Strategy | കുളം കലക്കി മീൻ പിടിക്കാൻ സാമുദായിക നേതാക്കൾ; മുഖ്യമന്ത്രി സ്ഥാനത്ത് രമേശ് ചെന്നിത്തലയെ മുൻനിർത്തി അണിയറ നീക്കം

 
 Kerala Political Leader, Ramesh Chennithala
 Kerala Political Leader, Ramesh Chennithala

Photo Credit: Facebook/ Ramesh Chennithala

● എൻഎസ്എസും എസ്എൻഡിപിയും രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
● വി ഡി സതീശൻ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ചു.
● കെ സി വേണുഗോപാൽ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറായില്ല

ഭാമനാവത്ത്

കണ്ണൂർ: (KVARTHA) സാമുദായിക സംഘടനകൾ കോൺഗ്രസിൽ കുളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അടുത്തമുഖ്യമന്ത്രിയാരാണെന്ന ചോദ്യമാണ് സാമുദായിക സംഘടനാനേതാക്കൾ ഉന്നയിക്കുന്നത്. ഒരേ സമയം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്
പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള എന്‍എസ്എസിന്റേയും എസ്എന്‍ഡിപിയുടേയും നിലപാടുകളാണ് നിയമസഭാതെരഞ്ഞെടുപ്പിന് ഒന്നര വർഷം ബാക്കി നിൽക്കെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് ആളിക്കത്തിക്കുന്നത്. 

വോട്ടുബാങ്കായ ഈ രണ്ടു പ്രബല സാമുദായികസംഘടനകളെയും പിണക്കി കൊണ്ടു മുൻപോട്ടു പോകാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇതേ സമയം ഈ വിഷയത്തിൽ തന്ത്രപരമായ നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. മന്നം ജയന്തി ആഘോഷപരിപാടിയിലേയ്ക്ക് എന്‍എസ്എസ് തന്നെ ക്ഷണിച്ചത് അഭിമാനകരമാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അപകടം മനസിലാക്കി ഒരു ചുവട് പിന്നോട്ടു വയ്ക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

തന്നെ വിമര്‍ശിക്കാന്‍ സാമുദായിക നേതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വി ഡി സതീശൻ്റെ പ്രതികരണം ഭാവിയിലെ എതിർപ്പ് ഒഴിവാക്കാനാണെന്നാണ് നിരീക്ഷണം. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ എഐസിസി സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ തയ്യാറായില്ല. വി ഡി സതീശനും കെ സി വേണുഗോപാലും ചേര്‍ന്ന് രമേശ് ചെന്നിത്തലയെ സംസ്ഥാന രാഷ്രീയത്തില്‍ അപ്രസക്തനാക്കുന്നതിനിടയിലാണ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസും  എസ്എന്‍ഡിപിയും രംഗത്ത് വന്നത്. 

മന്നം ജയന്തിയിലേയ്ക്കുളള എന്‍എസ്എസ് ക്ഷണിച്ചതിനോട് രമേശ് ചെന്നിത്തല പ്രതികരിച്ചതിങ്ങനെയായിരുന്നു: 'പരിപാടിക്ക് ആരെ ക്ഷണിക്കണമെന്നത് എന്‍എസ്എസാണ് തീരുമാനിക്കുന്നത്. ക്ഷണം സ്വീകരിച്ച് താന്‍ പരിപാടിയില്‍ പങ്കെടുക്കും. സാമുദായിക സംഘടനകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്'. ഇതോടെയാണ് തനിക്കെതിരെയുള്ള അണിയറ നീക്കം മുൻകൂട്ടി കണ്ടുകൊണ്ട് താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് ആവര്‍ത്തിച്ച് വിഡി സതീശന്‍ രംഗത്തെത്തിയത്. 

സമുദായ നേതാക്കള്‍ക്ക് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം കേട്ടാല്‍ കാര്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എന്‍എസ്എസ് നിലപാടിനെ 2021ലും 2022ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എന്‍എസ്എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

ചെന്നിത്തലയെ ഒതുക്കാനുളള സതീശന്റെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് കെ സി വേണുഗോപാലാണ്. എന്‍എസ്എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതില്‍ പ്രതികരിക്കാതെ വേണുഗോപാല്‍ ഒഴിഞ്ഞുമാറി. ഇതില്‍ മറുപടി പറയാന്‍ അല്ല തന്റെ വാര്‍ത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയില്‍ മറുപടി പറയേണ്ട വ്യക്തി ഞാനല്ല. മാധ്യമങ്ങള്‍ ചെല്ലുമ്പോള്‍ പറയുന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് അവരുടെ അജണ്ടയാണെന്ന് തോന്നുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.

വിഷയത്തില്‍ പരസ്യപ്രതികരണം നടത്തേണ്ട എന്നതാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. അടുത്ത ഭരണം യുഡിഎഫിന് കിട്ടുമെന്ന പ്രതീക്ഷയുണ്ടാകുമ്പോള്‍ പല സാമുദായിക സംഘടനാ നേതാക്കളും അടുക്കും. പക്ഷേ ലീഗിന് ഒരു തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് സമയമായാല്‍ ലീഗ് അത് തുറന്ന് പറയുമെന്നും പികെ കുഞ്ഞാലിക്കുട്ടി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചത്. എന്നാൽ വി ഡി സതീശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന അദ്ദേഹം തള്ളുകയും ചെയ്തു.

#KeralaPolitics #Congress #RameshChennithala #VDSatheesan #CommunityPolitics #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia