Congratulation | പുതിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദിച്ച് പിപി ദിവ്യ
● കണ്ണൂരിലെ ജനതയ്ക്ക് അഭിമാനിക്കാന്‍ നാല് വര്‍ഷം കൊണ്ട് നേടിയ നേട്ടങ്ങള്‍ നിരവധി
● വോട്ടെടുപ്പില്‍ നിന്നും മാറി നിന്നത് കേസിലെ മുഖ്യസാക്ഷിയായ കണ്ണൂര്‍ കലക്ടര്‍ തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരിയായതിനെ തുടര്‍ന്ന്
● സാക്ഷികളെ കാണരുതെന്നും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നുണ്ട്
കണ്ണൂര്‍: (KVARTHA) ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കല്യാശേരി ഡിവിഷന്‍ അംഗവുമായ പിപി ദിവ്യ കോടതിയുടെ ജാമ്യ ഹര്‍ജിയിലെ നിബന്ധനകള്‍ കാരണം പങ്കെടുത്തില്ല. എഡിഎം നവീന്‍ ബാബു മരിക്കാനിടയായ സംഭവത്തില്‍ പൊലീസ് പ്രതി പട്ടികയില്‍ ചേര്‍ത്ത ദിവ്യ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വനിതാ ജയിലില്‍ നിന്നും മോചിതയായത്.
കേസിലെ മുഖ്യസാക്ഷിയായ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരിയായതിനെ തുടര്‍ന്നാണ് ദിവ്യ വിട്ടു നിന്നത്. സാക്ഷികളെ കാണരുതെന്നും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്. ഇതു കാരണം തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദിവ്യ വിട്ടു നിന്നത്.
എന്നിരുന്നാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രത്‌നകുമാരിക്ക് അഭിനന്ദനങ്ങളുമായി പിപി ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ രംഗത്തുവന്നിട്ടുണ്ട്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, നിര്‍വഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹര്‍ദവുമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിജയം.
കണ്ണൂരിലെ ജനതയ്ക്ക് അഭിമാനിക്കാന്‍ നാല് വര്‍ഷം കൊണ്ട് നേടിയ നേട്ടങ്ങള്‍ നിരവധിയാണെന്ന് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉള്‍പ്പെടെ നാല് സംസ്ഥാന അവാര്‍ഡുകള്‍, 1500 പുസ്തകങ്ങള്‍ ഒരു വേദിയില്‍ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാര്‍ഡ് സ്വന്തമാക്കിയ കാര്യവും ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
#PanchayatElection, #Kannur, #PPDivya, #FacebookPost, #KeralaPolitics, #ADMCase