Controversy | വയനാട് കണക്കിൽ നിന്നും ചർച്ച പൾസർ സുനിയിലേക്ക് മാറി; ഈ ജാമ്യം കൊണ്ട് കണക്കിലെ കളിയിൽ നിന്നും തൽക്കാലം സർക്കാർ മുഖം രക്ഷിച്ചുവോ?
● പൾസർ സുനിക്ക് ഏഴ് വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
● സുപ്രീം കോടതി വിചാരണ നീണ്ടുപോകുന്നതിനെ കുറിച്ച് രൂക്ഷ വിമർശനം ഉന്നയിച്ചു.
● സർക്കാർ വാദിച്ചത് പ്രതിഭാഗം വിചാരണ നീട്ടുകയാണെന്നാണ്.
മിന്റാ മരിയ തോമസ്
(KVARTHA) കള്ളുകുടിയന്മാർക്കും പെണ്ണുപിടിയന്മാർക്കും കൊലപാതകികൾക്കും സംരക്ഷണം നൽകുന്ന സംസ്ഥാനമായി കേരളം മാറുകയാണോ? ഇത് ചോദിക്കുന്നത് ഇവിടുത്തെ പൊതുസമൂഹമാണ്. ഇപ്പോൾ ഇങ്ങനെ പൊതുജനം ചോദിക്കാൻ കാരണം നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചതുകൊണ്ടാണ്. ക്വട്ടേഷൻ നൽകിയവർക്ക് അറിയാം വിചാരണ നീട്ടിക്കൊണ്ടുപോവാൻ. പ്രതികൾക് അറിയാം എന്ത് തെറ്റ് ചെയ്താലും കടുത്ത ശിക്ഷ ഒന്നും ഉണ്ടാകില്ലെന്നും. ക്വട്ടേഷൻ കൊടുത്തവർ പൊതുജനങ്ങളെ നോക്കി ഇളിച്ചു നടക്കുന്നു. അതാണ് ഇതിൻ്റെ യഥാർത്ഥ സത്യവും.
ഇന്ത്യയിലെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യപ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാദികളോടെയാണ് ജാമ്യം നൽകിയത്.
വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വിസ്താരം നീണ്ടുപോകുന്നതെന്തുകൊണ്ടെന്ന ചോദ്യം സുപ്രീം കോടതി സർക്കാരിനോട് ചോദിച്ചു. കേസിന്റെ സാക്ഷി വിസ്താരം ഉള്‍പ്പടെയുള്ള വിചാരണയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകനാണ് വാദം നീട്ടുന്നതെന്നും പ്രൊസിക്യൂഷന്‍ പട്ടിക സഹിതം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത കഥകളാണ് എട്ടാംപ്രതി ദിലീപ് മെനയുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിസ്താരം ആവര്‍ത്തിച്ചും ദീര്‍ഘിപ്പിച്ചും തെളിവുകള്‍ക്കെതിരെ കഥകള്‍ മെനയുകയാണ് ദിലീപിന്റെ അഭിഭാഷകന്‍ എന്നുമാണ് സര്‍ക്കാരിന്റെ വാദം.
അന്തിമ വാദത്തിനായി മാത്രം ഒരുമാസം വേണ്ടിവരുമെന്നുമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി ബൈജു പൗലോസിനെ സുദീർഘമായി വിസ്തരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 109 ദിവസമാണ് ബൈജു പൗലോസിനെ വിസ്തരിച്ചത്. ഇതിൽ 90 ദിവസവും വിസ്തരിച്ചത് പ്രതി ദിലീപിൻറെ അഭിഭാഷകരാണ്. അതിജീവിതയെ ഏഴുദിവസം തുടർച്ചയായി വിസ്തരിച്ച കാര്യവും സത്യവാങ്മൂലത്തിൽ സർക്കാർ ഓർമിപ്പിക്കുന്നുണ്ട്.
പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ 35 ദിവസമാണ് വിസ്തരിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥരെ 20 ദിവസവും ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു. അനാവശ്യമായി ദിലീപിൻ്റെ അഭിഭാഷകർ വിസ്താരം നീട്ടിക്കൊണ്ടുപോകുന്നു എന്ന പരാതി നേരത്തെയും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ തെളിവുകൾ ദുർബലമാക്കാനാണ് ദിലീപിന്റെ അഭിഭാഷകർ ശ്രമിക്കുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസമാണ് ബൈജു പൗലോസിൻ്റെ വിസ്താരം പൂർത്തിയായത്..
ഇത് സ്വാഭാവികം. ഒരു കേസ് അന്വേഷിക്കാന്‍ ഏഴ് വര്‍ഷം നീട്ടി കൊണ്ടുപോയി. സ്വന്തം കാര്യത്തിന് ഉപയോഗിക്കും, ഇടക്കിടക്ക് പൊതുജന ശ്രദ്ധ തിരിച്ച് വിടണം. അല്ലാതെ അതിജീവിതയോട് എന്ത് അനുഭാവം ഇവര്‍ക്ക്. സർക്കാരിന് ഒരു പ്രശ്നം വന്നാൽ ദിലീപിനെ എടുത്ത് ഇടും. വയനാട് കണക്കിൽ നിന്നും ചർച്ച സുനിയിലേക്ക് മാറി. പൾസറിൻ്റെ ജാമ്യം കൊണ്ട് കണക്കിലെ കളിയിൽ നിന്നും തൽക്കാലം സർക്കാർ മുഖം രക്ഷിച്ചു എന്ന് വിശ്വസിക്കുന്നവരും ഇവിടെ ഏറെയുണ്ട്.
പൾസർ സുനിക്ക് ജാമ്യം കിട്ടരുതെന്ന് പറയാൻ ആർക്കും പറ്റില്ല. ജാമ്യം കിട്ടിയത് നല്ല കാര്യം. ഏഴ് കൊല്ലം ഒന്നും ജാമ്യം ഇല്ലാതെ ശിക്ഷ കിട്ടാതെ കിടക്കുവാൻ പാടില്ല. കേസ് അനന്തമായി നീട്ടുന്നത് വരെ വിചാരണ തടവുകാരൻ മാത്രം ആണ് സുനി. പ്രതി ആയിട്ടില്ല, തെറ്റ് ചെയ്തു എങ്കിൽ ശിക്ഷ വേണം. ആക്രമിച്ച കേസ് അല്ലെ, ഏഴ് കൊല്ലം തന്നെ ധാരാളം. ഇനി അയാളെ വെറുതേ വിട്ടാലും അത്ഭുതപ്പെടാനാവില്ല.
പക്ഷേ, ഈ കേസ് ഇത്രയും വലിച്ചു നീട്ടിക്കൊണ്ടുപോകാൻ ഇതിന് പിന്നിൽ കളിച്ചവർ ആരെന്നുള്ള സത്യമാണ് പുറത്തുവരേണ്ടത്. ഏഴ് കൊല്ലം മതിയായിരുന്നു ക്രിമിനലുകൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ. വിചാരണ അനന്തമായി നീണ്ടുപോയാൽ ആർക്കും ജാമ്യം കിട്ടും. അത് കോടതിയുടെ തെറ്റല്ല. വളരെ നാളുകൾക് മുമ്പേ വിചാരണ കോടതി ജഡ്ജ് ഇതിൽ നിന്ന് മാറ്റണം എന്ന് ആവശ്യപെട്ടിരുന്നു. അതും വലിയ ഒരു വാർത്തയായിരിരുന്നു. അന്ന് അത് ആരും ചെവികൊണ്ടില്ല. മറ്റൊന്ന് ദിലീപിന്റെ വക്കീൽ അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസം വിസ്തരിച്ചതിൽ ഒരു തെറ്റും ഇല്ല. കാരണം കേസ് അന്വേഷണം നടത്തിയ അയാളിൽ നിന്നും ആണ് കൂടുതൽ അറിയാൻ ഉള്ളത്.
അതിനിടയിൽ ഒരു സംവിധായകൻ എന്ന് പറഞ്ഞ് രംഗത്തു വന്ന ബാലചന്ദ്രൻ പോലെയുള്ള ആളുകളെ ഇറക്കി കേസ് നീട്ടിയ വാദിഭാഗവും ഓരോ മാസം ഈ കേസ് ആയിട്ട് ബന്ധം ഇല്ലാത്ത പുതിയ പുതിയ കേസ് കൊണ്ട് വന്നു കൊടുക്കലും ജഡ്ജിയെ മാറ്റണം വക്കീൽ മാറ്റണം പറഞ്ഞു നിരന്തരം പ്രശ്നം ഉണ്ടാക്കിയ വാദിഭാഗത്തിന്റെ ഭാഗത്തും തെറ്റുണ്ടായില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്.
ആരുടെയൊക്കെയോ ചില വഷളത്തരം കൊണ്ട് കേസ് ഇത്രയും നീണ്ടു. അത് പൾസർ സുനിക്ക് അനുഗ്രഹമായി. ഇനി നാളെ ഇതുമായി ബന്ധപ്പെട്ട് എന്താണ് നടക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണുക തന്നെ. രാഷ്ട്രീയ ഗുണ്ടകൾ എന്നറിയപ്പെടുന്ന കിർമാണി മനോജ്, കൊടി സുനി, ഫിലിം സ്റ്റാറുകളുടെ ഗുണ്ടാ എന്നറിയപ്പെടുന്ന പൾസർ സുനി, ഇവരൊക്കെ കേരളത്തിലെ വേണ്ടപ്പെട്ടവരുടെ ഗുണ്ടകളായിരുന്നു. ഇവരൊക്കെ സുരക്ഷിതരായിരിക്കും എല്ലാം കൊണ്ടും.
#PulsarSuni, #KeralaJustice, #SupremeCourt, #LegalSystem, #BailGranted, #DileepCase