Crisis | ബംഗ്ലാദേശ് ആഭ്യന്തര കലാപം; പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷായോഗം ചേര്‍ന്നു; പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു, ബിഎസ്എഫ് ജാഗ്രതാ നിര്‍ദേശം
സുരക്ഷായോഗം.
പെട്രാപോളിലെ അതിര്‍ത്തി അടച്ചു.
ഏത് സാഹചര്യവും നേരിടാന്‍ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം.
ഖാലിദ സിയയെ മോചിപ്പിക്കാന്‍ തീരുമാനമായി.
ന്യൂഡല്‍ഹി: (KVARTHA) ആഭ്യന്തര കലാപത്തെത്തുടര്‍ന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന (Sheikh Hasina) ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) വസതിയില്‍ സുരക്ഷ സംബന്ധിച്ച് കാബിനറ്റ് കമ്മിറ്റി (Cabinet Committee) നിര്‍ണായകയോഗം ചേര്‍ന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് (Rajnath Singh), ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah), വിദേശകാര്യമന്ത്രി എസ് ജയ്ഷങ്കര്‍ (S. Jaishankar), ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Sitharaman) എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.
ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ (Ajith Doval) കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭയിലെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി ജയ്ശങ്കറുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.
അതേസമയം, പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടക്കുകയും അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഇന്‍ഡിഗോ ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ 30 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.
ആളുകളെ അതിര്‍ത്തിക്ക് 500 മീറ്റര്‍ അകലെ തടഞ്ഞ് മടക്കി അയക്കുകയാണ്. അതിര്‍ത്തി കടന്ന ഇന്ത്യന്‍ ലോറി ഡ്രൈവര്‍മാരെ സേന തിരിച്ചെത്തിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഇതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാന്‍ തീരുമാനമായി. പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീനാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. വര്‍ഷങ്ങളോളമായി ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവായ ഖാലിദ സിയയെ മോചിപ്പിക്കാന്‍ പ്രഡിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സൈനിക മേധാവി വഖാര്‍ ഉസ് സമാനും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായ മുഴുവന്‍ പേരെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചു. ഹസീന രാജി വെച്ച് രാജ്യം വിട്ടതിനു പിന്നാലെ ബംഗ്ലാദേശ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് വഖാര്‍ ഉസ് സമാന്‍ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കുമെന്നും സൈന്യം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധമാണ് അഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ 100 പേരാണ് കൊല്ലപ്പെട്ടത്. 1000-ത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മരണസംഖ്യ പിന്നീട് 300 കടന്നിരുന്നു. നാല് ലക്ഷത്തോളം പേരാണ് അക്രമാസക്തരായി തെരുവില്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.