Demand | സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല; പിന്നാക്ക വിഭാഗങ്ങള്‍ സംരക്ഷിക്കപ്പെടണം; വഖഫ് നിയമം പുന: പരിശോധിക്കുന്നതില്‍ തെറ്റില്ല: ആര്‍എസ്എസ് 

 
Sunil Ambedkar addressing the RSS coordination meeting
Sunil Ambedkar addressing the RSS coordination meeting

Photo: Supplied

പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം പാലിക്കപ്പെടണം. 

പാലക്കാട്: (KVARTHA) സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ആര്‍എസ്എസ് (RSS). മൂന്ന് ദിവസങ്ങളിലായി പാലക്കാട് നടന്ന അഖില ഭാരതീയ സമന്വയ ബൈഠക് ഇക്കാര്യം ആഴത്തില്‍ ചര്‍ച്ച ചെയ്തു. ബംഗാളിലെ യുവ വനിതാ ഡോക്ടറക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ചയെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് (Akhil Bharatiya Prachar Pramukh ) സുനില്‍ ആംബേക്കര്‍ (Sunil Ambekar) വാര്‍ത്താ സമ്മേളനത്തില്‍ (Press Conference) പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പെട്ടെന്ന് നീതി നടപ്പാക്കണം. നിയമസംവിധാനങ്ങളും സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആവശ്യമെങ്കില്‍ നിയമം ശക്തമാക്കണം. സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താന്‍ നിയമപരമായ സംവിധാനങ്ങളുടെ ശാക്തീകരണം, ബോധവത്കരണം, കുടുംബ സംസ്‌കാരം പരിപോഷിപ്പിക്കല്‍, വിദ്യാഭ്യാസം, ആത്മരക്ഷാ പദ്ധതികള്‍ എന്നിവ വേണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശങ്ങളുയര്‍ന്നു.

സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണ്. സാമൂഹ്യ ജീവിതത്തിലെ സ്ത്രീ ശാക്തീകരണവും പങ്കാളിത്തവും ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സംഘം മഹിളാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ആറ് ലക്ഷത്തോളം മഹിളകള്‍ 472 സമ്മേളനങ്ങളിലായി പങ്കെടുത്തു. യോഗത്തില്‍ ഈ സമ്മേളനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ത്രീ മുന്നേറ്റത്തില്‍ നിര്‍ണായക കാല്‍വെയ്പാണിത്.

Inaugural meeting of RSS Akhil Bharatiya Sangh Baithak, Dr. Mohan Bhagwat and Sarkaryavah Dattatreya Hosabale.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സംവരണം പാലിക്കപ്പെടണം. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള കണക്കുകള്‍ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പിന്നാക്ക ക്ഷേമത്തിന്റെ കാര്യത്തില്‍ ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടണം. വോട്ടിന് വേണ്ടി ജാതി സെന്‍സസ് പോലുള്ള വിഷയങ്ങളെ ഉപയോഗിക്കുന്നതിനെ ആര്‍എസ്എസ് അനുകൂലിക്കുന്നില്ല.

ബംഗ്ളാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്ന സാഹചര്യം യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്, അന്താരാഷ്ട്ര വിഷയമെന്ന നിലക്ക് ഇക്കാര്യത്തില്‍ നയതന്ത്രപരമായ ഇടപെടല്‍ നടത്തണമെന്ന് ഭാരത സര്‍ക്കാരിനോട് യോഗം അഭ്യര്‍ത്ഥിച്ചു.

ഗുജറാത്തിലെ കച്ചില്‍ അതിര്‍ത്തി സുരക്ഷ സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളും യോഗം ചര്‍ച്ച ചെയ്തു. തമിഴ്നാട്ടിലെ മതപരിവര്‍ത്തന ശ്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് സാമൂഹ്യ പരിവര്‍ത്തനത്തിനായി അഞ്ചിന കര്‍മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ സംഘടനകളും ഈ പ്രവര്‍ത്തനം വളരെ ഗൗരവമായാണ് ഏറ്റെടുത്തിട്ടുള്ളത്. സാമൂഹ്യ സമരസത, കുടുംബ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരധര്‍മം എന്നീ വിഷയങ്ങളില്‍ ഊന്നി ശതാബ്ദി വര്‍ഷത്തില്‍ പ്രവര്‍ത്തനം ശക്തമാക്കും.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യുന്നത്. സംഘവും വിവിധക്ഷേത്ര സംഘടനകളും രാഷ്ട്ര താത്പര്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കില്‍ രാഷ്ട്ര താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതാണ് രീതിയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുനില്‍ ആംബേക്കര്‍ പറഞ്ഞു.

മണിപ്പൂര്‍ പ്രശ്നത്തില്‍ സര്‍സംഘചാലക് തന്നെ നേരത്തെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അക്രമം നിയന്ത്രിക്കുകയും സമാധാനം പുന: സ്ഥാപിക്കുകയും വേണം എന്നതാണ് സംഘത്തിന്റെ അഭിപ്രായം. ആ നിലക്ക് അവിടെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ശാശ്വത സമാധാനം വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മുസ്ലീം സംഘടനകളില്‍ നിന്നു തന്നെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആ സാഹചര്യത്തില്‍ നിയമം പുന: പരിശോധിക്കുന്നതില്‍ തെറ്റില്ല. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വിഷയം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമെന്നും ചോദ്യത്തിനുത്തരമായി സുനില്‍ ആംബേക്കര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ പ്രദീപ് ജോഷി, നരേന്ദ്ര കുമാര്‍ എന്നിവരും പങ്കെടുത്തു. മൂന്ന് ദിവസങ്ങളിലായി പാലക്കാട് അഹല്യ കാമ്പസില്‍ നടന്ന അഖില ഭാരതീയ സമന്വയ ബൈഠക് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ സമാപന പ്രഭാഷണത്തോടെ അവസാനിച്ചു.

#RSS #India #SocialIssues #WomenSafety #BackwardClasses #MinorityRights #NationalSecurity #SocialReforms

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia