും ഇസ്രാഈല്‍ പൊലീസും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൃത്യം നിര്‍വഹിക്കാനായി പ്രതിയെ രണ്ടുതവണ ഇറാനിലേക്ക് കടത്തിയതായും, ടെഹ്‌റാനു വേണ്ടി ദൗത്യങ്ങള്‍ നടത്താന്‍ പണം നല്‍കിയതായും ഇവര്‍ ആരോപിച്ചു.
ലെബനനിലെ ഹിസ്ബുല്ലയുമായുള്ള പോരിലാണ് ഇപ്പോള്‍ ഇസ്രാഈല്‍. തെക്കന്‍ നഗരമായ അഷ്‌കെലോണ്‍ സ്വദേശിയായ മോട്ടി മാമന്‍ എന്ന ഈ ബിസിനസുകാരന്‍, തുര്‍ക്കിയിലും ഇറാനിലും ശക്തമായ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നതായി ഷിന്‍ ബെറ്റ് പറഞ്ഞു.
2024 ഏപ്രിലില്‍, തുര്‍ക്കിയിലെ ചില ഇടനിലക്കാരുടെ മധ്യസ്ഥതയില്‍, എഡി എന്ന പേരിലുള്ള ഒരു ഇറാനിയന്‍ വ്യവസായിയെ മാമന്‍ കണ്ടുമുട്ടിയെന്നും ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച ബിസിനസിന്റെ മറവിലുള്ള ഗൂഢാലോചനകളുടെ ഭാഗമായാണെന്നും ഷിന്‍ ബെറ്റ് ആരോപിക്കുന്നു.
വ്യാഴാഴ്ച മോട്ടി മാമനെ ബീര്‍ഷെബയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇതുസംബന്ധിച്ച കാര്യം വെളിപ്പെടുത്തിയത്.
#Netanyahu, #Israel, #AssassinationPlot, #Iran, #MottiMaman, #ShinBet