Political Conspiracy | ഇ പിയുടെ ആത്മകഥാ കേസ്: ആഴത്തിൽ അന്വേഷിക്കാൻ പൊലീസിന് താൽപര്യമില്ല; ഇനിയും അന്വേഷിക്കണമെങ്കിൽ വേറെ പരാതി നൽകാൻ നിർദേശം
![EP Jayarajan autobiography leak](https://www.kvartha.com/static/c1e/client/115656/uploaded/eb247dc033318b23a4609e831e398ae3.jpg?width=730&height=420&resizemode=4)
![EP Jayarajan autobiography leak](https://www.kvartha.com/static/c1e/client/115656/uploaded/eb247dc033318b23a4609e831e398ae3.jpg?width=730&height=420&resizemode=4)
● ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഭാഗങ്ങൾ ചോർന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷണത്തിൽ വ്യക്തത ഇല്ല.
● പുതിയ പരാതി നൽകിയാൽ പോലീസിനും അന്വേഷണം നടത്താമെന്ന് കോട്ടയം എസ്പിയുടെ റിപ്പോർട്ട്
● നിലവിലെ സാഹചര്യത്തിൽ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നൽകിയാൽ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍റെ ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിക്കുമ്പോഴും തെളിയിക്കാനാവാതെ പ്രത്യേക അന്വേഷണ സംഘം. കട്ടൻ ചായയും പരിപ്പുവടയുമെന്ന പേരിട്ട ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽ നിന്നാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞുവെങ്കിലും ഇതിനു പിന്നിൽ ഇ.പിയെ എതിർക്കുന്ന പാർട്ടിക്കുള്ളിലെയും പുറത്തെയും നേതാക്കളുടെയും കോക്കസിൻ്റെയും ഇടപെടലുണ്ടായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇടതു എംപിയുടെയും ഇദ്ദേഹത്തെ ചുറ്റിപറ്റി നിൽക്കുന്ന മാധ്യമ കോക്കസുകളുടെയും പിൻതുണയോടെയാണ് ദേശീയ ദിനപത്രത്തിൽ വാർത്ത പുറത്തുവന്നതെന്ന് ആക്ഷേപമുണ്ട്. ഇത് ആസൂത്രിതമാണെന്ന ആരോപണം നേരത്തെ ഇപി ജയരാജൻ തന്നെ ഉന്നയിച്ചിരുന്നുവെങ്കിലും ആ ദിശയിലേക്കുള്ള അന്വേഷണം ഏറെ ദൂരം മുൻപോട്ടു പോയില്ല. തൻ്റെ ആത്മകഥയിലെ ഏതാനും ഭാഗങ്ങൾ പുറത്തുവന്ന സംഭവം തനിക്കെതിരെ നടന്ന രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്ന് ഇപി ജയരാജൻ പറയുമ്പോഴും പൊലീസ് അത്ര ഗൗരവത്തിൽ എടുത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെങ്കിൽ ഇപി ജയരാജൻ പുതിയ പരാതി നൽകണമെന്നാണ് പൊലീസിൻ്റെ നിലപാട്. കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥ ചേർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നൽകിയാൽ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. അതേസമയം കോടതിയെ സമീപിക്കണമെങ്കിൽ അതാലോചിക്കുമെന്നായിരുന്നു ഇപി ജയരാജന്‍റെ പ്രതികരണം
ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാർ ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിൽ എത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ആത്മകഥാ വിവാദത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജൻ്റെ വാദം. പക്ഷെ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കിൽ ഇപി വീണ്ടും പരാതി നൽകണമെന്നാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
ആത്മകഥ വിവാദത്തിൽ തനിക്ക് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഇപി പ്രതികരിച്ചു. പൊലീസ് റിപ്പോർട്ട് കിട്ടിയ ശേഷം അടുത്ത നടപടി സ്വീകരിക്കും. കോടതിയെ സമീപിക്കണമെങ്കിൽ അങ്ങനെ ചെയ്യുമെന്നും ഇപി പറഞ്ഞു. അതേസമയം ഇപി പരാതി നൽകിയില്ലെങ്കിൽ ഡിസി ബുക്സിനും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാമെന്നാണ് പൊലീസ് നിലപാട്. ഡിസി ബുക്സിനെ ശ്രീകുമാർ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നൽകണമെന്നാണ് വാദം.
ഇക്കാര്യങ്ങൾ പൊലീസ് ഇപി ജയരാജനേയും ഡിസി ബുക്സിനേയും അറിയിക്കും. വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വൻ വിവാദമായിരുന്നു.
ഇതേ തുടർന്ന് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ആരോപണങ്ങൾക്കും നടുവിലായിരുന്നു ഇ പി ജയരാജൻ.
#EPJayarajan, #AutobiographyLeak, #PoliticalConspiracy, #KeralaPolitics, #PoliceInvestigation, #DCBooks