Criticism | പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം
● പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പ്രക്ഷോഭകര്‍ക്ക് പരുക്കേറ്റു
● പ്രക്ഷോഭകാരികള്‍ മുന്നോട്ട് വച്ചത് 5 ആവശ്യങ്ങള്‍
ധാക്ക: (KVARTHA) പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധം. പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭബന്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ശെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രതിഷേധങ്ങള്‍ക്ക് സമാനമായ പ്രക്ഷോഭങ്ങളാണ് ഇപ്പോള്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു.
ബംഗ ഭബനിലേക്ക് പ്രതിഷേധക്കാരെ കടത്തിവിടാതെ ബാരിക്കേഡുകളും മറ്റും വച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ഗ്രനേഡുകളും പ്രയോഗിച്ചു. സംഭവത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് മാധ്യമമായ മനബ് സമിനു നല്‍കിയ അഭിമുഖത്തില്‍ ശെയ്ഖ് ഹസീന രാജ്യം വിട്ടപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്ന് ശഹാബുദ്ദീന്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണമായത്.
വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ഹസീന രാജ്യംവിട്ടത്. അന്ന് പ്രതിഷേധം നയിച്ച ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ് മെന്റ് ആണ് ഇപ്പോള്‍ പ്രസിഡന്റിന്റെ രാജി ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട ഹസീന ഇന്ത്യയില്‍ അഭയം തേടിയിരുന്നു.
ഹസീനയുടെ രാജിക്ക് കാരണക്കാരായ വിദ്യാര്‍ഥി പ്രതിഷേധ സംഘം അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു പ്രസിഡന്റിന്റെ രാജി. ഏഴു ദിവസത്തിനകം രാജിവയ്ക്കണമെന്നാണ് സംഘത്തിന്റെ ആവശ്യം. 1972ല്‍ നിലവില്‍ വന്ന ബംഗ്ലാദേശ് ഭരണഘടന റദ്ദാക്കണമെന്നും വിദ്യാര്‍ഥി പ്രക്ഷോഭകരുടെ സംഘം ആവശ്യപ്പെടുന്നു. ഈ ആഴ്ചയ്ക്കുള്ളില്‍ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങുമെന്ന് ആന്റിഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ് മെന്റിന്റെ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ഹസ്‌നത്ത് അബ്ദുല്ല പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് രാത്രി ശഹാബുദ്ദീന്‍ രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ ഹസീന രാജിക്കത്ത് അയച്ചെന്നും അത് തനിക്ക് കിട്ടിയെന്നും വ്യക്തമാക്കിയിരുന്നു. അന്ന് സൈനിക മേധാവി ജനറല്‍ വാക്കര്‍ ഉസ് സമാനും നാവിക, വ്യോമ സേനാ മേധാവികള്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
അന്നു നടത്തിയ അഭിസംബോധനയും ഇപ്പോള്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖവും നോക്കുമ്പോള്‍ ഏതെങ്കിലും ഒന്ന് വ്യാജമാണെന്ന് വ്യക്തമാകുന്നുവെന്നും പ്രസിഡന്റ് പദവിക്ക് നിരക്കാത്തത് ശഹാബുദ്ദീന്‍ ചെയ്തുവെന്നും ഇടക്കാല സര്‍ക്കാരില്‍ നിയമ മന്ത്രിയായ ആസിഫ് നസ്‌റുല്‍ പ്രതികരിച്ചു.
#BangladeshProtests #ShahabuddinResign #StudentMovement #PoliticalUnrest #SheikhHasina #BangladeshPolitics