Political Statement | വയനാട്ടിൽ രണ്ട് എംപിമാർ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി
● രാഹുൽ സ്വയം വയനാടിന്റെ അനൗദ്യോഗിക എംപിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
● വയനാട് ജനതയുടെ സ്നേഹവും പിന്തുണയും തനിക്ക് ലഭിച്ചതിന് രാഹുൽ നന്ദി പറഞ്ഞു.
കൽപറ്റ: (KVARTHA) വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് എംപിമാർ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി എംപി. തന്റെ സഹോദരി പ്രിയങ്ക ഗാന്ധിയെ വയനാട് ജനതയ്ക്ക് സമർപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ.
രാഹുൽ സ്വയം വയനാടിന്റെ അനൗദ്യോഗിക എംപിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഞാൻ എന്റെ സഹോദരിയെ വയനാടിനെ ഏൽപ്പിക്കുകയാണ്. വയനാട്ടിലെ ഓരോരുത്തരെയും സ്വന്തം കുടുംബമായി കണക്കാക്കുന്നയാളാണ് പ്രിയങ്ക. വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ രാഹുൽ പറഞ്ഞു.
രാഹുൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വയനാട് ജനതയുടെ സ്നേഹവും പിന്തുണയും തനിക്ക് ലഭിച്ചതിന് രാഹുൽ നന്ദി പറഞ്ഞു.
കൽപറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്. രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു.
#RahulGandhi #PriyankaGandhi #Wayanad #Election2024 #Congress #Roadshow