Tribute | സുശീല ഗോപാലന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷം; പോരാട്ട മുഖങ്ങളിലെ തീജ്വാലയായ കമ്യൂണിസ്റ്റുകാരി
● എകെജിയുടെ സഹധർമ്മിണിയും കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു.
● പുന്നപ്ര വയലാർ സമര പാരമ്പര്യം ഉൾക്കൊണ്ടു.
● എകെജിയുടെ നിരവധി സമരങ്ങളിൽ പങ്കെടുത്തു.
● സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി.
● കേരളത്തിലെ രാഷ്ട്രീയത്തിൽ നിർണായക പങ്കു വഹിച്ചു.
കനവ് കണ്ണൂര്‍
(KVARTHA) കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് വനിത നേതാവും ഉജ്വല സംഘാടകയും മന്ത്രിയും പാര്‍ലമെന്റ് അംഗവും ആയിരുന്ന സുശീല ഗോപാലന്‍ വിട വാങ്ങിയിട്ട് 23 വര്‍ഷം. പാവങ്ങളുടെ പടത്തലവനായ എകെജിയുടെ സഹധര്‍മ്മിണി എന്ന നിലയില്‍ എകെജിയുടെ സമര പോരാട്ടവീഥികളില്‍ എല്ലാം സംരക്ഷണ കവചം തീര്‍ത്തുകൊണ്ട് എന്നും കൂട്ടിനുണ്ടായിരുന്ന വ്യക്തിയായിരുന്നു സുശീല.
ജന്മി കുടുംബത്തില്‍ ജനിച്ചു വീണിട്ടും ജന്മിത്വത്തോട് ഏറ്റുമുട്ടിയ എകെജിയുമായി ആദ്യ ഭാര്യയുടെ ജന്മിമാരായ കുടുംബാംഗങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ വിവാഹമോചനം നേടിയ എകെജിക്ക് തന്റെ തുടര്‍ന്നുള്ള പോരാട്ട ജീവിതത്തിന് താങ്ങും തണലും സുരക്ഷയും ആയിരുന്നു സുശീലയുടെ ജീവിതം എന്ന് നമുക്ക് മനസിലാക്കാവുന്നതാണ്.
പുന്നപ്ര വയലാറിലെ സമര പാരമ്പര്യം ഉള്‍ക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്ന സുശീല 18-ാംവയസ്സില്‍ പാര്‍ട്ടി അംഗമായി. 71-ാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.
ഒട്ടേറെ രണ ധീരര്‍ക്ക് ജന്മം നല്‍കിയ തറവാട് ആയ മുഹമ്മയിലെ ചിരപ്പന്‍ ചിറയില്‍ വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന സി കെ കുമാരപ്പണിക്കരുടെയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ സി കെ കരുണാകര പണിക്കരുടെയും അനന്തരവമായ സുശീല ജനിച്ചു വീണത് തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലാണ്. ഐതിഹാസികമായ പുന്നപ്ര വയലാറിന്റെ സമരകാഹളം സ്വന്തം ഹൃദയ തളമാക്കി വളര്‍ന്ന വ്യക്തി.
കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എകെജിയോടുള്ള ആരാധന, ആ ആരാധനാമൂര്‍ത്തി സ്വന്തം സംരക്ഷണയില്‍ ഒളിവില്‍ കഴിയാന്‍ വന്ന സാഹചര്യം, രണ്ടാം വിവാഹമാണെന്നോ, പ്രായമോ, ജാതി ബന്ധമോ ഒന്നും ആ സ്‌നേഹത്തിന് ഭാഗമായിരുന്നില്ല. ചെറിയ കുട്ടി എന്നതിന്റെ പേരില്‍ എകെജി വിലക്കിയിട്ടും പ്രായത്തില്‍ കവിഞ്ഞ പക്വതിയുമായി എകെജിയുടെ ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു സുശീല.
തോളോട് തോള്‍ ചേര്‍ന്നുള്ള ആ പോരാട്ടം പിന്നീടുള്ള കേരള ചരിത്രത്തിന്റെ ഭാഗം. ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള കുടിയിറക്കിനെതിരെ എകെജി നയിച്ച അമരാവതി സത്യാഗ്രഹ സമരത്തില്‍ പാര്‍ട്ടി നിസ്സംഗത പാലിച്ചപ്പോള്‍ എകെജിയുടെ കൂടെ ഉണ്ടായിരുന്നത് സുശീല മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ നിന്നും ഉയര്‍ന്ന മഹാനായ മനുഷ്യസ്‌നേഹി എന്ന നിലയിലേക്ക് എകെജി ഉയര്‍ന്നത് ഈ സമരത്തോടുകൂടിയാണ്.
1980-ല്‍ ആലപ്പുഴയില്‍ നിന്നും 1991-ല്‍ ചിറയിന്‍കീഴ് നിന്നുമായി രണ്ടു തവണ സുശീല ഗോപാലന്‍ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവ് എന്ന നിലയില്‍ എന്നും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സുശീല മുന്നിലായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ത്രീകളുടെ തൊഴിലിടങ്ങളില്‍ അവര്‍ തന്റെ നേര്‍സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു.
പാര്‍ലമെന്റില്‍ തനിക്ക് ലഭിച്ച അവസരങ്ങളില്‍ ഒക്കെ രാജ്യത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ അവര്‍ എന്നും പരിശ്രമിച്ചിട്ടുണ്ട്. 1996-ല്‍ നായനാര്‍ നേതൃത്വം നല്‍കിയ കേരള സംസ്ഥാനമന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രി ആയിരിക്കെ ആണ് പിന്നീട് നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കൊകോളയ്ക്കും, പുതുശ്ശേരി പഞ്ചായത്തില്‍ പെപ്‌സിക്കും പ്രവര്‍ത്തനാനുമതി ലഭിച്ചത്.
കയര്‍ തൊഴിലാളികളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് സുശീലതുടക്കം കുറിക്കുകയുണ്ടായി. പാവങ്ങളുടെ പടത്തലവന്റെ നല്ല പകുതിയായും എകെജിയുടെ വിയോഗത്തിനുശേഷം സ്വന്തമായി തെളിച്ച വഴികളിലൂടെയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത്, നിറസാന്നിധ്യമായിരുന്ന സുശീല ഗോപാലന്‍ 2001ല്‍ ഡിസംബര്‍ 19നാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
#SushmaGopal #AKG #Kerala #Communist #India #politics #women #rights #labor