Criticism | ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
● വനിതാ നേതാവിനെതിരെ പ്രതിപക്ഷം മോശം ഭാഷ ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തല്‍
● മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യ സീത സോറിനെ അപമാനിച്ചെന്നും വിമര്‍ശനം
● വിഷയം പ്രതിപക്ഷത്തിനെതിരെയുള്ള തിരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപി
ന്യൂഡെല്‍ഹി: (KVARTHA) ശിവസേന വിഭാഗം (യുബിടി) നേതാവ് അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്ന ബിജെപി വനിതാ നേതാവ് ഷൈനയ്‌ക്കെതിരെ അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിനെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നേതാവിനെതിരെ ഇന്ത്യാമുന്നണി മൗനം പാലിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം. വനിതാ നേതാവിനെതിരെ പ്രതിപക്ഷം മോശം ഭാഷ ഉപയോഗിച്ചെന്നും മോദി വിമര്‍ശിച്ചു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വെച്ചായിരുന്നു മോദിയുടെ പ്രതികരണം.
അമ്മമാരും പെണ്‍മക്കളും ഞെട്ടലിലാണെന്ന് പറഞ്ഞ മോദി ജനങ്ങള്‍ അവരെ (പ്രതിപക്ഷം) ഒരു പാഠം പഠിപ്പിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. ജാര്‍ഖണ്ഡിലെ ബിജെപി സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയുമായ സീത സോറിനെ 'അപമാനിച്ച' കോണ്‍ഗ്രസിനെയും മോദി വിമര്‍ശിച്ചു.
കഴിഞ്ഞയാഴ്ച, തിരഞ്ഞെടുപ്പില്‍ ഷൈനയുടെ വിജയസാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴാണ് അരവിന്ദ് സാവന്ത് എംപി വിവാദ പരാമര്‍ശം നടത്തിയത്. ഇറക്കുമതി ചെയ്ത 'മാല്‍' എന്നായിരുന്നു അരവിന്ദ് സാവന്ദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സംഭവത്തില്‍ സാവന്തിനെതിരെ പൊലീസ് കേസെടുത്തു.
എന്നാല്‍ 'ഞാന്‍ ഒരു 'മാല്‍' (സാധനം) അല്ല. മുംബൈയുടെ മകളാണ്, കഴിഞ്ഞ 20 വര്‍ഷമായി സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നു. ഞാന്‍ ഒരു 'മഹിള'യാണ്, അല്ലാതെ 'മാല്‍' അല്ല. 'മഹാവിനാശ അഘാഡി സഖ്യ'ത്തിന് സ്ത്രീകളോടു ബഹുമാനമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ മുംബൈയുടെ പ്രിയപ്പെട്ട മകളാണ്. അദ്ദേഹം എവിടെ നിന്നുള്ളയാളാണ്? നഗരത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രവര്‍ത്തിക്കുന്നു. സാവന്തിന്റെയോ ശിവസേനയുടെയോ (യുബിടി) സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല' എന്നായിരുന്നു വിഷയത്തില്‍ ഷൈനയുടെ പ്രതികരണം.
സംഭവം ബിജെപി കേന്ദ്രങ്ങള്‍ വന്‍തോതില്‍ രാഷ്ട്രീയ ആയുധമാക്കി കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടേയും വിമര്‍ശനം.
#PMModi #INDIAAlliance #ArvindSawant #WomenRights #ShivSena #PoliticalNews