Obituary | ലീഡർ വിടവാങ്ങിയിട്ട് 14 വർഷം; ജന മനസിൽ ആവേശമായി മരിക്കാത്ത ഓർമകൾ

 
Remembering K. Karunakaran: A Stalwart of Kerala Politics
Remembering K. Karunakaran: A Stalwart of Kerala Politics

Photo Credit: Facebook/K Karunakaran

● കെ. കരുണാകരന്റെ 14-ാം ചരമവാർഷികം ആചരിക്കുന്നു.
● കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യനായി അറിയപ്പെട്ട വ്യക്തി.
● സ്വാതന്ത്ര്യ സമര സേനാനി, മുഖ്യമന്ത്രി, കോൺഗ്രസ് നേതാവ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.

(KVARTHA) നാലു തവണ കേരള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ലോക്സഭ രാജ്യസഭാ നിയമസഭ അംഗവും കോൺഗ്രസ് നേതാവും പല കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ചിത്രകാരനും  ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്ന കെ കരുണാകരൻ വിടവാങ്ങിയിട്ട് 14 വർഷം. മാളയുടെ മാണിക്യം, കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്നൊക്കെ  അറിയപ്പെട്ടിരുന്ന കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ സ്നേഹപൂർവം ലീഡർ എന്ന് വിളിച്ച കെ കരുണാകരനെ പിന്നീട് കേരളസമൂഹം ആ വിളിയിൽ തന്നെ ഏറ്റെടുക്കുന്നത് കാണുകയായിരുന്നു. 

സ്വാതന്ത്ര്യസമര സേനാനി ആയിരിക്കെ ജാതിമതവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ തന്റെ കണ്ണോത്ത് കരുണാകര മാരാർ എന്ന പേരിലെ ജാതി കഷണം മുറിച്ചു നീക്കി  കെ കരുണാകരൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. മഹാത്മജിക്ക് ഹരിജനങ്ങളോടുള്ള പ്രതിബദ്ധത സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങിയ ലീഡർ ചരിത്രത്തിൽ ആദ്യമായി (നിലവിൽ അവസാനമായും) ഹരിജനക്ഷേമ വകുപ്പ് ഏറ്റെടുത്ത മുന്നോക്ക വിഭാഗക്കാരനായ ഏക മുഖ്യമന്ത്രിയാണ്. പത്രപ്രവർത്തകർ ഹരിജനക്ഷേമ വകുപ്പ് എന്തേ ആ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകാത്തത് എന്ന് ചോദിച്ചപ്പോൾ അവർക്ക് ഞാനുണ്ട് എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞ വ്യക്തിയാണ് ലീഡർ.

1918 ജൂലൈ അഞ്ചിന് മിഥുനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ  കണ്ണൂരിലെ ചിറക്കലിലാണ് ലീഡർ ജനിച്ചത്. ചിറക്കൽ  രാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ ജയിച്ചതിനു ശേഷം തൃശൂർ ആർട്സ് കോളേജിൽ കരുണാകരൻ ചിത്രമെഴുത്തും ഗണിതശാസ്ത്രവും പഠിക്കാനായി തൃശൂരിലേക്ക് ചേക്കേറുകയായിരുന്നു. തൃശൂരിലെ വെള്ളാനിക്കരയിലുള്ള തന്റെ അമ്മാവനായ പുത്തൻവീട്ടിൽ രാഘവൻ നായരുടെ വസതിയിലേക്കു താമസം മാറ്റി. അമ്മാവൻ രാഘവൻ നായരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. പിന്നീട് തൃശൂർ തന്റെ തട്ടകമാക്കുകയായിരുന്നു.  

ഇവരുടെ മക്കളാണ് കോൺഗ്രസ് നേതാവായ കെ മുരളീധരനും നിലവിൽ ബിജെപി അംഗമായ പത്മജ വേണുഗോപാലും. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവർത്തകനായി തുടങ്ങിയ കരുണാകരൻ പിന്നീട് തൃശൂർ മുനിസിപ്പൽ കൗൺസിൽ അംഗമായി 1945 മുതൽ 1947 വരെ സേവനം അനുഷ്ഠിച്ചു. ഇരട്ട അക്കം പോലും തികയാത്ത കോൺഗ്രസ് എംഎൽഎമാരുടെ നേതാവായി നിയമസഭയിൽ പ്രവർത്തിച്ച കരുണാകരൻ പിന്നീട് അതേ പാർട്ടിയുടെ മുഖ്യമന്ത്രിയായി മാറിയത് ആ കഠിനപ്രയത്നത്തിന്റെ ബാക്കി പത്രമാണ്. 

ഇന്ത്യയിലെ ആദ്യത്തെ ജനകീയ വിമാനത്താവളമായ നെടുമ്പാശേരി എയർപോർട്ടിന്റെ ശില്പി എന്നതുൾപ്പെടെ കേരള രാഷ്ട്രീയത്തിൽ വികസനത്തിന്റെ ഒരുപാട് ഏടുകൾ സൃഷ്ടിച്ച വ്യക്തിയാണ് കരുണാകരൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും, വാർത്തകളിൽ നിറഞ്ഞുനിന്നതുമായ വ്യക്തികൂടിയാണ് കരുണാകരൻ. അടിയന്തരാവസ്ഥക്കാലത്ത് സി അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെ വിവാദമായ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി രാജന്റെ മരണം കാരണം മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്നിട്ടുണ്ട്. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നു 

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിട്ടാണെന്നും കെ കരുണാകരൻ  അറിയപ്പെട്ടിരുന്നത്. അടിയന്തരാവസ്ഥയെ തുടർന്ന് 1977 ൽ കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ പിളർപ്പ് നേരിടേണ്ടി വന്നപ്പോൾ ഇന്ദിരാഗാന്ധിയുടെ കൂടെ ഉറച്ചുനിന്നു. 1937 ൽ തൃശൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേയ്ക്ക് ആദ്യത്തെ പടി ചവിട്ടി. തുടർന്ന് കെ.പി.സി.സി.യിൽ അംഗമായി. ഇരിങ്ങാലക്കുടയിൽ പ്രജാമണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ട 1942 ൽ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിൽ കരുണാകരനുമുണ്ടായി. വിയ്യൂർ ജയിലിൽ ഒൻപത് മാസം കിടന്നു. സീതാറാം മിൽ സമരത്തിലും വിമോചനസമരത്തിലും പങ്കെടുത്ത് അറസ്റ്റു വരിച്ചിട്ടുണ്ട്.

കേരള രാഷ്ട്രീയത്തെ ഏറെ പ്രകമ്പനം കൊള്ളിച്ച കോൺഗ്രസ് രാഷ്ട്രീയപാർട്ടിയിൽ നിരവധി വേലിയേറ്റങ്ങൾ സൃഷ്ടിച്ച തിരുത്തൽ വാദി പ്രസ്ഥാനം എന്ന ഒരു വിഭാഗം പാർട്ടിയിൽ ഉടലെടുക്കാൻ വരെ കാരണമായ കാർ അപകടമായിരുന്നു 1992 ജൂലായ് മൂന്നിന് ലീഡർക്ക് ഉണ്ടായത്. ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് അപകടത്തിൽ പെട്ട് സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ടി വന്നിരുന്നു.  

കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം കരുണാകരൻ  2005 മേയ് ഒന്നിന് തൃശൂരിൽ വച്ചു ഡി.ഐ.സി. എന്ന പാർട്ടി രൂപവത്കരിച്ചു. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വവുമായി അകന്നു ഉണ്ടാക്കിയ പാർട്ടിക്ക് കേരള രാഷ്ട്രീയത്തിൽ കാര്യമായ വേരോട്ടം ഉണ്ടാക്കാൻ പറ്റിയില്ല എന്ന സാഹചര്യം ബോധ്യം വന്നതിനാൽ  2007 ഡിസംബർ പത്തിന് തിരുവനന്തപുരത്തു ചേർന്ന സമ്മേളനത്തിൽ കരുണാകരൻ കോൺഗ്രസിലേക്ക് തിരിച്ചുപോവുകയാണെന്ന്  പ്രഖ്യാപിച്ചു. 

മുൻ ഇന്ത്യൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ ആറാം ചരമവാർഷികദിവസമായിരുന്നു കരുണാകരന്റെ അന്ത്യം. റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് കരുണാകരനെ കിംഗ് മേക്കർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, പിന്നീട് 1995-ൽ കരുണാകരന്റെ താല്പര്യത്തിന് വിരുദ്ധമായി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി പകരം എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കുന്നതിൽ റാവുപങ്കുവഹിച്ചത് അവർ തമ്മിലുള്ള ബന്ധം അകലാനും കാരണമായി.

വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വെച്ച് കെ കരുണാകരൻ അന്തരിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃശൂർ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു.  അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

#KKarunakaran #KeralaPolitics #IndianPolitics #Congress #India #Obituary #Leader #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia