Criticism | എഡിജിപി വിഷയത്തിൽ സിപിഐയിൽ അധികാര കിടമത്സരം; നേതൃത്വത്തിൽ നിന്നും ബിനോയ് വിശ്വം പുറത്തേക്കോ? വെല്ലുവിളി ശക്തമക്കി പ്രകാശ് ബാബു
● സി.പി.ഐയിൽ ബിനോയ് വിശ്വത്തിനെതിരെ ഗ്രൂപ്പ് പോര് ശക്തമായി.
● എഡിജിപി വിഷയത്തിൽ പാർട്ടിയുടെ നിലപാടിലുള്ള വിയോജിപ്പാണ് പ്രധാന വിവാദം.
● പാർട്ടി സമ്മേളനം മുന്നിൽ കണ്ടാണ് ഈ പോരാട്ടം രൂക്ഷമാകുന്നത്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സി.പി.ഐ കേരള സംസ്ഥാന ഘടകത്തിൽ ബിനോയ് വിശ്വത്തിനെതിരെ ഗ്രൂപ്പ് പോര് ശക്തമാകുന്നു. നേരത്തെയുണ്ടായിരുന്ന കാനം രാജേന്ദ്രൻ വിഭാഗത്തിൻ്റെ ഔദ്യോഗികമുഖമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം. വിവാദ വിഷയങ്ങളിൽ സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് എതിർവിഭാഗത്തിൻ്റെ ആരോപണം. ഇടതുമുന്നണിയിലെ രണ്ടാം പാർട്ടിയായ സി.പി.ഐക്ക് തിരുത്തൽ ശക്തിയായി മാറാൻ കഴിയുന്നില്ലെന്നാണ് ബിനോയ് വിശ്വത്തിൻ്റെ എതിർ ക്യാംപിലുള്ളവർ പറയുന്നത്.
ഇക്കാര്യം പാർട്ടി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തി പാർട്ടി പിടിക്കാനുള്ള നീക്കങ്ങളാണ് കെ. ജയപ്രകാശ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത്ത് കുമാറിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് നേരത്തെ ജയപ്രകാശ് ബാബു ജനയുഗം ദിനപത്രത്തിൽ ലേഖനം എഴുതിയിരുന്നു. എ.ഡി.ജി.പി വിഷയം പാർട്ടി രാഷ്ട്രീയമായി തന്നെയാണ് കാണുന്നതെന്ന് ഈ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ തന്നെ മറികടന്നു കൊണ്ട് പാർട്ടി നയങ്ങൾ ജയപ്രകാശ് ബാബു ചൂണ്ടിക്കാട്ടിയത് ബിനോയ് വിശ്വത്തിന് സുഖിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിവാദ വിഷയങ്ങളിൽ പരസ്യ പ്രസ്താവന വേണ്ടെന്ന നിർദ്ദേശവുമായി വിമതവിഭാഗത്തിൻ്റെ വാ മൂടിക്കെട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എഡിജിപി വിവാദം മുൻനിര്‍ത്തി നേതൃത്വം പിടിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്ന സംശയവും ബിനോയ് വിശ്വത്തിനുണ്ട്.
തനിക്കെതിരായം പടയൊരുക്കം തിരിച്ചറിഞ്ഞാണ് അതിരുകടക്കുന്ന പ്രതികരണങ്ങൾക്ക് ബിനോയ് വിശ്വം തടയിട്ടത്. പാർട്ടിസമ്മേളനകാലം കൂടിയായതിനാൽ നേതാക്കൾ ഇരു ചേരികളായി നിന്ന് അധികാരം പിടിക്കാനുള്ള നീക്കങ്ങൾ ഇതിനകം സജീവമായിട്ടുണ്ട്. കാനത്തിന് ശേഷം ഇനിയാരെന്ന ചോദ്യത്തിന് പറഞ്ഞുകേട്ടിരുന്ന പ്രധാന പേരുകളിലൊന്നായിരുന്നു കെ പ്രകാശ് ബാബുവിന്‍റേത്. ഇതിനിടക്കാണ് താൽക്കാലിക ചുമതലയിലേക്ക് ദേശീയ നേതൃത്വം കെട്ടിയിറക്കിയ ബിനോയ് വിശ്വം എത്തിയത്.
കാനത്തിന്‍റെ വിയോഗത്തിന് ശേഷം കസേര ഉറപ്പിച്ചത് ബിനോയ് വിശ്വമായിരുന്നു. പ്രത്യക്ഷത്തിൽ എല്ലാം ശാന്തമെന്ന് തോന്നുന്ന പാര്‍ട്ടിയിൽ അധികാരം പിടിക്കാനുള്ള അടിയൊഴുക്ക് അന്ന് മുതൽ തുടങ്ങിയതാണ്. ഒളിഞ്ഞും തെളിഞ്ഞും നിന്ന വിയോജിപ്പുകൾ എഡിജിപി വിവാദത്തോടെ ഇപ്പോൾ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. വിവാദ വിഷയങ്ങളിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിൻ്റെ പ്രതികരണങ്ങൾ മയപ്പെടുത്തിയ ധാര്‍മ്മികയതയാണെന്നും പാര്‍ട്ടി നയങ്ങൾ പ്രതിഫലിപ്പിക്കാൻ പോന്നതല്ലെന്നുള്ള വിമര്‍ശനമാണ് പ്രകാശ് ബാബു പക്ഷം ഉയർത്തുന്നത്.
എന്നാൽ എഡിജിപിയെ മാറ്റാൻ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും പാർട്ടി മുഖപത്രത്തിൽ ഇതിന് വിരുദ്ധമായി മുഖ്യമന്ത്രിയ്ക്ക് എതിരായ വിമര്‍ശനങ്ങളും പരസ്യ നിലപാടുകളും തുടർച്ചയായി വന്നത് ബോധപൂര്‍വമാണെന്ന വിലയിരുത്തലിലാണ് ബിനോയ് വിശ്വം. പാര്‍ട്ടി സമ്മേളനങ്ങൾ മുന്നോടിയായി ഉൾപാര്‍ട്ടി വിമര്‍ശകര്‍ക്ക് ഏറി വരുന്ന പിന്തുണയും ബിനോയ് വിശ്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
എന്നാൽ ബിനോയ് വിശ്വത്തെ രണ്ടും കൽപ്പിച്ച് സ്ഥാനഭ്രഷ്ടനാക്കാനാണ് പ്രകാശ് ബാബുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശ്രമിക്കുന്നതെന്നാണ് പറയുന്നത്. വരുന്നസമ്മേളനത്തോടെ നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ ഇനി എളപ്പമല്ല എന്ന തിരിച്ചറിവിലാണ് പ്രകാശ് ബാബു പക്ഷത്തിന്‍റെ പോക്ക്. നേതൃമാറ്റത്തിനായി ആവശ്യമെങ്കിൽ മത്സരമെങ്കിൽ അങ്ങനെ എന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഇതിൻ്റെ മുന്നോടിയായാണ് ഗ്രൂപ്പ് പോര് പാർട്ടിക്കുള്ളിൽ ശക്തമായത്.
#CPIKeral #BinoyViswam #PrakashBabu #EDGP #KeralaPolitics #PowerStruggle