Fees | ജനങ്ങൾ കയ്യോടെ തിരിച്ചടി നൽകി, കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് കുറച്ചു; സർക്കാരിന്റെ തിരുത്തലിന് പിന്നിലെന്ത്?
ഇവിടെ ജനദ്രോഹ നയങ്ങൾ അടിച്ചേൽപിച്ചില്ലായിരുവുങ്കിൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 10 എം.പിമാരെ എങ്കിലും കിട്ടിയേനെ ഇടതുപക്ഷത്തിന്
സോണി കല്ലറയ്ക്കൽ
(KVARTHA) കൊള്ളയടിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ കയ്യോടെ പിടിച്ചു. കൊള്ളമുതൽ തിരികെ കൊടുത്തു കള്ളൻ മാതൃകയായി. കടുംവെട്ടിന് ഇറങ്ങിയതാണ് ജനം മടലുവെട്ടി പുറംനോക്കി കൊടുത്തു എന്ന് ഈ വിഷയത്തെക്കുറിച്ച് ആരെങ്കിലും പരസ്യമായി പറഞ്ഞാൽ അവരെ എന്ത് ചെയ്യാൻ പറ്റും. ചിന്തിക്കുമ്പോൾ അത് സത്യമാണ് താനും. മന്ത്രിയ്ക്കും മന്ത്രിയുടെ പാർട്ടിക്കാർക്കും അത് ഇപ്പോൾ നല്ല ബോധ്യമായിട്ടുമുണ്ട്. ഇവിടെ ജനദ്രോഹ നയങ്ങൾ അടിച്ചേല്പിച്ചില്ലായിരുവുങ്കിൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 10 എം.പിമാരെ എങ്കിലും കിട്ടിയേനെ ഇടതുപക്ഷത്തിന്. പാർട്ടിയും ആ പാർട്ടിയുടെ കേരളം ഭരിക്കുന്ന സർക്കാരും ജനങ്ങൾക്കു മേൽ അടിച്ചേല്പിച്ച ജനദ്രോഹ നയങ്ങൾ ഇനിയുമുണ്ട്. അതുകൂടി മാറ്റിയാൽ വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ കാര്യമായ പുരോഗതി ഉണ്ടാക്കാം.
തിരിച്ചടികൾ വിലയിരുത്തി അടിച്ചേൽപ്പിച്ച നയങ്ങൾ തിരുത്തുകയാണ് ഇനിയെങ്കിലും വേണ്ടത്. അല്ലെങ്കിൽ ഭരണം മാത്രമല്ല സി.പി.എം എന്ന പാർട്ടി തന്നെ കേരളത്തിൽ തകർന്ന് അടിയും. വർഷങ്ങളോളം പാർട്ടി ഭരിച്ച പശ്ചിമ ബംഗാളിൽ സി.പി.എമ്മിന് സംഭവിച്ച ഗതി വല്ലപ്പോഴും ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും. പുതിയ വാർത്തയെന്തെന്നാൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കുട്ടിയ തീരുമാനം പിൻവലിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ എന്നാണ്. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎം നിർദേശപ്രകാരമാണ് സർക്കാറിൻ്റെ പിന്മാറ്റം. കെട്ടിട പെർമിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞിരിക്കുകയാണ്.
മന്ത്രി പറഞ്ഞത്: 'നേരത്തെ ഉയർന്ന തുക പെർമിറ്റ് ഫീസായ നൽകിയവർക്ക് ഇളവ് കഴിഞ്ഞ് ബാക്കി ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തും. പണം തിരികെ നൽകും. തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നൽകേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇറക്കും. ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക'.
20 ഇരട്ടി വരെയായിരുന്നു കെട്ടിട നിർമാണ പെർമിറ്റ് ഫീസാണ് കൂട്ടിയത്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായും പുതുക്കി നിശ്ചയിച്ചു. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകൾക്ക് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 50ഉം മുൻസിപ്പാലിറ്റികളിൽ 60ഉം, കോർപറേഷനിൽ 70 രൂപയുമാക്കി കുറച്ചു.
ഈ സർക്കാരിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിൽ മന്ത്രി എം ബി രാജേഷ് വഹിച്ച പങ്ക് വളരെ വലുതാണ്, പെർമിറ്റ് ഫീ ഉയർത്തുന്നതിനെ ചോദ്യംചെയ്ത പ്രതിപക്ഷ നേതാക്കന്മാരെ പരമ പുച്ഛത്തോടെയാണ് നോക്കി കണ്ടിരുന്നത്, തിരഞ്ഞെടുപ്പിൽ ഇത്ര ദയനീയമായി തോറ്റില്ലായിരുന്നെങ്കിൽ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടിയത് കുറക്കുമായിരുന്നില്ല എന്ന സത്യം ആർക്കാണ് അറിയാൻ പാടില്ലാത്തത് എന്നൊക്കെയുള്ള പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉയർന്നത്.
ഇപ്പോൾ ഈ പറയുന്ന ഇളവിൻ്റെ കാര്യം നോക്കാം. കാര്യമായി എന്ത് ഇളവാണ് ഉണ്ടായതെന്ന് ഒന്ന് ശ്രദ്ധിച്ചാൽ ആർക്കും ബോധ്യപ്പെടും. നിലവിലുണ്ടായിരുന്നത് കുറച്ചതല്ലല്ലോ. ഒരുപാട് കൂട്ടിയ ശേഷം ഇളവ്. അതും ജനവികാരം മാനിച്ചാണോ എന്നതിൽ സംശയമുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ വൻ കുറവ് ജിഎസ്‌ടി വരുമാനത്തിൽ വൻ കുറവുണ്ടായതായിരിക്കാം എന്നും സംശയിക്കുന്നവർ ഏറെയാണ്. ഇതും കൂടുതൽ തന്നെ, ഈ പൊടിയിടൽ കൊണ്ട് തീരുന്ന കൂട്ടലല്ല കൂട്ടിയത്. ഇനിയും കുറയ്ക്കണം, കുറക്കേണ്ടിവരും. നാല് ഇരട്ടി കൂട്ടി തൊഴിലാളി വർഗ പാർട്ടി, അതിൽ ഒരു ഇരട്ടി കുറച്ചു, ജനങ്ങളെ വല്ലാതെ അങ്ങോട്ട് സ്നേഹിക്കുന്ന തൊഴിലാളി വർഗ പാർട്ടി.
പാർട്ടി പ്രവർത്തകർ അനുഭാവികൾ, സഹയാത്രികർ ഉൾപ്പെടുന്ന സാധാരണ ജനത്തെ സർക്കാരും പാർട്ടിയും മറന്നാൽ അതിന് വലിയ കൊടുക്കേണ്ടി വരും എന്ന് ഓർക്കുക. ഇനിയും പലതും മാറാനുണ്ട് മാറ്റാനുണ്ട്, ഈ സർക്കാർ മാറിയാലും പ്രസ്ഥാനത്തിന് നിലനിൽപ്പ് അനിവാര്യമാണ് എന്ന ചിന്തയാവണം നേതാക്കന്മാരെ ഭരിക്കേണ്ടത്. മന്ത്രി ഈ പറഞ്ഞ കാര്യങ്ങളോക്കെ ജനം വിശ്വസിച്ചു. ഇനി മറ്റൊരു കാര്യമാണ് അറിയാനുള്ളത്. ഓൺലൈനിൽ അപേക്ഷിക്കാൻ ഫീസ് ഒരു പതിനായിരം വരുമോ. അതും മന്ത്രി ഒന്ന് വ്യക്തമാക്കിയാൽ നന്ന്. 'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ നല്ല രീതിയിൽ ജനം തോൽപ്പിച്ചപ്പോൾ കെട്ടിട നിർമ്മാണ ഫീസ് 60 ശതമാനം കുറച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടി നന്നായി തോൽപ്പിച്ചാൽ കറണ്ട് ചാർജും, വെള്ളത്തിൻ്റെ ചാർജും ഒക്കെ കുറച്ച് തരും', എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച കമന്റ്.