LS Result | തനിച്ച് കേവലഭൂരിപക്ഷം നേടാനാവാതെ ബിജെപി; കോൺഗ്രസ് ജെഡിയുവുമായി ബന്ധപ്പെട്ടുവെന്ന് റിപ്പോർട്ട്
![Report that Congress contacted JDU](https://www.kvartha.com/static/c1e/client/115656/uploaded/a41176f3fb794ba7fb6f7a4f50a97d14.webp?width=730&height=420&resizemode=4)
![Report that Congress contacted JDU](https://www.kvartha.com/static/c1e/client/115656/uploaded/a41176f3fb794ba7fb6f7a4f50a97d14.webp?width=730&height=420&resizemode=4)
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ ബിജെപി. എൻഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിനപ്പുറമുള്ള സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ബിജെപി തനിച്ച് 243 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. 272 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം, കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യവും ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും 220 സീറ്റുകളിൽ ലീഡ് ചെയ്യുകയുമാണ്.
പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി വൻ ലീഡ് നേടുമെന്നാണ് സൂചന. അതിനിടെ നിതീഷ് കുമാറിൻ്റെ ജെഡിയുവുമായി കോൺഗ്രസ് ബന്ധപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബിഹാറിലെ ഇതുവരെയുള്ള ഫലസൂചനകളിൽ, മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയു അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്.
ആകെയുള്ള 40 സീറ്റുകളിൽ ജെഡിയു 15 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 11 സീറ്റുകളിൽ മുന്നിലാണ്. എൻഡിഎയുടെ മറ്റ് സഖ്യകക്ഷികളിൽ എൽജെപി അഞ്ച് സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ സഖ്യം എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതിൽ ആർജെഡി നാല് സീറ്റുകളിലും സിപിഐ-എംഎൽ രണ്ട് സീറ്റുകളിലും കോൺഗ്രസും സിപിഐയും ഓരോ സീറ്റിലുമാണ് മുന്നിൽ.
രാജസ്ഥാനിൽ ബിജെപിക്ക് വൻ തിരിച്ചടി നേരിട്ടു. 25ൽ 12 സീറ്റുകളിലും കോൺഗ്രസ് ലീഡ് നേടി. ബിജെപി 13 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കഴിഞ്ഞ രണ്ടുതവണയും രാജസ്ഥാനിലെ എല്ലാ സീറ്റുകളിലും ബിജെപിയായിരുന്നു ജയിച്ചിരുന്നത്. ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപി 40 സീറ്റുകളിലും ഇന്ത്യ സഖ്യം 39 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുതിർന്ന നേതാക്കൾ പല പ്രധാന സീറ്റുകളിലും പിന്നിലാണ്, സ്മൃതി ഇറാനിക്കും മനേക ഗാന്ധിക്കും അരുൺ ഗോവിലുമൊക്കെ തിരിച്ചടി നേരിടുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമോ അതോ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഇൻഡ്യ അധികാരം പിടിക്കുമോ എന്ന ചിത്രം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഘടകക്ഷികളെ ഒപ്പം നിർത്താൻ ഇരു മുന്നണികളും ശ്രമിക്കുമെന്ന് ഉറപ്പാണ്.