Controversy | 'പൊളിറ്റിക്കൽ ഇസ്ലാം' പരാമർശത്തിൽ പാർട്ടിക്കുള്ളിലും അതൃപ്തി; യൂടേണടിച്ച് പി ജയരാജൻ

 
Political Islam Controversy: P Jayarajan Backtracks on Remarks
Political Islam Controversy: P Jayarajan Backtracks on Remarks

Photo Credit: FaceBook/ P Jayarajan

● ജയരാജൻ്റെ വെളിപ്പെടുത്തലുകൾ സിപിഎമ്മിനുള്ളിൽ ചൂടേറിയ ചർച്ചയായിരുന്നു
● പി ജയരാജന്‍റെ വാദം ഇ പി ജയരാജൻ തള്ളിയിരുന്നു 

 കനവ് കണ്ണൂർ 

കണ്ണൂര്‍: (KVARTHA) പൊളിറ്റിക്കൽ ഇസ്ലാം പ്രസ്താവന വിവാദമായപ്പോൾ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. വിവാദ പരാമർശങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും വിവാദമായതോടെയാണ് നിലപാട് മയപ്പെടുത്തി രംഗത്തെത്തിയത്. ജയരാജൻ്റെ വെളിപ്പെടുത്തലുകൾ സിപിഎമ്മിനുള്ളിൽ ചൂടേറിയ ചർച്ചയായിരുന്നു. ന്യൂനപക്ഷ യുവാക്കളെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ വിമർശനം. 

ഇതേ തുടർന്ന് കണ്ണൂരിലെ ഓൺലൈൻ ചാനലായ പ്രൈം വണ്ണിൽ വന്ന അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുവെന്നാണ് പി ജയരാജന്റെ വിശദീകരണം പുറത്തുവരുന്നത്. ദാഇശിലേക്ക് ഇപ്പോൾ കേരളത്തിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിൽ എണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തുവെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. 

രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം എപ്പോഴും അകറ്റിനിർത്തിയിട്ടുണ്ട്. ആഗോള സമാധാനത്തിന്റെ യഥാർത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമെന്ന വാചകത്തോട് ശക്തമായ വിയോജിപ്പാണുള്ളത്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാട് കാണാതിരിക്കലെന്നും ജയരാജൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം തന്നെ അനു കൂലിച്ചു പ്രസിദ്ധീകരിച്ച ദീപിക മുഖപ്രസംഗത്തിനാണ് ജയരാജൻ്റെ മറുപടി. 

കേരളത്തിൽ നിന്ന് മത ഭീകരവാദ സംഘടനകളിലേക്ക് യുവാക്കൾ പോകുന്നതിനെ ഗൗരവത്തിലെടുക്കണമെന്ന പി ജയരാജന്‍റെ പ്രസ്താവനയാണ് വിവാദമായത്. പി ജയരാജന്‍റെ വാദം തള്ളിയ ഇ പി ജയരാജൻ തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമാണ് കേരളമെന്ന് പ്രതികരിച്ചിരുന്നു. മുതിർന്ന നേതാവിന്‍റെ പ്രസ്താവനയിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 

ഇസ്ലാമിക തീവ്രവാദത്തിന്‍റെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലുമൊക്കെ വരുന്നതാണ് പ്രതീക്ഷയെന്നായിരുന്നു കത്തോലിക്കാ സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. പി ജയരാജൻ്റെ പൊളിറ്റിക്കൽ ഇസ്ലാം പ്രയോഗത്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന നേതൃത്വവും രംഗത്തു വന്നു. കേരളത്തിൽ നേരത്തെ ഇത്തരം സംഭവങ്ങൾ ഔദ്യോഗികമായി റിപ്പോർട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ കൂടുതൽ എന്തെങ്കിലും തെളിവുകൾ കൈയ്യിലുണ്ടെങ്കിൽ ജയരാജൻ പൊലീസിന് കൈമാറണമെന്നു സോളിഡാരിറ്റി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

#PJayarajan #CPI(M) #KeralaPolitics #PoliticalIslam #Controversy #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia