RaGa | പാർലമെന്റിൽ മോദിക്ക് രാഹുൽ ഗാന്ധി നൽകിയ ഷോക്ക്; രാമന് പകരം പരമശിവനെ ഉയര്‍ത്തി, അതിന്റെ സന്ദേശം ബിജെപിയെ ഞെട്ടിച്ചു
അര്‍ണവ് അനിത
(KVARTHA) ലോക്‌സഭയില്‍ നന്ദിപ്രമേ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി തിങ്കളാഴ്ച നടത്തിയ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും മുഖംമൂടി വലിച്ചുകീറിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഹുല്‍ ഉന്നയിച്ച വിഷയങ്ങളും വാക്കുകളുടെ മൂര്‍ച്ചയും പ്രതിരോധിക്കാന്‍ നരേന്ദ്രമോദിക്ക് സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് പലവട്ടം എണീക്കേണ്ടിവന്നു. കൂടാതെ അമിത്ഷാ, രാജ്‌നാഥ് സിംഗ് എന്നിവരും കച്ചകെട്ടിയിറങ്ങി. കഴിഞ്ഞ പത്ത് വര്‍ഷം പാര്‍ലമെന്റില്‍ അപൂര്‍വമായി മാത്രം വന്നിരുന്ന മോദി തിങ്കളാഴ്ച ഏതാണ്ട് മുഴുവന്‍ സമയവും ലോക്‌സഭയിലുണ്ടായിരുന്നു. ജനം ബിജെപിക്ക് നല്‍കിയ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണതെന്ന് പ്രതിപക്ഷം പറയുന്നു.
പ്രതിപക്ഷ-ഭരണപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ ഓംബിര്‍ല പ്രധാനമന്ത്രിയുടെ മുന്നില്‍ മുട്ടിലിഴയുന്ന ആളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രാഹുൽ ശ്രമിച്ചു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സ്പീക്കറെ അഭിനന്ദിക്കാനെത്തിയ രാഹുലിന് മുന്നില്‍ നിര്‍വന്ന് നിന്നാണ് ഹസ്തദാനം ചെയ്തത്. പ്രധാനമന്ത്രി എത്തിയപ്പോള്‍ സാഷ്ടാംഗം പ്രണമിക്കുകയായിരുന്നു. രാഹുല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അതിന്റെ ചിത്രങ്ങള്‍ വൈറലായി. പ്രതിപക്ഷനേതാവെന്ന നിലയില്‍ താന്‍ ഓരോ കാര്യങ്ങളും സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.
അയോധ്യയില്‍ ബിജെപി എന്തുകൊണ്ട് തോറ്റു എന്ന വിഷയം മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവച്ചിരിക്കുകയാണ്. രാഹുല്‍ അത് തുറന്നുവിട്ടു. അവിടെ മത്സരിക്കാന്‍ മോദി രഹസ്യ സര്‍വേ നടത്തി. പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് വീണ്ടും വാരണാസിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്തുകൊണ്ട് മോദി പരാജയപ്പെടുന്നുള്ള കാര്യമാണ് ശ്രദ്ധേയം. രാമക്ഷേത്രത്തോട് അനുബന്ധിച്ച് നിര്‍മിച്ച വിമാനത്താവളത്തിനായി ആളുകളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിച്ചു. അവര്‍ക്കൊന്നും വേണ്ട നഷ്ടപരിഹാരം നല്‍കിയില്ല.
തൊട്ടുപിന്നാലെയാണ് 14 കിലോമീറ്റര്‍ രാമപാത നിര്‍മിച്ചത്. അതിന് ഇരുവശത്തുമായി താമസിച്ചിരുന്ന ആയിരങ്ങളെ കുടിയൊഴിപ്പിച്ചു. വ്യാപരസ്ഥാപനങ്ങള്‍ ബുള്‍ഡോസറുകളില്‍ ഞെരിഞ്ഞമര്‍ന്നു. പരാതി പറയാന്‍ ചെന്ന നാട്ടുകാരെ മുന്‍ എം.പി ലല്ലു സിംഗ് ഓടിച്ചു. ഇതൊക്കെ സഹിക്കാം. ക്ഷേത്ര ഉദ്ഘാടനത്തിന് നാട്ടുകാരെ ക്ഷണിച്ചില്ല. ഇക്കാര്യങ്ങളൊക്കെ തുറന്നടിക്കാന്‍ രാഹുലിന് കഴിഞ്ഞു. രാഹുല്‍ അയോധ്യക്കാരുടെ നാവായി മാറി. ബിജെപിയുടെ ഹിന്ദു സ്‌നേഹം വെറും കാപട്യമാണെന്ന് തുറന്നു കാട്ടാനായിയെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ സഖ്യകക്ഷികളാരും മുന്നോട്ട് വന്നില്ല എന്നതും ശ്രദ്ധേയമായി.
ഹിന്ദുക്കളെന്ന ലേബലൊട്ടിച്ചാണ് സംഘപരിവാറും അവരുടെ മറ്റ് സംഘടനകളും ന്യൂനപക്ഷങ്ങളെയും ദളിതരെയും ആക്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് കൊല്ലം രാജ്യത്ത് നടന്ന എല്ലാ ഹിംസകളും തുറന്നുകാട്ടി രാഹുല്‍ഗാന്ധി പറഞ്ഞു. മോദി ശ്രീരാമന്റെ പ്രതിനിധിയാണെന്ന് ട്രഷറി ബെഞ്ചില്‍ നിന്ന് പലരും വിളിച്ച് പറഞ്ഞപ്പോള്‍, അതാണ് അയോധ്യക്കാര്‍ തന്നത് എന്ന് മാത്രമാണ് രാഹുല്‍ മറുപടിനല്‍കിയത്. ദൈവത്തിന്റെ പേരില്‍ ഒരു നാട് മുഴുവനും കുളംതോണ്ടിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ആ ക്ഷേത്രത്തിന്റെ അവസ്ഥ എന്താണ്. 1800 കോടി മുടക്കി നിര്‍മിക്കുന്ന ക്ഷേത്രം പണിപൂര്‍ത്തിയാകും മുമ്പ്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനം നടത്തി. അതിപ്പോള്‍ ചോര്‍ന്നൊലിക്കുകയാണെന്ന് പ്രധാന പുരോഹിതനായ സത്യേന്ദ്രദാസ് വെളിപ്പെടുത്തി. ഇതാണോ ശ്രീരാമന്റെ പ്രതിനിധി ചെയ്യേണ്ടത്. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചതോടെ ആ പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ തയ്യാറായി.
അല്ലെങ്കില്‍ അത് ചരിത്രത്തിലെ വലിയ നാണക്കേടുകളില്‍ ഒന്നായിമാറുമെന്ന് ബിജെപിക്കറിയാം. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന സ്പീക്കറായി മാത്രമേ ഓംബിര്‍ലയെ വിലയിരുത്താനാകൂവെന്നാണ് പ്രതിപക്ഷ വിമർശനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാസ്സാക്കുന്നതിനെ എതിര്‍ന്ന 148 എംപിമാരെയാണ് അദ്ദേഹം സസ്‌പെന്‍ഡ് ചെയ്തത്. ജനാധിപത്യ കശാപ്പ് ചെയ്യുകയായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അതിനെ വിലയിരുത്തുന്നത്.
ശ്രീരാമന് പകരം ശിവനെയാണ് രാഹുല്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിപ്പിടിച്ചത്. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ശ്രീരാമന്‍ ക്ഷത്രിയനാണെങ്കില്‍ ശിവന്‍ ചണ്ഡാളനാണ്, അധൃതനാണ്. ആ ശിവനെ ഉയര്‍ത്തിപ്പിടിച്ചതിലൂടെ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്കൊപ്പമാണ് പ്രതിപക്ഷമെന്ന് അടിവരയിടുകയാണ് രാഹുല്‍ ചെയ്തത്. അതോടൊപ്പം മറ്റ് മതചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഈ സന്ദേശം രാജ്യം മുഴുവനും കണ്ടുകഴിഞ്ഞു. ബിജെപിക്ക് ഇതിലും വലിയ പ്രഹരം ഇനി കിട്ടാനില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ജെഡിയു, ടിഡിപി എന്നീ എന്‍ഡിഎ കക്ഷികളില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രതിപക്ഷം നീക്കം തുടങ്ങി.
അതോടൊപ്പം സംവരണ ശതമാനം 50ല്‍ നിന്ന് ഉയര്‍ത്താന്‍ ഭരണഘടനാ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു. ചരിത്രത്തിലാദ്യമായി പാര്‍ലമെന്റില്‍ പിന്നോക്ക എം.പിമാരുടെ എണ്ണം സവര്‍ണര്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പിന്നാക്കക്കാരുള്ളത് ഇന്ത്യ സഖ്യത്തിലാണ്. സവര്‍ണര്‍ ബിജെപിയിലും. പ്രതിപക്ഷ നിരയില്‍ ഏറ്റവും മുന്നില്‍ രാഹുലിന്റെ ഇടത്തും വലത്തുമായി കൊടിക്കുന്നില്‍ സുരേഷും അയോധ്യയിലെ ഫൈസാബാദ് മണ്ഡലത്തില്‍ നിന്ന് ജയിച്ച അവധേഷ് കുമാറുമാണ് ഇരിക്കുന്നത്. രണ്ട് പേരും ദളിതരാണ്. അതുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും ബിജെപി തീച്ചുളയിലാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതിന്റെ നീറ്റലും പുകച്ചിലും അവരെ വല്ലാതെ വേട്ടയാടും. അതുകൊണ്ട് പാര്‍ലമെന്റ് സമ്മേളനങ്ങളും സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്കും അത്യന്തം ദുഷ്‌ക്കരമാകുമെന്നും വിലയിരുത്തലുണ്ട്.