Controversy | കൂടെനിന്ന് ഒറ്റിയവനെ കൈ കൊടുത്ത് സ്വീകരിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലെന്ന് ഒരു വിഭാഗം; വെറുപ്പിന്റെ കടയാണോ തുറക്കുന്നതെന്ന് മറുവാദം; 'ഹസ്തദാന വിവാദം' തിളച്ചുമറിയുമ്പോൾ 

 
Political Clash at Wedding: Rival Amid Social Media Outrage
Political Clash at Wedding: Rival Amid Social Media Outrage

Photo Credit: Facebook/ Dr Sarin P, Shafi Parambil

● പാലക്കാട് വിവാഹ ചടങ്ങിനിടെയുണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോൾ വിവാദം. 
● എം ബി രാജേഷ് സരിനെ പിന്തുണച്ച് രംഗത്തെത്തി.
● ഫേസ്ബുക്കിൽ ശക്തമായ വിമർശനം ഉയർന്നു.

സോണി കല്ലറയ്ക്കൽ

(KVARTHA) 'കൂടെനിന്ന് ഒറ്റിയവനെ കൈ കൊടുത്ത് സ്വീകരിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല. ടിപിയെ നിങ്ങൾ സ്നേഹിച്ചത്  കണ്ടതാണ്. മന്ത്രിയോട്  പൊതുജനം പറയുന്നത്. ഒരു എല്ലിൻ കഷ്ണത്തിന് വേണ്ടി സ്വന്തം പാർട്ടിയെ ഒറ്റിയവനെ പിന്നെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണോ. സിപിഎം ആയിരുന്നു എങ്കിൽ ഇപ്പോൾ അയാൾ ജീവനോടെ ഉണ്ടാവുമായിരുന്നോ', ഇതാണ് മന്ത്രി എം  ബി രാജേഷിൻ്റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് ഒരു വനിത ഫേസ്ബുക്കിൽ കുറിച്ചത്. 

പാലക്കാട് സിപിഎമ്മിന്റെ ഒറിജിനൽ സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ  കൈ കൊടുക്കുന്നതിൽ തെറ്റില്ല. സരിൻ എന്ന ഇപ്പോഴത്തെ സഖാവ് സ്വന്തം താല്പര്യത്തിന് വേണ്ടി പാർട്ടിയെ വഞ്ചിച്ച് പുറത്തുപോയ ആളാണ് എന്ന് മന്ത്രി മനസ്സിലാക്കിയാൽ നന്നെന്നും ഇങ്ങനെയൊരാൾ സി.പി.എമ്മിൽ ആയിരുന്നുവെങ്കിൽ അദ്ദേഹത്തിൻ്റെ സ്ഥിതി എന്തായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നും ചിലർ പ്രതികരിച്ചു.

പാലക്കാട് ഒരു കല്യാണ ചടങ്ങിൽ ഇടതു സ്ഥാനാർത്ഥി ഡോ. പി സരിനും യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം.പിയും നേർക്കുനേർ കണ്ടപ്പോൾ സരിൻ ഹസ്തദാനം ചെയ്യാൻ ഇവരുടെ അടുത്തേയ്ക്ക് ചെന്നപ്പോൾ ഷാഫിയും രാഹുലും മുഖം തിരിച്ചുപോയതാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സരിനെ പിന്തുണച്ച് മന്ത്രി മന്ത്രി എം.ബി രാജേഷ് രംഗത്ത് എത്തുകയുണ്ടായി. പാലക്കാട്ടെ മുൻ എം.പി കൂടിയായിരുന്നു മന്ത്രി എം  ബി രാജേഷ്. 

അദ്ദേഹം പറയുന്നു സരിന്റെ നടപടി ശരിയാണെന്ന്. എതിര്‍ സ്ഥാനാര്‍ത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നതുകൊണ്ട് കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോയെന്നും എം ബി രാജേഷ് ചോദിക്കുന്നു. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനൊന്നും ഒരു വിലയും കല്‍പിക്കാത്ത പെരുമാറ്റമാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പില്‍ എംപിയുടേയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇതിനെതിരെ വലിയ വിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. തികച്ചും ഞായമായ വാദം, ടിപി യെ പോലെ 51 വെട്ടുകൾ വെട്ടി തീർത്തേക്കണം എന്നതാവും താങ്കളുടെ പാർട്ടിയുടെ നയം അല്ലേ എന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരാൾ കുറിച്ച കുറിപ്പ് ഇങ്ങനെ: 'സ്വന്തം പാർട്ടിക്ക് ഒരു ആണത്തമുള്ള തന്റേടമുള്ള ആൺകുട്ടികളെ നിർത്താൻ പറ്റാത്തവരാണ് ഇവിടെയിരുന്ന് ന്യായീകരിക്കുന്നത് നാണമില്ലാത്ത വർഗ്ഗങ്ങൾ. ഇതാണെടോ രാഷ്ട്രീയം രാഷ്ട്രീയത്തെ കണ്ട അണ്ടനും അടകോടനും പണയം വെച്ചു കമ്മ്യൂണിസ്റ്റ് പാർട്ടി. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കൊക്കെ സ്ഥാനാർത്ഥിത്വം നൽകുന്ന കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്ക് സ്വന്തം ചിഹ്നത്തിൽ പാർട്ടിയുടെ പേരിൽ മത്സരിക്കാനുള്ള തന്റേടമില്ല എന്നിട്ടാണ് ഇവിടെ ഇരുന്നു മോങ്ങുന്നത്. 

Political Clash at Wedding: Rival Amid Social Media Outrage

ആർഎസ്എസ് സംഘികളോട് ഒരു യുദ്ധത്തിനുവേണ്ടി ഇറങ്ങുന്ന സമയത്ത് അവർക്ക് നേട്ടമുണ്ടാക്കി കൊടുക്കാൻ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനെ സ്ഥാനാർത്ഥിയാക്കിയിട്ട് ഡയലോഗ് പറയുന്നു. ഇത്തിരി ഉളുപ്പുണ്ടോ നിങ്ങൾക്ക്. കൂടെ നിന്ന് ഒറ്റിയവനെ കൈ കൊടുത്ത് സ്വീകരിക്കാൻ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല. സ്ഥാനത്തിനും അധികാരത്തിനും നിലനിൽപ്പിനും വേണ്ടി പാർട്ടിയെ ഒറ്റിക്കൊടുത്ത യൂദാസിന് ആരാണ് മുഖവിലടുക്കുക. വഴിയെ പോകുന്നവരെയൊക്കെ സ്ഥാനാർത്ഥിയാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടും ആശയവും ആദർശവും അല്ല കോൺഗ്രസിനുള്ളത്.

സിപിഎം പാർട്ടിയിൽ പോകുമ്പോഴാണോ പൊട്ടനും ബുദ്ധിയില്ലാത്തവനും ആകുന്നത്. അതല്ല അതിന് മുമ്പേ ഉള്ളതാണോ ഏതു പൊട്ടനും കമ്മ്യൂണിസ്റ്റ് പാർട്ടി ആവാം. തെരുവിലെ വേസ്റ്റ് ബക്കറ്റ് പോലെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. എല്ലാ ചപ്പുചവറുകളും അവിടെയുണ്ട്'.

ഇങ്ങനെ കടുത്ത വിമർശനങ്ങളാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ നിന്നും ചിലർ ഉയർത്തുന്നത്. ആ കല്യാണ വീട്ടിൽ വെച്ച് സരിൻ ഷാഫി പറമ്പിൽ എം.പിയോട്  കൈ  കൊണ്ടാ ഞാൻ ഇപ്പുറത്ത് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഷാഫി പറഞ്ഞത് നീ അപ്പുറത്ത് തന്നെ കാണണം എന്നായിരുന്നു. എങ്കിൽ കോൺഗ്രസിനെ സംബന്ധിച്ച് ഇത് തന്നെയാണ് ശരി എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പ്രവർത്തകരും. പിന്നെ ഈ മന്ത്രി പറയുന്നത് നൂറു ശതമാനം ശരിയാണെങ്കിൽ ടി.പി ചന്ദ്രശേഖരൻ ജീവിച്ചിരിക്കുമായിരുന്നല്ലോ. കെ.കെ.രമ എം.എൽ.എ വിധവയും ആകില്ലായിരുന്നുവെന്നും ചിലർ പ്രതികരിച്ചു.

'വെറുതെ സഖാക്കൾ കണ്ണടച്ച് ഇരുട്ടാക്കരുത്. മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഒരു സ്ഥാനാർത്ഥിയാണെങ്കിൽ കൈ കൊടുക്കുന്നതിലോ സംസാരിക്കുന്നതിലോ തെറ്റില്ലായിരുന്നു. പക്ഷേ ഇത് സ്വന്തം താല്പര്യത്തിന് വേണ്ടി ഒരു പാർട്ടിയെ മുഴുവൻ വഞ്ചിച്ച ഒരു വ്യക്തിയാണ് പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന ഡോ.പി.സരിൻ എന്നോർക്കണം. ഷാഫി പറമ്പിൽ ഇദ്ദേഹത്തെപ്പോലെയുള്ള ഒരാൾക്ക് മുഖം കൊടുത്തത് തന്നെ അദേഹത്തിൻ്റെ മാന്യതയാണ് വ്യക്തമാക്കുന്നത്. അല്ലാതെ പൊതുവേദിയിൽ വെച്ച് പരസ്യമായി അശ്ലീലമൊന്നും ചില സഖാക്കൾ പറയുന്നതുപോലെ പറഞ്ഞില്ലല്ലോ. ഒറ്റുകാരൻ ഇതിൽ കൂടുതൽ അർഹിക്കുന്നില്ല എന്നത് ആരായാലും ഇനിയെങ്കിലും മനസ്സിലാക്കുക. 

ഒപ്പം നടന്നിരുന്നവർ ഒരു മുന്നറിയിപ്പുമില്ലാതെ മറുകണ്ടം ചാടിയാൽ കൈ കൊടുക്കാൻ ഇത്തിരി പ്രയാസം തന്നെയാണ്. അത് മറച്ച് വെച്ച് ലോകരുടെ മുന്നിൽ വിഡ്ഢി വേഷം കെട്ടാതിരുന്നതാണ് മാന്യത. സരിനെ സംബന്ധിച്ചേടത്തോളം ഇതൊരു പകരം വീട്ടലിന്റെ ഗൂഢാനന്ദം മാത്രം. രാഹുലും ഷാഫിയും തന്നെയാണ് ഈ വിഷയത്തിൽ  ശരി എന്നത് ഏത് പൊട്ടക്കണ്ണനും മനസ്സിലാകും. സരിനെ വെറുതെ വെളുപ്പിക്കാൻ ശ്രമിക്കുന്തോറും പാണ്ടാകുകയെ ഉള്ളു. ബിജെപിക്കാർ പോലും രാഷ്ട്രീയ എതിരാളികളെന്നാണ് എതിർ രാഷ്ട്രീയക്കാരെ പറയാറുള്ളൂ.  ഇന്ത്യയിൽ സി.പി.എം മാത്രമാണ് എതിർ രാഷ്ട്രീയക്കാരെ ശത്രുക്കളെന്ന് ആക്ഷേപിച്ച് കായികമായി വേട്ടയാടാറുള്ളൂ എന്ന് എല്ലാവർക്കും അറിയാം. 

സരിൻ ആ സ്വഭാവം രണ്ട് ദിവസം മുൻപ് കാണിച്ചത് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. പുതിയ അണികളുടെ നടുക്ക് നിന്നിട്ട് വികാരം കൊണ്ട് പറയുന്നു ഷാഫിയുടെ ഗുണ്ടകൾ. എങ്ങാനും ആക്രമിക്കാൻ വന്നാൽ ഈ നിക്കുന്നത് യൂത്ത് കോൺഗ്രെസ്സുകാരല്ല, സഖാക്കളാണ്, അവർ കൈകാര്യം ചെയ്യുമെന്ന്. ആ അണികളെ മൂപ്പിച്ച് കലാപം ഉണ്ടാക്കുക, ഉള്ളിലെ വൈരാഗ്യം തീർക്കുക. അതാണ് ലക്ഷ്യം. അങ്ങനെയുള്ള ഒരാളെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പൂവിട്ട് പൂജിക്കണം എന്ന് പറഞ്ഞാൽ അത് അന്തസ്സ് ഉള്ളവർക്ക് ചേർന്ന പണി അല്ല', എന്നൊക്കെയാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.

ഈ അവസരത്തിൽ ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: 'അത് ശരി. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയോട് നിങ്ങൾ നിയമസഭയിൽ കാണിച്ചത് ഓർമ്മയുണ്ടോ. നിങ്ങളാൽ 51 വെട്ടു വെട്ടി. കൊലപ്പെടുത്തിയ അവരുടെ ഭർത്താവിന്റെ ഫോട്ടോ അവരുടെ വസ്ത്രത്തിൽ ചേർത്തുവെച്ച് നിയമസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയപ്പോൾ അതിനെക്കുറിച്ച് നിങ്ങൾ എന്തെല്ലാം ആക്ഷേപങ്ങൾ ഉയർത്തി. താങ്കൾ സ്പീക്കർ ആയിരുന്നു എന്തെല്ലാം നിയമവശങ്ങളെക്കുറിച്ച് പരിശോധിച്ചു. അവർക്കെതിരെ നടപടി സ്വീകരിക്കാൻ വേണ്ടി. 

എം.വി. രാഘവനോടുള്ള പ്രതികാരം നിങ്ങൾ എന്തെല്ലാം നടത്തി. കാലഘട്ടം അനുസരിച്ച് മാറ്റിപ്പറയുന്നതിന് കേരളത്തിൽ ഒരു ചൊല്ലുണ്ട്. ഉളുപ്പ് ഉണ്ടോ മന്ത്രി നിങ്ങളെ പോലെ ഒരാൾക്ക് ഇങ്ങനെ പറയാൻ, ഭരണ നേട്ടങ്ങൾ പറഞ്ഞു വോട്ട് തേടി കൂടെ. ഭരണനേട്ടങ്ങൾ ഒന്നും ഈ സർക്കാരിന് പറയാനില്ല. വെറുതെ ആവിശ്യമില്ലാത്തത് എടുത്ത് വിവാദം കത്തിക്കുന്നുവെന്ന് മാത്രം. ശത്രുവിനെ ചേർത്തു പിടിച്ചാലും ചതിയനായ സുഹൃത്തിനോട്‌ സ്നേഹം വേണ്ടാ. യൂദയുടെ ചുംബനം ക്രിസ്തുവിനെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തു. കാപട്യവും, വഞ്ചനയും ഒളിപ്പിച്ചുവെച്ച ചുംബനവും ഹസ്തദാനവും എല്ലാം ഏറ്റുവാങ്ങുന്നത് മരണതുല്യം ആണ്. ഷാഫി, രാഹുൽ നിങ്ങളാണ് ശരി. കാലമത് തെളിയിക്കും തീർച്ച'.

എന്നാൽ, രാഷ്ട്രീയത്തിലെ മാന്യതയില്ലായ്മയാണ് ഷാഫിയുടെയും രാഹുലിന്റെയും പ്രവൃത്തിയെന്നാണ് മറുഭാഗം പറയുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, അത് വെറുപ്പിന്റെയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമാകരുതെന്ന് അവർ വാദിക്കുന്നു. 
രാഹുൽ ഗാന്ധി പറയുന്നത് സ്നേഹത്തിന്റെ കട തുറക്കാനാണ്. എന്നാൽ നിലവിലെ സാഹചര്യം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഒരു കടയായി മാറിക്കൊണ്ടിരിക്കുന്നുവെന്നും അവർ വിമർശിക്കുന്നു.

രാഷ്ട്രീയ പ്രവർത്തകർ തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് സഹകരണത്തിനായി മുന്നോട്ടുപോകണമെന്ന് ചിലർ ആവശ്യപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള സൗഹൃദപരമായ ബന്ധം സമൂഹത്തിന്റെ മൊത്തത്തിലുള്ള നന്മയ്ക്കായി അത്യാവശ്യമാണ് എന്നാണ് ഇവർ വ്യക്തമാക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ പോലും ഒന്നിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമ്പോഴാണ് സമൂഹത്തിന്റെ പുരോഗതി സാധ്യമാകുക.

രാഷ്ട്രീയ രംഗത്തെ സംഘർഷങ്ങൾ സമൂഹത്തിലെ സാധാരണക്കാരായ ആളുകളുടെ ജീവിതത്തെയും ബാധിക്കാറുണ്ട്. വെറുപ്പ് പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ അക്രമത്തിനും അസ്വസ്ഥതകൾക്കും കാരണമാകും. അതിനാൽ, രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകേണ്ടത് അനിവാര്യമാണ് എന്ന് നെറ്റിസൻസ് കുറിക്കുന്നു.

ഈ വിഷയത്തെ സംബന്ധിച്ച് വിവിധ വ്യക്തികൾക്ക് വിവിധ വീക്ഷണകോണുകൾ ഉണ്ടാകാം. ഒരുവിഭാഗം ഈ പ്രവൃത്തിയോട് യോജിക്കുകയും രാഷ്ട്രീയം ഒരു പോരാട്ടത്തിന്റെ മണ്ഡലമാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും വാദിക്കുകയും ചെയ്യുമ്പോൾ മറുവിഭാഗം ഇതിനോട് രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. എന്തായാലൂം പാലക്കാട് രാഷ്ട്രീയ ചൂട് തിളച്ചുമറിയുകയാണെന്ന് വ്യക്തം.

#KeralaPolitics, #CPM, #SocialMedia, #MBRajesh, #PoliticalClash, #Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia