Allegations | നന്മയുള്ള രാഘവേട്ടൻ പാർട്ടിക്കുണ്ടാക്കുന്ന പുകിലുകൾ? കോഴ നിയമന ആരോപണം തൂവെള്ള ഖദറിൽ കരിനിഴൽ വീഴ്ത്തുമ്പോൾ
● എതിരാളിയായി മത്സരിച്ച മുഹമ്മദ് റിയാസിനെ വെറും 839 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
● ഏറ്റവും ഒടുവിൽ സി.പി.എം നേതാവ് എളമരം കരീമിനെ 1,42,087 വോട്ടുകൾക്കാണ് തറപറ്റിച്ചത്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) കോൺഗ്രസിലെ നന്മ മരമായി പരിലസിക്കുന്ന നേതാക്കളിലൊരാളാണ് കോഴിക്കോട് എം.പി എം കെ രാഘവൻ. നാട്ടുകാരും പ്രവർത്തകരും രാഘവേട്ടനെന്നു വിളിക്കുന്ന എം.കെ. രാഘവൻ എന്താവശ്യത്തിനും വിളിപ്പുറത്തുണ്ട്. കോഴിക്കോട്ടെ വോട്ടർമാർ അതുകൊണ്ടാണ് അദ്ദേഹത്തെ കടുത്ത പോരാട്ടങ്ങൾക്കിടെയിലും നാലു തവണ ജയിപ്പിച്ചു പാർലമെൻ്റിലേക്ക് വിട്ടത്. കെ. സുധാകരനും സംഘം വും അരങ്ങുതകർക്കുന്ന കാലത്ത് കണ്ണൂരിൽ നിന്നും ഗ്രൂപ്പ് പോരിൻ്റെ പേരിൽഓടിച്ചു വിട്ടതാണെങ്കിലും 2009 ൽ കോഴിക്കോട് അപ്രതീക്ഷിത സ്ഥാനാർത്ഥിയായ എം.കെ രാഘവൻ ക്ലച്ച് പിടിച്ചു.
എതിരാളിയായി മത്സരിച്ച മുഹമ്മദ് റിയാസിനെ വെറും 839 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. 2014 ലെ തെരഞ്ഞെടുപ്പിൽ 16,883 വോട്ടുകൾക്ക് എ വിജയരാഘവനെയും 2019 ലെ തെരഞ്ഞെടുപ്പിൽ എ പ്രദീപ് കുമാർ എം.എൽഎയെ 85, 225 വോട്ടുകൾക്കും കീഴടക്കി മിന്നും വിജയത്തോടെ പാർലമെൻ്റിലെത്തി. ഏറ്റവും ഒടുവിൽ സി.പി.എം നേതാവ് എളമരം കരീമിനെ 1,42,087 വോട്ടുകൾക്കാണ് തറപറ്റിച്ചത്.
മത്സരിച്ചവരോട് രാഷ്ട്രീയഗോദയിൽ പോരാടാൻ നിൽക്കാതെ പഞ്ചപാവമായി നിൽക്കുകയായിരുന്നു. രാഘവേട്ടൻ. നല്ലവരായ കോഴിക്കോടുകാർ ഇതു തിരിച്ചറിയുകയും സംസ്ഥാനമാകെ ആഞ്ഞു വീശിയ യു.ഡി.എഫ് തരംഗത്തിൽ എം.കെ രാഘവനും പാർലമെൻ്റിലേക്ക് ടിക്കറ്റ് ലഭിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് കോടികളുടെ അഴിമതി ആരോപണം തെളിവുകൾ സഹിതം ഒരു ദേശീയ മാധ്യമം പുറത്തുവിട്ടെങ്കിലും തൻ്റെ കണ്ണീരുകൊണ്ട് അതിനെ മറികടക്കാൻ രാഘവേട്ടന് കഴിഞ്ഞു. കോഴിക്കോട് ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന എം.കെ രാഘവൻ വിശ്വപൗരൻ ശശി തരൂരുമായി ചേർന്ന് പാർട്ടിയിൽ ആഭിജാത്യമായ ഒരു ഗ്രൂപ്പ് തന്നെ ഉണ്ടാക്കി യിരിക്കുകയാണ്. തനിക്ക് ബാലികേറാ മലയായ കണ്ണൂരിലും സാന്നിദ്ധ്യമറിയിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് സ്വന്തം നാട്ടിലെ പ്രിയദർശിനി ട്രസ്റ്റിൻ്റെ ചെയർമാനാകാനും താൻ കൂടെ പടുത്തുയർത്തിയ മാടായി കോളേജിൻ്റെ ഭരണം നടത്താനും അദ്ദേഹം തയ്യാറായത്.
തന്നെ നിർബന്ധിച്ചു ചെയർമാനാക്കിയതാണെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും ജന്മനാടായ പയ്യന്നൂരുമായി നാഭീനാള ബന്ധം പുലർത്തുന്നതിൽ താൽപര്യം ഇതിന് പിന്നിലുണ്ട്. എം.പിയെന്ന നിലയിൽ തിരക്കിട്ട ജീവിതം നയിക്കുമ്പോഴും മാടായി കോളേജിൻ്റെ ഭരണം നിയന്ത്രിക്കുന്ന ചെയർമാൻ സ്ഥാനമെന്ന ഇരട്ടപദവി ഏറ്റെടുത്തത് പ്രാപ്തരായ മറ്റുനേതാക്കൾ ഇല്ലാത്തതിനാലായിരിക്കാം. എന്നാൽ അതു കൊണ്ടും തീർന്നില്ല, കോൺഗ്രസ് നിയന്ത്രിത സൊസൈറ്റി ഭരിക്കുന്ന കോളേജിൽ സി.പി.എം അനുകൂലികളായ രണ്ടു പേർക്ക് കോഴ വാങ്ങി നിയമനം നൽകിയെന്ന വിവാദമാണ് പുകിലുണ്ടാക്കിയിരിക്കുന്നത്.
പാർട്ടി പ്രവർത്തകരും ഭാരവാഹികളുമായ നിരവധി അപേക്ഷകരെ പുറത്തു നിർത്തിയാണ് ഈ തരികിട നടത്തിയത്. ഇതുണ്ടാക്കിയ രോഷം ചെറുതൊന്നുമല്ല. മാടായിലെയും കുഞ്ഞിമംഗലത്തെയും ബ്ലോക്ക് ഭാരവാഹികളും പ്രവർത്തകരും ഇളകി മറിയുകയായിരുന്നു. ഇൻ്റർവ്യു നടത്താനെത്തിയ എം.കെ രാഘവനെ തടത്ത നാല് പ്രവർത്തകരെ ഡി.സി.സിക്ക് പാർട്ടിയിൽ നിന്നും പുറത്തൊക്കേണ്ടിവന്നു. എം.കെ രാഘവനൊപ്പം നിന്ന ഭരണസമിതിയിലെ അഞ്ചുപേരെയും പിന്നീട് പുറത്താക്കി.
കുഞ്ഞിമംഗലം മൂശാരി കൊവ്വലിലുള്ള എം.കെ രാഘവൻ്റെ വീട്ടിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ചും കോലം കത്തിക്കലും നടന്നു. മാടായിലും പഴയങ്ങാടിയും പന്തംകൊളുത്തി പ്രകടനവും കോലം കത്തിക്കലും നടന്നു. എം.കെ രാഘവനെന്ന ദേശീയ കാര്യസമിതി അംഗത്തെ പാർട്ടിയെ വഞ്ചിച്ച കാട്ടു കള്ളനെന്ന് വിളിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ പ്രതിഷേധപ്രകടനം നടത്തിയത്. സുപ്രീം കോടതിയുടെ മാർഗനിർദ്ദേശപ്രകാരമാണ് നിയമനം നടത്തിയതെന്ന് എം.കെ രാഘവൻ വിശദീകരണമായി പറയുന്നുണ്ടെങ്കിലും അതൊന്നും അണികളിൽ ഏശിയിട്ടില്ല.
പയ്യന്നൂരെന്നത് കോൺഗ്രസിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ നാടാണ്. സി.പി.എമ്മുകാരാൽ കൊലചെയ്യപ്പെട്ട കെ.എസ്.യു നേതാവ് സജിത്ത് ലാലിൻ്റെ നാട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ എതിരാളികൾക്ക് നിയമനം നൽകിയ എം.കെ രാഘവൻ്റെ നടപടിയിൽ പ്രവർത്തകർക്ക് മാത്രമല്ല ഡി.സി സിക്കും അമർഷമുണ്ട്. അതിരുവിട്ട പ്രതിഷേധങ്ങൾ തെരുവിലെത്തിയതോടെ കെ.പി.സി.സിയും മാടായി കോളേജ് നിയമനവിവാദത്തെ ഗൗരവകരമായാണ് കാണുന്നത്. പ്രവർത്തകരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയ എ.കെ രാഘവൻ എത്രയും പെട്ടെന്ന് സൊസൈറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതം. അതാണ് പാർട്ടിയോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി.
പാർട്ടിക്കായി വെള്ളം കോരുകയും വിറക് വെട്ടുകയും തല്ലുകൊള്ളുകയും ചെയ്യുന്ന താഴെക്കിടയിലുള്ള പ്രവർത്തകരെ മറന്നുകൊണ്ടു ഒരു നേതാവും പ്രവർത്തിക്കാൻ പാടില്ലന്ന സന്ദേശമാണ് മാടായി കോളേജ് നിയമനവിവാദം നൽകുന്നത്. ഔചിത്യവും സാമാന്യമര്യാദയും എല്ലാവർക്കും ബാധകമാണ്.
#MK_Raghavan, #Congress, #Corruption, #Kerala, #Raghavettan, #PoliticalScandal