Iran Election | ഡോ. മസൂദ് പെസഷ്കിയാൻ ഇറാന്റെ പുതിയ പ്രസിഡന്റ്; രാജ്യത്തെ നയിക്കാൻ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ
ടെഹ്‌റാൻ: (KVARTHA) ഇറാൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥി ഡോ. മസൂദ് പെസഷ്കിയാന് ജയം. യാഥാസ്ഥിതികപക്ഷ സ്ഥാനാർഥി സഈദ് ജലീലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലമനുസരിച്ച്, ഇതുവരെ എണ്ണിയ 30 ദശലക്ഷം വോട്ടുകളിൽ മസൂദിന് 53.3 ശതമാനം വോട്ടും ജലീലിന് 44.3 ശതമാനം വോട്ടും ലഭിച്ചു.
ജൂൺ 28ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50 ശതമാനം വോട്ടു ലഭിച്ചിരുന്നില്ല. തുടർന്നാണ് വെള്ളിയാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തിയത്. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ആണ് ജൂൺ 28-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്.
പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു അപകടം. പ്രസിഡന്റും വിദേശകാര്യ മന്ത്രിയുമടക്കം ഒമ്പത് പേരാണ് അപകടത്തിൽ മരിച്ചത്. ഹൃദയശസ്ത്രക്രിയാ വിദഗ്ധനും പാർലമെന്റ് അംഗവുമാണ് പുതിയ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്കിയാൻ.