Priyanka Gandhi | പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ശരിക്കും ഇടതുപക്ഷം ഭയപ്പെടുന്നു, ഒപ്പം കോൺഗ്രസ് ഗ്രൂപ്പുകളും 

 

 
Priyanka Gandhi's arrival in Wayanad is feared by Left and also Congress groups
Priyanka Gandhi's arrival in Wayanad is feared by Left and also Congress groups


സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം ഇന്ന് ഒരു അടിത്തറയുമില്ലാതെ അവിയൽ പരുവത്തിൽ കിടക്കുന്ന അവസ്ഥയിലാണ് 

ഏദൻ ജോൺ 

(KVARTHA) രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് ലോക് സഭാ സീറ്റിൽ അടുത്തുവരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ  യു.ഡി.എഫ് സ്ഥാനാർത്ഥിയായി രാഹുലിൻ്റെ സഹോദരിയും  കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വയനാട്ടുകാരും സംസ്ഥാന കോൺഗ്രസ് പ്രവർത്തകരും ആവേശപൂർവമാണ് ഏറ്റെടുത്തിരിക്കുന്നത്. വയനാട്ടിന് ഒപ്പം തന്നെ ഷാഫി പറമ്പിലും കെ രാധാകൃഷ്ണനും എം.പിമാരായ ഒഴിവിൽ പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേയ്ക്കും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും ഉറപ്പാണ്. ഈ രണ്ട് സീറ്റിലും പ്രിയങ്കയുടെ വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം ഉണർവേകുമെന്ന് കരുതുന്നവരും ഏറെയാണ്. 

ആലത്തൂർ എന്നത് ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയാണ്. അവിടെ സി.പി.എം സ്ഥാനാർത്ഥി തന്നെ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ അവർ വിജയത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കുന്നുമില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആലത്തൂർ ലോക് സഭാ മണ്ഡലത്തിൽ ഇക്കുറി കെ രാധാകൃഷ്ണനോട് മത്സരിച്ച് തോറ്റ മുൻ എം.പി രമ്യാ ഹരിദാസ് സ്ഥാനാർത്ഥിയാകും എന്നാണ് കേൾക്കുന്നത്. എന്തായാലും ചേലക്കരയിലെ മത്സരം വയനാട്ടിലെ പ്രിയങ്കയുടെ സാന്നിധ്യം കൊണ്ട് തന്നെ തീപാറുമെന്ന് ഉറപ്പായിരിക്കുകയാണ്. 

ഷാഫി പറമ്പിൽ വടകരയിൽ എം.പി ആയതിനെത്തുടർന്ന് ഒഴിവ് വരുന്ന പാലക്കാട് സീറ്റ് ഇത്തവണ ബി.ജെ.പി പ്രത്യേകം നോട്ടമിട്ടിരിക്കുന്ന സീറ്റാണ്. എന്ത് വിലകൊടുത്തും ഇക്കുറി പാലക്കാട് നിയമസഭാ സീറ്റ് ബി.ജെ.പി പിടിക്കാൻ തന്നെയാണ് നീക്കം നടത്തുന്നത്. പാലക്കാട് സീറ്റിൽ ബി.ജെ.പി ഈ ഉപതെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഷാഫി പറമ്പിൽ പാലക്കാട് നിയമസഭാ സീറ്റിൽ വിജയിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരൻ സാർ അവിടെ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ബി.ജെ.പി യുടെ പ്രതീക്ഷ. യു.ഡി.എഫും എൽ.ഡി.എഫും ഇവിടെ മികച്ച സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് അറിയുന്നത്. 

പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യകൊണ്ട് പാലക്കാടും ചേലക്കരയും അടിച്ചുകേറാമെന്ന് തന്നെയാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. പ്രിയങ്കയുടെ വയനാട് ലോക് സഭാ സീറ്റിലെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം എൽ.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങളിൽ ഞടുക്കം സൃഷ്ടിച്ചുണ്ടെന്നത് തീർച്ചയാണ്. പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോൾ കണ്ട പ്രിയങ്കാ ഗാന്ധിയെ ആയിരിക്കില്ല വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ ഇനി കാണാൻ പോകുന്നത്. പ്രിയങ്കയുടെ കന്നിമത്സരമാണ് വയനാട്ടിലേത് എന്നത് കൊണ്ടും വയനാട്ടിലെ യു.ഡി.എഫ് പ്രവർത്തകർ ഇത് ആവേശമാക്കുമെന്ന് തീർച്ചയാണ്. സംഗതി സത്യമാണെങ്കിൽ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ ഏറെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് കിട്ടാനും സാധ്യതയുണ്ട്. 

പ്രിയങ്കയുടെ കന്നിമത്സരം എന്നതിനാൽ തന്നെ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഇന്ത്യാ സഖ്യത്തിൻ്റെ ഭൂരിപക്ഷം നേതാക്കളും വയനാട്ടിൽ തമ്പടിച്ച് പ്രവർത്തിക്കാനും സാധ്യതയുണ്ട്. കാരണം, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ എല്ലാവർക്കും ഇവിടെ എത്താനും പ്രവർത്തിക്കാനും സമയം ഉണ്ടെന്ന് അർത്ഥം. ഇത് കേരളം മുഴുവൻ തരംഗമാകാനും സാധ്യതയുണ്ട്. പ്രിയങ്ക കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ രാജ്യം മുഴുവൻ ഓടി നടക്കുന്ന സാഹര്യമായിരുന്നു ഉണ്ടായിരുന്നത്. ഇത് ഉപതെരഞ്ഞെടുപ്പ് ആകുമ്പോൾ പ്രിയങ്കയ്ക്കും വയനാട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനും സാധിക്കും. കോൺഗ്രസിൻ്റെ ബൂത്ത് തലം വരെ എത്തപ്പെടാൻ പ്രിയങ്കയ്ക്ക് ആയെന്ന് ഇരിക്കും. ഇത് വോട്ടിൽ ഗണ്യമായ വർദ്ധനവ് സൃഷ്ടിക്കാനാവും ഉപകരിക്കുക. അതാണ് രാഹുലിൻ്റെ ഭൂരിപക്ഷം മറികടക്കാൻ സാധ്യതയുണ്ടെന്ന് പറയുന്നത്.

ഇത് ദക്ഷിണേന്ത്യയിലും കോൺഗ്രസിന് ഊർജം പകരാൻ ഇടനൽകും എന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ രാഹുൽ ഗാന്ധിയെപ്പോലെ രാജ്യം മുഴുവൻ പ്രിയങ്കയ്ക്ക് ഓടിനടക്കേണ്ടതില്ല. കോൺഗ്രസിൻ്റെ അനിഷേധ്യനായ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ പ്രചരണാർത്ഥം രാജ്യം മുഴുവൻ ഓടി നടക്കുമ്പോൾ പ്രിയങ്കയ്ക്ക് വയനാട്ടിൽ കുറെ ഏറെ ശ്രദ്ധചെലുത്താനും ജനങ്ങളുമായി കൂടുതൽ ഇടപഴകാനും സാധിക്കും. 

കൂടാതെ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം ഇന്ന് ഒരു അടിത്തറയുമില്ലാതെ അവിയൽ പരുവത്തിൽ കിടക്കുന്ന അവസ്ഥയിലുമാണ്. ഇവിടെ ശക്തമായ ഇടപെടൽ നടത്താനും കോൺഗ്രസിന് കേരളാ രാഷ്ട്രീയത്തിൽ പുത്തൻ ഉണർവ് സമ്മാനിക്കാനും ആവുമെന്ന് കരുതുന്നവരാണ് ഏറെ. അണികൾക്ക് പ്രിയങ്ക ആവേശമാകുമ്പോൾ ഗ്രൂപ്പ് നേതാക്കൾക്ക് ഇത് എത്ര പിടിക്കുമെന്നാണ് കണ്ടറിയേണ്ടത്. പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേയ്ക്കുള്ള വരവ് ശരിക്കും കോൺഗ്രസ് ഗ്രൂപ്പുകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. എന്തായാലും കോൺഗ്രസിൽ എന്തോ ചില മാറ്റങ്ങൾ വരുമെന്നാണ് സൂചനകൾ നൽകുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia