Political Maneuvering | കോണ്‍ഗ്രസിലെ ഫീനിക്‌സ് പക്ഷിയായി ചെന്നിത്തല, മുഖ്യമന്ത്രിസ്ഥാനത്തിനായി കരുനീക്കങ്ങള്‍ തുടങ്ങി
● രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള ശക്തമായ നീക്കങ്ങള്‍
● കെപിസിസിയില്‍ ശക്തമായ രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമം
● എന്‍എസ്എസ്, എസ്എന്‍ഡിപി നേതൃത്വങ്ങളുടെ പിന്തുണയും തമ്മിലുള്ള ബന്ധം
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യത്തിന് ഉത്തരമാവാന്‍ ശ്രമിക്കുകയാണ് മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല. കഴിവും പ്രാപ്തിയും പാരമ്പര്യവുമുള്ള രമേശ് ചെന്നിത്തലയെ തള്ളി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മറ്റൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക ദുഷ്‌കരമാണ്. എന്‍എസ്എസ്-എസ്എന്‍ഡിപി സാമുദായിക സംഘടനകളുടെ നിര്‍ലോഭ പിന്‍തുണ ചെന്നിത്തലയ്ക്കുണ്ട്.
പ്രതിപക്ഷ നേതാവായ വി ഡി സതീശന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തണമെങ്കില്‍ ഏറെ വൈതരണികള്‍ മുറിച്ചു കടക്കേണ്ടിവരും. കോണ്‍ഗ്രസില്‍ എട്ടോളം നേതാക്കള്‍ മുഖ്യമന്ത്രിസ്ഥാനത്തിന് യോഗ്യരാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. ചെന്നിത്തലയും മുഖ്യമന്ത്രിസ്ഥാനത്ത് യോഗ്യനാന്നെന്നാണ് സുധാകരന്റെ നിലപാട്. എന്നാല്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനമായിരിക്കും നടപ്പിലാക്കുകയെന്നാണ് സുധാകരന്റെ പ്രതികരണം. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാവാന്‍ ശ്രമിക്കുകയാണ് ചെന്നിത്തല.
കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കമാണ് മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല ഇപ്പോള്‍ നടത്തുന്നത്. സജീവമല്ലാത്ത നേതാക്കളെയടക്കം രംഗത്തിറക്കി ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് നീക്കം. ഗ്രൂപ്പ് നേതാക്കളുമായി രമേശ് ചെന്നിത്തല ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിച്ചും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനമ്പം സമരഭൂമിയിലേക്കും അരിപ്പ സമരഭൂമിയിലേക്കും എംടി അനുസ്മരണ ചടങ്ങിലും വിവിധ ദിവസങ്ങളിലായി ചെന്നിത്തല പങ്കെടുക്കും.
സാമുദായിക നേതൃത്വുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. 11 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് കഴിഞ്ഞദിവസം രമേഷ് ചെന്നിത്തല എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്. അതിന് മുമ്പ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സമസ്ത സ്ഥാപനത്തിന്റെ ഉദ്ഘാടകനായും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണമുണ്ട്. പ്രതിപക്ഷ നേതാവായതിന് പിന്നാലെ വി ഡി സതീശനായിരുന്നു സമസ്ത-ലീഗ് പരിപാടികളിലെ ക്ഷണിതാവ്. ഇതിനെ മറികടന്നാണ് സമസ്ത സ്ഥാപനത്തിന്റെ ഉദ്ഘാടകനായി ചെന്നിത്തലയെത്തുന്നത്.
മതസാമുദായിക സംഘടനകളെ ഏകോപിപ്പിക്കുന്നതില്‍ മുന്നണിയും പാര്‍ട്ടിയും പരാജയപ്പെട്ടുവെന്ന വിലയിരുത്തല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നടത്തിയിരുന്നു. മറ്റൊരു തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള നീക്കം കൂടിയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്നത്. എന്നാല്‍ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിന് ഏറ്റവും വലിയ തടസമായി നില്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനോ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോയല്ല. എഐസിസി സംഘടനാ കാര്യ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിസ്ഥാനത്ത് നേരത്തെ കണ്ണുവെച്ചത്.
കെ സി സമവായ സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ രംഗത്തിറങ്ങുമോയെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവെന്ന പദവിയില്‍ നിന്നും ചെന്നിത്തലയെ ഒരു വാക്ക് പോലും പറയാതെ ഇറക്കിവിട്ടത് കെ സി വേണുഗോപാലിന്റെ തന്ത്രമായിരുന്നു. മുറിവേറ്റ ചെന്നിത്തല അല്‍പ്പകാലം നിശബ്ദനായിരുന്നുവെങ്കിലും ഇപ്പോള്‍ ഫീനിക്‌സ് പക്ഷിയായി ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനമല്ലാതെ മറ്റൊന്നും അദ്ദേഹം ലക്ഷ്യമിടുന്നില്ല. കെപിസിസി അധ്യക്ഷനായും ആഭ്യന്തര മന്ത്രിയായും തിളങ്ങിയ നേതാവാണ് രമേശ് ചെന്നിത്തല. വരുംകാല കേരളീയ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ചെന്നിത്തലയ്ക്ക് അവസരം കിട്ടുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
#KeralaPolitics, #CongressLeadership, #RameshChennithala, #Keralanews, #Election2025, #KeralaCM