BJP Strategy | മണ്ഡല പുനർനിർണയം ഹിഡൻ അജൻഡയോ? അധികാര ആധിപത്യം നിലനിർത്താൻ ബിജെപി; പ്രതിരോധ വ്യൂഹം ചമച്ച് സ്റ്റാലിൻ

 
Image Credit: X/ Amit Shah
Image Credit: X/ Amit Shah

Image Credit: X/ Amit Shah

● ജനസംഖ്യാ നിയന്ത്രണം പാലിച്ച ദക്ഷിണേന്ത്യക്ക് തിരിച്ചടി.
● ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കും 
● നിയമ യുദ്ധങ്ങളിലേക്ക് നീങ്ങാൻ സാധ്യത.

 ഭാമനാവത്ത്

(KVARTHA) രാജ്യത്ത് പുതിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം. രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് അനുഗുണമായി കാര്യങ്ങൾ മുൻപോട്ടു പോകുന്നുവെന്നാണ് പ്രതിപക്ഷ വിമർശനം. മണ്ഡല പുനർനിർണയത്തിലൂടെ അധികാരം നിലനിർത്താനുള്ള ആസൂത്രണമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന വിമർശനം. ഇതു നേരത്തെ തിരിച്ചറിഞ്ഞു കൊണ്ടു പ്രതിരോധ വ്യൂഹം ചമയ്ക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

'നവ ദമ്പതികൾ എത്രയും വേഗം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന്' തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടുത്തിടെ വിവാഹിതരായ ദമ്പതികൾക്ക് നൽകിയ ആശംസയിൽ ഇതിൻ്റെ കൃത്യമായ ഉള്ളടക്കമുണ്ട്. ആശംസയെന്നതിലുപരി കേന്ദ്രത്തോടുള്ള പരിഹാസമാണിതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരെയുള്ള സ്റ്റാലിൻ്റെ പരിഹാസത്തിൽ കഴമ്പുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കുന്ന, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും അതിലൂടെ ബിജെപിക്കും കാര്യമായ ഗുണമുണ്ടാക്കുന്ന മണ്ഡല പുനർനിർണയത്തിനെതിരെയുള്ള പ്രതിഷേധം സ്റ്റാലിൻ തുടങ്ങിവെച്ചത് കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിനെതിരെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വരാനുള്ള സാധ്യതയുണ്ട്. എന്താണ് മണ്ഡല പുനർനിർണയമെന്നും ഇതെങ്ങനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നതും പരിശോധിച്ചാൽ ഈ പ്രതിഷേധത്തിന്റെ കാരണം വ്യക്തമാകും.

ലോക്‌സഭയ്ക്കും നിയമസഭയ്ക്കും വേണ്ടി ഓരോ സംസ്ഥാനത്തെയും പ്രാദേശിക മണ്ഡലങ്ങളുടെ എണ്ണവും അതിരുകളും നിശ്ചയിക്കുന്ന പ്രക്രിയയാണ് മണ്ഡല പുനർനിർണയം. ഭരണഘടനയുടെ 82,170 അനുച്ഛേദം പ്രകാരം ഓരോ സെൻസസിന് ശേഷവും ലോക്‌സഭയിലെയും നിയമസഭയിലെയും സീറ്റുകളുടെയും പ്രാദേശിക മണ്ഡലങ്ങളുടെയും എണ്ണം പുനക്രമീകരിക്കണം. പാർലമെന്റ് നിയമപ്രകാരം ഡീലിമിറ്റേഷൻ കമ്മീഷനാണ് മണ്ഡലപുനർനിർണയം നടത്തുന്നത്. ഇതുപ്രകാരം 1951, 1961, 1971 വർഷങ്ങളിലെ സെൻസസിന് ശേഷമുള്ള മണ്ഡലപുനർനിർണയം നടക്കുകയും യഥാക്രമം 494, 522, 543 എന്നിങ്ങനെ ലോക്സഭാ സീറ്റുകൾ ക്രമീകരിക്കുകയും ചെയ്തു. 

എന്നാല്‍, അത് കേന്ദ്രത്തിനൊരു തിരിച്ചടിയായി മാറുകയായിരുന്നു. കൂടുതല്‍ ജനസംഖ്യയുള്ളയിടത്ത് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നതിനാല്‍ സീറ്റുകള്‍ക്ക് വേണ്ടി സംസ്ഥാനങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു കാരണം. ഇത് കേന്ദ്രത്തിന്റെ ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ക്ക് വിഘാതമായതോടെ, 1971ലെ സെന്‍സസോടെ, മണ്ഡല പുനക്രമീകരണം മരവിപ്പിക്കുകയായിരുന്നു.
ഭരണഘടനയുടെ 42ാം ഭേദഗതി നിയമ പ്രകാരം 2000 വരെയും 84ാം ഭേദഗതി നിയമം പ്രകാരം 2026 വരെയും മരവിപ്പിക്കൽ കാലാവധി നീട്ടി. അതുകൊണ്ട് തന്നെ 1971 മുതല്‍ 543 സീറ്റുകളാണ് ലോക്‌സഭയിലുള്ളത്.

എന്നാൽ ഈ നിയമം പ്രകാരം അടുത്ത വർഷം കേന്ദ്രം മണ്ഡല പുനർനിർണയം നടത്താനുള്ള സാധ്യതയുണ്ട്. പക്ഷേ 2011ന് ശേഷം നടക്കേണ്ടിയിരുന്ന 2021ലെ സെൻസസ് നടക്കാത്തതടക്കം പല തരത്തിലുള്ള ആശങ്കകളാണ് അടുത്ത വർഷം നടക്കാൻ സാധ്യതയുള്ള മണ്ഡല പുനർനിർണയത്തിലുള്ളത്.
ജനസംഖ്യാടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനർനിർണയം നടക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകാൻ സാധ്യതയുള്ളത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യാ നിയന്ത്രണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പാലിക്കാതിരിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ജനസംഖ്യയിൽ ഈ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമാണുള്ളത്.

ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വെട്ടിക്കുറക്കാനാണ് സാധ്യത. പല രീതിയിലുള്ള വിലയിരുത്തലാണ് നിലവിൽ മണ്ഡല പുനർനിർണയം സംബന്ധിച്ചുള്ളത്. ലോക്സഭയിൽ 543 സീറ്റ് എന്ന രീതിയിൽ തന്നെ നിലനിർത്തുകയാണെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഏകദേശം 20 ലധികം സീറ്റുകൾ നഷ്ടമാകും. തമിഴ്‌നാട്, ആന്ധ്ര, കേരള, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെയും ആകെ 129 സീറ്റ് 103 ആയി കുറയും.

ഇനി സീറ്റ് വർധിപ്പിക്കുകയാണെങ്കിൽ, അതായത് 848 സീറ്റുകളായി വർധിച്ചാൽ ഉത്തർപ്രദേശിന് 60ൽ കൂടുതൽ സീറ്റുകൾ ലഭിക്കും. യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആകെയുള്ള 848ൽ 324 സീറ്റ് ലഭിക്കും. അതായത് പകുതിക്ക് അടുത്തുള്ള സീറ്റുകൾ ഈ നാല് സംസ്ഥാനങ്ങൾക്ക് മാത്രമായി ലഭിക്കും. എന്നാൽ മൊത്തം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും 40ൽ താഴെ സീറ്റുകൾ മാത്രമേ അധികമായി ലഭിക്കുകയുള്ളു.

മണ്ഡലപുനർനിർണയത്തിൽ സുപ്രധാന പഠനം നടത്തിയ കാർണഗി എൻഡോവ്‌മെന്റിന്റെ പഠനത്തിൽ 2026ൽ ഓരോ ജനസംഖ്യയ്ക്ക് ആനുപാതികമായി ലോക്‌സഭാ സീറ്റുകൾ പുനർവിന്യസിച്ചാൽ കേരളത്തിലും തമിഴ്‌നാട്ടിലും എട്ട് സീറ്റുകൾ വീതം കുറയുമെന്ന് സൂചിപ്പിക്കുന്നുണ്ട്. നിലവിൽ 20 സീറ്റുകളുള്ള കേരളത്തിൽ 12 സീറ്റ് മാത്രമാകും. ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും എട്ട് സീറ്റുകളും കർണാടകയിൽ രണ്ട് സീറ്റുകളും കുറയും. ദക്ഷിണേന്ത്യയ്ക്ക് പുറമേ പശ്ചിമബംഗാൾ (നാല് സീറ്റുകൾ), ഒഡിഷ (മൂന്ന് സീറ്റ്), പഞ്ചാബ് (ഒരു സീറ്റ്) എന്നീ സംസ്ഥാനങ്ങളിലും സീറ്റ് കുറയും. 

ആകെ ലാഭം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കാണ്. ഹിമാചൽ പ്രദേശും ഉത്തരാഖണ്ഡും ഒഴികെ ഉത്തർപ്രദേശിന് 11 സീറ്റും, ബിഹാറിന് 10 സീറ്റും, രാജസ്ഥാനിൽ ആറ് സീറ്റും, മധ്യപ്രദേശിൽ നാല് സീറ്റും കൂടും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഒരു സീറ്റ് വീതം കുറയും. ഇങ്ങനെയാണ് ഏകദേശം വരുന്ന കണക്കുകൾ. മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമാണ്. ഇവിടെ ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനമായതിനാൽ തന്നെ സീറ്റ് കുറയുന്നത് ബിജെപിക്ക് പ്രശ്‌നമുണ്ടാകില്ല. 

എന്നാൽ മണ്ഡല പുനർനിർണയത്തിൽ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഉത്തർപ്രദേശും മധ്യപ്രദേശും രാജസ്ഥാനും ബിഹാറുമടങ്ങുന്ന ഹിന്ദി ഹൃദയഭൂമി ബിജെപിയുടെ കയ്യിലാൽ സുരക്ഷിതമാണ്.
അതുകൊണ്ട് തന്നെയാണ് ഇതു തിരിച്ചറിഞ്ഞ് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരെ സ്റ്റാലിൻ രംഗത്തെത്തിയത്. ഈ രീതിയിലാണ് മണ്ഡല പുനർനിർണയം നടക്കുന്നതെങ്കിൽ അത് ജനാധിപത്യ സംവിധാനത്തിനും വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് വിമർശനം. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന തരത്തിലുള്ള മണ്ഡല പുനർനിർണയം നടത്തിയാൽ അതു നിയമ യുദ്ധങ്ങളിലേക്കും നീങ്ങിയേക്കാം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Population-based constituency delimitation may reduce the representation of southern states, benefiting BJP-ruled northern states, with opposition mounting.

#PopulationDelimitation #BJP #DMK #IndianPolitics #SouthernStates #ElectionStrategy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia