Controversy | ഫലസ്തീന് പിന്തുണ; തണ്ണിമത്തന്‍ ആലേഖനം ചെയ്ത പ്രിയങ്കയുടെ ബാഗ് തരംഗമായി; പിന്നാലെ രാഷ്ട്രീയ പോരും 

 
Priyanka Gandhi's Palestine Bag Sparks Debate in Parliament
Priyanka Gandhi's Palestine Bag Sparks Debate in Parliament

Photo Credit: X/ Dr. Shama Mohamed

● ഈ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ്, ഇത് പെട്ടെന്ന് വൈറലായി.
● ഫലസ്തീൻ അനുകൂല ബാഗ് ധരിച്ചെത്തിയ പ്രിയങ്ക ഗാന്ധിയുടെ നടപടിക്കെതിരെ ബിജെപി അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്.
● മുതിർന്ന ബിജെപി നേതാവ് അമിത് മാളവ്യ കോൺഗ്രസിനെ 'പുതിയ മുസ്ലീം ലീഗ്' എന്ന് വിശേഷിപ്പിച്ചു. 

ന്യൂഡൽഹി: (KVARTHA) കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച ഫലസ്തീൻ ജനതയെ  പിന്തുണക്കുന്ന ബാഗുമായി പാർലമെൻ്റിലെത്തിയതിന്റെ ചിത്രങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ബാഗിൽ ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിൻ്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്തിരുന്നു, കൂടാതെ 'ഫലസ്തീൻ' എന്ന് ഇംഗ്ലീഷിൽ വ്യക്തമായി എഴുതിയിട്ടുമുണ്ടായിരുന്നു. 

ഈ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ്, ഇത് പെട്ടെന്ന് വൈറലായി. നേരത്തെ തന്നെ ഗസ്സയിലെ അതിക്രമങ്ങൾക്കും ഇസ്രാഈൽ സർക്കാരിൻ്റെ വംശഹത്യ നടപടികൾക്കെതിരെയും രംഗത്ത് വന്ന നേതാവാണ് പ്രിയങ്ക. അതേസമയം ഫലസ്തീൻ അനുകൂല ബാഗ് ധരിച്ചെത്തിയ പ്രിയങ്ക ഗാന്ധിയുടെ നടപടിക്കെതിരെ ബിജെപി അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. 


മുതിർന്ന ബിജെപി നേതാവ് അമിത് മാളവ്യ കോൺഗ്രസിനെ 'പുതിയ മുസ്ലീം ലീഗ്' എന്ന് വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധിയേക്കാൾ വലിയ ദുരന്തമാണ് പ്രിയങ്കയെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. ബംഗ്ലദേശിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതിൽ പ്രിയങ്ക ആശങ്കയൊന്നും കാണിക്കുന്നില്ലെന്നും  മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമാണ് ഇടപെടുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. 


പ്രിയങ്ക കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും വാർത്തകൾക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. എന്നാൽ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്നും, താൻ എന്താണ് ധരിക്കുക എന്നത് താനല്ലാതെ വേറെ ആരാണ് തീരുമാനിക്കുകയെന്നും പ്രിയങ്ക ചോദിച്ചു. ഏന്ത് ധരിക്കരുതെന്നും ധരിക്കണമെന്നും പറയുന്നത് പുരുഷാധിപത്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

നെറ്റിസൻസും പ്രിയങ്കയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. 'നിർഭയമായ നേതാവ്' എന്ന് ഒരു  ഉപയോക്താവ് പ്രതികരിച്ചപ്പോൾ 'ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെ കണ്ടെത്തി', എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാൽ, ബംഗ്ലാദേശിലെ ഹിന്ദുക്കളോട് അതേ ഐക്യദാർഢ്യം കാണിക്കാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞില്ല', എന്നായിരുന്നു മറ്റൊരാളുടെ വിമർശനം.

പ്രിയങ്ക പാർലമെന്റിലെത്തിയ ആദ്യ ആഴ്ചയിൽത്തന്നെ തന്റെ സഹോദരനായ രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രിയങ്ക ബിജെപിയെ 'അമ്പരപ്പിക്കുന്ന നേതാവ്' ആയി മാറിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ബിജെപിയെ നേരിടുന്ന കാര്യത്തിൽ രാഹുലിനേക്കാൾ മൂർച്ചയേറിയ  രാഷ്ട്രീയ നേതാവായി പ്രിയങ്ക കണക്കാക്കപ്പെടുന്നു.

 #PriyankaGandhi #Palestine #BJP #Congress #PoliticalDebate #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia