Allegations | നിജ്ജര്‍ കൊലപാതകം: പിന്നില്‍ അമിത് ഷാ ആണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് വാഷിങ്ടണ്‍ പോസ്റ്റ്

 
Report Links Amit Shah to Nijjar Murder
Report Links Amit Shah to Nijjar Murder

Photo Credit: Facebook/ Amit Shah

● കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഗുരുതര ആരോപണങ്ങള്‍ നടത്തിയിട്ടുണ്ട് 
● ആര്‍എസ്എസിനെ നിരോധിക്കണമെന്ന് സിഖ് നേതാവ് ജഗ്മീത് സിംഗ്
● ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ അമേരിക്ക കാനഡയ്‌ക്കൊപ്പമാണ്

അർണവ് അനിത 

(KVARTHA) ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ഹര്‍ദ്വീപ് സിങ് നിജ്ജറിനെ വധിക്കാന്‍ അനുമതി നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന റിപ്പോര്‍ട്ട് വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവും കനേഡിയന്‍ പൗരനുമാണ് ഹര്‍ദ്വീപ് സിങ് നിജ്ജര്‍. സംഭവത്തിന് പിന്നാലെ കാനഡയില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് സിഖ് നേതാവ് ജഗ്മീത് സിംഗ് ആവശ്യപ്പെട്ടു. 

ആര്‍എസ്എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയാണെന്നും ആരോപിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് ജഗ്മീത് സിംഗ്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മറ്റ് പല വിധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനാല്‍ കനേഡിയന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണെന്നും ജഗ്മീത് സിംഗ് ആരോപിക്കുന്നു.

ഇന്ത്യന്‍ രഹസ്യന്വേഷണ വിഭഗത്തിന്റെ നേതൃത്വത്തില്‍ കൊലപാതകം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധികാരപ്പെടുത്തിയെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി അമിത് ഷാ ആശയവിനിമയം നടത്തിയെന്നും രേഖകള്‍ കൈമാറിയെന്നും നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കാനഡ കഴിഞ്ഞ ദിവസം അയച്ച കത്തിലും പറയുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ രഹസ്യന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) യാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്ന ആരോപണവുമായി കനേഡിയന്‍ പൊലീസും രംഗത്തെത്തി. ഖാലിസ്ഥാന്‍ അനുകൂലികളെ ഇന്ത്യാ സര്‍ക്കാര്‍ ക്രിമിനല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) ആരോപിക്കുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കാനഡ ഈമാസം 12 ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി, സിംഗപൂരില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പങ്ക് വച്ചിരുന്നു. 

വിദേശകാര്യ മന്ത്രാലയമോ, ആഭ്യന്തര വകുപ്പോ ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല.  കുറച്ച് വര്‍ഷങ്ങളായി ആര്‍സിഎംപി കാനഡയിലെ കൊലപാതകങ്ങള്‍, കൊള്ളയടിക്കല്‍, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകളുണ്ടെന്നും ആര്‍സിഎംപി കമ്മിഷണര്‍ മൈക്ക് ഡ്യൂഹെം അവകാശപ്പെട്ടു

കുറ്റകൃത്യങ്ങളില്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയി ഗ്രൂപ്പിന് പങ്കുണ്ടെന്നും ഈ സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും കാനഡ ആരോപിക്കുന്നു. കാനഡയിലുണ്ടായ കൊലപാതകങ്ങളിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചു. കാനഡയുടെ ദക്ഷിണേന്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ ഇന്ത്യ ലക്ഷ്യം വെച്ചത് ആഭ്യന്തര പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ്. ഇത് അംഗീകരിക്കാനാകില്ല. ആഭ്യന്തര പരമാധികാരം വെല്ലുവിളിക്കപ്പെടുന്ന നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെളിവുകള്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ അംഗീകരിക്കുന്നതിനോ അന്വേഷണത്തോട് സഹകരുന്നതിനോ ഇന്ത്യ തയ്യാറായില്ലെന്നും ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും ട്രൂഡോ പറഞ്ഞു. കാനഡയുടെ പ്രതിപക്ഷ നേതാവും ഇന്ത്യക്കെതിരെ രംഗത്തെത്തി. ആരോപണങ്ങള്‍  ഗൗരവമായി എടുക്കേണ്ടതുമാണെന്ന് പിയെര്‍ പോളിയേവ് ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമവ്യവസ്ഥക്ക് വിധേയരാക്കണമെന്നും പിയെര്‍ പോളിയേവ് കുറ്റപ്പെടുത്തി.  

കാനഡ കേന്ദ്രമാക്കി ഖാലിസ്ഥാന്‍ വിഭാഗം ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ലോകത്തെമ്പാടുമുള്ള പല ഖാലിസ്ഥാന്‍ അനുകൂല സംഘടനകളും ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്, പ്രത്യേകിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം. ഖാലിസ്ഥാന്‍  നേതാവ് ഗുര്‍പത് വന്ത് സിംഗ് പന്നൂ വധശ്രമക്കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും റോയുടെ മേധവി രവി സിന്‍ഹയ്ക്കുമെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതി സമന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഖാലിസ്ഥാന്‍ നേതാവും അമേരിക്കന്‍ പൗരനും അഭിഭാഷകനുമായ പന്നൂ തന്നെയാണ് ഇവര്‍ക്കെതിരെ കോടതിയെ സമീപിച്ചത്. ഖാലിസ്ഥാന്റെ നീക്കത്തിലൂടെ അജിത് ഡോവലിനെ കുടുക്കാന്‍ അമേരിക്കയ്ക്കും താല്‍പര്യമുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിച്ചതിന് തൊട്ട് മുന്‍പ്, വൈറ്റ്ഹൗസ് അധികൃതര്‍ ഖാലിസ്ഥാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അപകടം മണത്ത മോദി തന്റെ സന്ദര്‍ശനത്തില്‍ നിന്ന് അജിത് ഡോവലിനെ ഒഴിവാക്കി.

ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ അമേരിക്ക കാനഡയ്‌ക്കൊപ്പമാണ്. ഇന്ത്യന്‍ ഏജന്‍സികളുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ അമേരിക്ക കാനഡയ്ക്ക് കൈമാറിയതായും സൂചനകളുണ്ട്. നയതന്ത്രബന്ധം വഷളായതോടെ കാനഡയിലുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്‍ ആശങ്കയിലാണ്. കാനഡയുമായി യാതൊരു തരത്തിലുമുള്ള അനുരഞ്ജനത്തിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന സൂചന.

#NijjarMurder #AmitShah #CanadaIndiaRelations #Khalistan #PoliticalAllegations #CrimeInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia