Controversy | പെരിയ കേസിലെ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് മുൻപിൽ മുദ്രാവാക്യം വിളികളോടെ സ്വീകരണം; തടവറ കാട്ടി കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ടെന്ന് പി ജയരാജൻ
● ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
● പി ജയരാജനും ജയിലിന് മുന്നിൽ എത്തിയിരുന്നു.
● കാക്കനാട്, വിയ്യൂർ ജയിലുകളിൽ നിന്നുള്ള പ്രതികളെയാണ് കണ്ണൂരിൽ എത്തിച്ചത്
കണ്ണൂർ: (KVARTHA) പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി ശിക്ഷിച്ച പ്രതികളെ പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമനടക്കമുള്ള പ്രതികളെയാണ് ഞായറാഴ്ച വൈകീട്ട് നാലിന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. കാക്കനാട് ജയിലിൽ നിന്ന് അഞ്ച് പ്രതികളേയും വിയ്യൂർ ജയിലിൽ നിന്ന് ഒൻപത് പ്രതികളേയുമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ജയിൽ മാറ്റം.
പ്രതികളെ സ്വീകരിക്കാൻ കാസർകോട്, കണ്ണൂർ ജില്ലകളിലെ സിപിഎം പ്രവർത്തകർ ജയിലിന് മുന്നിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രവർത്തകർ സ്വീകരിച്ചത്. പ്രതികളെ സ്വീകരിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും ജയിലിന് മുൻപിൽ എത്തിയിരുന്നു. കെ വി കുഞ്ഞിരാമൻ അടക്കം അഞ്ച് സഖാക്കളെ കണ്ടുവെന്ന് പി ജയരാജൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജയിൽ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള കാലമാണെന്നും പി ജയരാജൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട. എല്ലാ രാഷ്ട്രീയ കൊലയും അവസാനിക്കണം. മാധ്യമങ്ങൾക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരമാണ്. ഇരട്ട കൊലയെപ്പറ്റി പറയുമ്പോൾ വെഞ്ഞാറമൂട് കൊലപാതകം ഓർക്കണം. നിയമ പോരാട്ടത്തിന്റെ വഴികൾ ഇപ്പോഴുമുണ്ട്. ഇതിനുള്ള അവസരങ്ങൾ തങ്ങൾ വിനിയോഗിക്കുമെന്നും പി ജയരാജൻ പറഞ്ഞു.
#PeriyaCase #KannurJail #PJayarajan #CPM #KeralaPolitics #PoliticalViolence