Analysis | 'ജെറിമാൻഡറിംഗ്', ഇത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ്! എന്താണെന്ന് അറിയാം 

 
Understanding Gerrymandering
Understanding Gerrymandering

Representational Image Generated by Meta AI

● അതിർത്തികൾ കൃത്രിമമായി മാറ്റുന്ന ഒരു പ്രക്രിയയാണ് ജെറിമാൻഡറിംഗ്.
● ഇത് ഒരു പ്രത്യേക പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ സഹായിക്കുന്നു.
● ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഇത് ദുർബലമാക്കുന്നു.

കെ ആർ ജോസഫ് 

(KVARTHA) കേരളത്തിൽ വയനാടും പാലക്കാടും ചേലക്കരയുമൊക്കെ ഉപതെരഞ്ഞെടുപ്പുകൾ അടുത്തുവന്നിരിക്കുകയാണ്. എല്ലാവരുടെയും ശ്രദ്ധ ഈ മണ്ഡലങ്ങളിലേയ്ക്കാണ്. കോൺഗ്രസിൻ്റെ അനിഷേധ്യ നേതാവ് പ്രിയങ്കാ ഗാന്ധിവരെ കേരളത്തിൽ നിന്ന് മത്സരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പും രാഷ്ട്രീയ നേതാക്കൾക്ക് വാശിയേറിയതാണെങ്കിൽ പ്രവർത്തകർക്ക് അതൊരു ഉത്സവ പ്രതീതി തന്നെയാണ്. നേതാക്കൾ തങ്ങളുടെ സ്ഥാനാർത്ഥികൾ ജയിക്കാൻ ഏതറ്റം വരെയും പോകുന്ന കാഴ്ചകളും ഇവിടെ സർവസാധാരണമാണ്. 

ധാരാളം പണവും ഒരു തിരഞ്ഞെടുപ്പിൽ ചെലവഴിയുന്നുണ്ടെന്നതാണ് സത്യം. നമുക്ക് ചിലപ്പോൾ തോന്നാം ഇത്രയൊക്കെ പണം പൊടിച്ച് കളഞ്ഞിട്ട് ഒരു തെരഞ്ഞെടുപ്പ് ജയിച്ചിട്ട് എന്ത് കാര്യമെന്ന് അതിലും കാര്യമുണ്ട്. അതാണ് നമ്മുടെ രാഷ്ട്രീയം. പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയം. ഇവിടുത്തെ അത്ര വലിയ പബ്ലിസിറ്റി തെരഞ്ഞെടുപ്പിന് കിട്ടുന്ന മറ്റൊരു സംസ്ഥാനമുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഇവിടുത്തെ ഒരോ തെരഞ്ഞെടുപ്പും രാഷ്ട്രീയം പ്രത്യേക വിഷയമായി എടുത്തിരിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് ഒരു പുതിയ അറിവും പാഠവുമായിരിക്കും. 

അങ്ങനെയുള്ളവർ അറിയേണ്ട ഒരു രാഷ്ട്രിയത്തിലെ  പ്രയോഗമാണ് ജെറിമാൻഡറിംഗ് (Gerrymandering). എന്താണ് ഇത്? ഇതേക്കുറിച്ച് വിശദമായി പരാമർശിക്കുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. 

എന്താണ് ജെറിമാൻഡറിംഗ്?

കുറിപ്പിൽ പറയുന്നത്: 'രാഷ്ട്രീയ നിഘണ്ടുവിൽ ജെറിമാൻഡറിംഗ് (Gerrymandering) എന്നൊരു പ്രയോഗമുണ്ട്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വച്ച് നീങ്ങുന്ന ഹീനവും, നീചവും, പരിഹാസ്യവുമായ രാഷ്ട്രീയ ആഭിചാരങ്ങളെയാണ് രാഷ്ട്രമീമാംസകരും, മാധ്യമവിദഗ്ദ്ധരും ജെറിമാൻ ഡറിംഗ് എന്ന സൂചകം കൊണ്ട് വിശേഷിപ്പിയ്ക്കുന്നത്. രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് അമേരിക്കയിൽ (1812) റിപ്പബ്ലിക്കനായ മസാച്ചുസെറ്റ്സ് ഗവർണർ എൽബ്രിഡ്ജ് ജെറി (Elbridge Gerry) വിജയകരമായി നടപ്പാക്കിയ ഒരു കുതന്ത്രത്തെയാണ് അന്ന് 'ബോസ്റ്റൺ ഗസറ്റ്' എന്ന പത്രം ഒരു കാർട്ടൂണിലൂടെ Gerrymandering എന്ന് പരിഹസിച്ചത്. 

വിജയം ഉറപ്പാക്കാനായി എൽബ്രിഡ്ജ് ജെറി, സൗത്ത് എസ്സെക്സ് ജില്ലയിലെ നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ, നീതീകരിയ്ക്കപ്പെടാൻ കഴിയാത്തവിധം മാറ്റി വരച്ചതിനെയാണ് അന്ന് പത്രം കാർട്ടൂണിലൂടെ കൂവിയിരുത്തിയത്. അതോടെ 'ജെറിമാൻഡറിംഗ്' രാഷ്ട്രീയ വിശകലനശാഖയിൽ ആയിരം മുനകളുള്ള വിമർശനായുധമായി. ഇംഗ്ലീഷിൽ ഒരംഗീകൃത പ്രയോഗമായി മാറിയ ഈ പ്രയോഗം പിന്നീട് ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഇടം നേടി. തെരഞ്ഞെടുപ്പ് വിജയം എന്ന ഏകലക്ഷ്യ ത്തോടെ നീങ്ങുന്ന എല്ലാവിധ രാഷ്ട്രീയ പ്രഹസനങ്ങളെയും ലോകം ഇന്ന് ജെറിമാൻഡറിംഗ് എന്ന ആക്ഷേപഹാസ്യ പ്രയോഗത്തിലൂടെ വിചാരണ ചെയ്യുന്നു. 

ഒരു പാർട്ടിക്ക് അതിൻ്റെ എതിരാളികളേക്കാൾ  നേട്ടം നൽകുന്ന തരത്തിൽ തിരഞ്ഞെടുപ്പ് ജില്ലകളുടെ അതിരുകൾ വരയ്ക്കുന്നതാണ് യുഎസ് രാഷ്ട്രീയത്തിൽ ജെറിമാൻഡറിംഗ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അധികാരത്തിലുള്ള പാർട്ടിയുടെ ഓഫീസ് ഹോൾഡർമാർക്ക് ഒന്നുകിൽ എതിർ പാർട്ടിയിലെ വോട്ടർമാരെ ജില്ലകളിലുടനീളം പ്രചരിപ്പിക്കുന്നതിനോ അല്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥികൾക്ക് മത്സരത്തിൻ്റെ മുൻതൂക്കം നൽകുന്നതിനോ ഉപയോഗിക്കാം. പകരമായി, എതിർ പാർട്ടിക്ക് നിയന്ത്രിക്കാൻ കഴിയുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിന് എതിർ പാർട്ടിയിൽ നിന്നുള്ള വോട്ടർമാരെ വോട്ടിംഗ് ജില്ലകളിൽ ന്യൂനപക്ഷമാക്കാം. 

ഉദാഹരണമായി ടെക്സസിലെ ഒരു ചെറിയ ഗ്രാമമാണ് ടെന്നിസി കോളനി ഏരിയ. 16,000 നിവാസികൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഒരു ഗ്രാമീണപാതയും അതിന് കുറുകെയുള്ള നടപ്പാതയും ഒരു വുഡ് സ്റ്റോറും ചൊവ്വാഴ്ച തോറും ജനങ്ങൾ കൂടുന്ന ടാകോ ട്യൂസ് ഡേയ്ക്കടുത്തുള്ള ഗ്യാസ് സ്റ്റേഷനും മാസത്തിലൊരിക്കൽ മേസണിക്  ലോഡ്ജിൽ നടക്കുന്ന മീറ്റിങ്ങുമാണ് ഈ ചെറിയ പട്ടണത്തിൽ ആകെയുള്ളത്.  മൊത്തം 2,000 ജനങ്ങൾ മാത്രമാണ് ഇവിടെ പാർക്കുന്നത്. ശേഷിച്ചവരിൽ 13,344 പേർ ഈ ആൻഡേഴ്സൺ കൗണ്ടിയിലെ ജയിലിലെ അന്തേവാസികളാണ്. കഴിഞ്ഞ വർഷം നടന്ന സെൻസസിൽ 2,50,000 ഓളം ടെക്സസിൽ മാത്രം ഉള്ള തടവുപുള്ളികളായിരുന്നു. 

ഇങ്ങനെ വസ്തുതകൾ വളച്ചൊടിച്ച് വോട്ടർ പട്ടിക ഉണ്ടാക്കി അധികാര ത്തിൽ കടിച്ചുതൂങ്ങാനാണ് ശ്രമമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു. തടവുപുള്ളികളെ അവർ പിടിക്കപ്പെട്ട സ്ഥലത്തെ നിവാസികളായി എണ്ണിയാൽ 5 ൽ ഒരു കൗണ്ടിയിലെ ഫലം മാറിയേക്കുമെന്ന് നിരീക്ഷകർ പറയുന്നു. തിരഞ്ഞെടുപ്പ് വിഭജനത്തിൻ്റെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നതിനാൽ ജെറിമാൻഡറിംഗ് പൊതുവെ അപലപിക്കപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, സംസ്ഥാന അസംബ്ലികളിലേക്കും യുഎസ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവുകളിലേക്കും പ്രതിനിധികളെ നിശ്ചയിക്കുന്നത് ഓരോ സംസ്ഥാനത്തിലെയും വോട്ടിംഗ് ജില്ലകൾക്കുള്ളിലെ വോട്ടർമാരാണ്. 

വ്യക്തിഗത യുഎസ് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികളിൽ നിന്ന് വ്യത്യസ്തമായി, ഓരോ 10 വർഷത്തിലും യുഎസ് സെൻസസുമായി ഒത്തുപോകുന്നതിനായി വോട്ടിംഗ് ജില്ലാ അതിർത്തികൾ പുനഃക്രമീകരിക്കുന്നു . സംസ്ഥാനത്തിനകത്ത് എല്ലാ ജില്ലകളിലും പരസ്പരം ഏകദേശം തുല്യമായ ജനസംഖ്യ ഉണ്ടായിരിക്കണം. ഓരോ തവണയും ജില്ലകൾ വീണ്ടും പുന:ക്രമീകരിക്കുമ്പോൾ മാധ്യമങ്ങളിൽ ജെറിമാൻഡറിംഗ് ഒരു ജനപ്രിയ വിഷയമായി മാറുന്നു. 

ജെറിമാൻഡറിംഗിൻ്റെ സ്വാധീനം കുറയ്ക്കുന്നതിന് നിരവധി പരിഹാരങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ വോട്ടിംഗ് ജില്ലകളുടെ പകർപ്പുകൾ LEGO  ഉപയോഗിച്ച് നിർമ്മിക്കണ മെന്ന് നിർദ്ദേശിച്ചു. കൂടാതെ, നഗര കേന്ദ്രങ്ങൾ  തമ്മിലുള്ള ശരാശരി ദൂരം നിർണ്ണയിക്കാൻ ഗണിതവും സ്പേഷ്യൽ വിശകലനവും ഉപയോഗിച്ച് കോംപാക്റ്റ്നെസ് പരിശോധിക്കാം'.

ഇതാണ് കുറിപ്പ്. രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും മാത്രമല്ല കൃത്യമായി തെരഞ്ഞെടുപ്പുകളിൽ പോയി വോട്ട് ചെയ്യുന്നവർ പോലും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. ജെറിമാൻഡറിംഗ് എന്നത് രാഷ്ട്രീയത്തിലെ ഒരു അപകടകരമായ പ്രതിഭാസമാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമായി സ്വാധീനിക്കാൻ ഇത് ഉപയോഗിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ സമത്വം, പ്രതിനിധാനം എന്നിവയെ ഇത് ദുർബലമാക്കുന്നു. 

ഈ പ്രതിഭാസം ഒരു രാജ്യത്തെ ധ്രുവീകരിക്കുകയും രാഷ്ട്രീയ സ്ഥിരതയെ ബാധിക്കുകയും ചെയ്യും. ജെറിമാൻഡറിംഗ് തടയുന്നതിനുള്ള ശക്തമായ നിയമങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വ്യക്തമാണ്. ഓരോ വോട്ടിന്റെയും മൂല്യം തുല്യമായിരിക്കണം എന്ന തത്വം സംരക്ഷിക്കപ്പെടണം. അല്ലാത്തപക്ഷം ജനാധിപത്യം തന്നെ അപകടത്തിലാകും.

#gerrymandering #fair elections #democracy #voting rights #politics #electionintegrity #politicalmanipulation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia