Allegation | ‘കത്തോലിക്കാ സഭയുടെ ഭൂമി ലക്ഷ്യമിട്ട് ആർഎസ്എസ്’; വഖഫ് ബില്ലിനെ എതിർത്തത് പോലെ ചർച്ച് ബില്ലിനെയും എതിർക്കും: പ്രതിപക്ഷ നേതാവ്

 
RSS Targeting Catholic Church Land; Will Oppose Church Bill Like Waqf Bill: Opposition Leader
RSS Targeting Catholic Church Land; Will Oppose Church Bill Like Waqf Bill: Opposition Leader

Photo Credit: Facebook/ V D Satheesan leader of opposition-fans

● കേരളത്തിലെ സംഘപരിവാറിൻ്റെ പ്രീണനം കാപട്യമാണ്.
● മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മിൽ ബന്ധമില്ല.
● ആശമാരുടെ വിഷയത്തിൽ സർക്കാർ, അനുകൂല നിലപാട് സ്വീകരിക്കണം.

കോഴിക്കോട്: (KVARTHA) കത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടർ ഭൂമി കൂടി പിടിച്ചെടുക്കണമെന്ന് ആർഎസ്എസ് ഇപ്പോൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു  വഖഫ് ഭേദഗതിയെ എതിർത്തത് പോലെ ചർച്ച് ബില്ലിനെയും കോൺഗ്രസും യുഡിഎഫും എതിർക്കും. കേരളത്തിൽ പ്രീണനം നടത്തുന്ന സംഘപരിവാർ രാജ്യത്തുടനീളം ക്രൈസ്തവരെ ആക്രമിക്കുന്നവരാണ്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ക്രൈസ്തവർ തിരിച്ചറിയും. മുനമ്പത്തെ വിഷയവും വഖഫ് ഭേദഗതിയും തമ്മിൽ ബന്ധമില്ല. മുനമ്പത്തേത് സംസ്ഥാന സർക്കാരിനും വഖഫ് ബോർഡിനും പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ്. ആശമാരുടെ സമരം അവസാനിപ്പിക്കാൻ കമ്മീഷനെ വെക്കണമെന്ന നിലപാട് കോൺഗ്രസിനോ യുഡിഎഫിനോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യ മുന്നണിയും എന്തുകൊണ്ടാണ് വഖഫ് ബില്ലിനെ എതിർത്തതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതത്തിൻ്റെ ആചാരങ്ങളിലേക്കും സംസ്കാരത്തിലേക്കും സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാനുള്ള സംഘപരിവാർ ശ്രമത്തിൻ്റെ ഭാഗമാണ് വഖഫ് ഭേദഗതി. അതിനെ ഞങ്ങൾ ശക്തമായി എതിർത്തു. വഖഫിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നതിന് വേണ്ടിയുള്ളതായിരുന്നു ഭേദഗതികൾ. ഇതിനെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാൻ ചില ശക്തികൾ ശ്രമിച്ചു. എന്നാൽ മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മിൽ യാതൊരു ബന്ധവുമില്ല. മുനമ്പത്തെ വിഷയം സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡിനും പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. കേരളത്തിലെ മുഴുവൻ മുസ്ലീം സംഘടനകളും ക്രൈസ്തവ സംഘടനകളും മുനമ്പത്തെ ജനങ്ങളെ അവിടെ നിന്നും ഇറക്കി വിടരുതെന്നും സ്ഥിരമായ അവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കും മത സംഘടനകൾക്കുമിടയിൽ ഒരു തർക്കവുമില്ല.

മുനമ്പത്തിൻ്റെ മറവിൽ വഖഫ് ബിൽ പാസാക്കാൻ ശ്രമം നടത്തി. വഖഫ് ബിൽ പാസാക്കിയതുകൊണ്ട് മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടുമോ? അതിന് മുൻകാല പ്രാബല്യമില്ല. എന്നിട്ടും ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. രണ്ട് മതങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമമാണ് നടത്തുന്നത്.

വഖഫ് ബിൽ പാസായാൽ അതിന് പിന്നാലെ ചർച്ച് ബിൽ വരുമെന്ന് അന്ന് തന്നെ ഞങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്. മോദി സർക്കാർ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്എസിൻ്റെ മുഖപത്രമായ ഓർഗനൈസറിൻ്റെ വെബ് പോർട്ടലിൽ ഇന്നലെ ഒരു ലേഖനം വന്നിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്ര സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂ ഉടമ കത്തോലിക്കാ സഭയാണെന്നാണ് അതിൽ പറയുന്നത്. ഏഴ് കോടി ഹെക്ടർ അതായത് 17.29 കോടി ഏക്കർ സ്ഥലത്തിൻ്റെ ഉടമകളാണ് കത്തോലിക്കാ സഭ. അനധികൃതമായി ബ്രിട്ടീഷുകാരുടെ കാലത്ത് പാട്ടത്തിനെടുത്ത് കൈവശം വെച്ചിരിക്കുന്ന ഈ ഭൂമി തിരികെ പിടിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. വഖഫ് ബിൽ പാസാക്കിയ അതേ ദിവസമാണ് ആർഎസ്എസ് ഇത് പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ രത്ന കിരീടവുമായി പോകുന്നതിൻ്റെയും ഈസ്റ്റർ ദിനത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുന്നതിൻ്റെയും രഹസ്യം ഇതോടെ വ്യക്തമായല്ലോ.

ജബൽപൂരിൽ തൃശൂർ ജില്ലയിലെ വൈദികനായ ഫാ. ഡേവിസ് പോലീസിന് മുന്നിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. വഖഫ് ബില്ലിൻ്റെ പേരിൽ ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോഴാണ് ഒഡീഷയിൽ ഫാദർ ജോഷി ജോർജ്ജ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്ളിയിലേക്ക് മുന്നൂറോളം പോലീസ് കയറി വന്ന് അടി തുടങ്ങിയെന്നാണ് ഫാദർ ജോഷി തന്നോട് പറഞ്ഞത്. സഹവികാരിയുടെ തോളെല്ല് ഒടിഞ്ഞു. ക്രൈസ്തവർക്കെതിരെ രാജ്യത്തുടനീളം വ്യാപക അക്രമം നടത്തുന്നവരാണ് കേരളത്തിൽ ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് കഴിയുമെന്നാണ് വിശ്വാസം.

മുനമ്പത്ത് നേരത്തെ ഉണ്ടായിരുന്ന ബിജെപിക്കാർ തന്നെയാണ് വീണ്ടും ബിജെപിയിൽ ചേർന്നത്. അല്ലാതെ പുതുതായി ആരും ചേർന്നില്ല. ഇതൊക്കെ കാമ്പയിൻ്റെ ഭാഗമാണ്. വഖഫ് ബില്ലിന് പിന്നാലെ ചർച്ച് ബിൽ കൂടി വരുമെന്നത് സഭ നേതൃത്വത്തിനും മനസ്സിലായിട്ടുണ്ട്. എന്തുകൊണ്ടാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലിൽ നിലപാട് എടുത്തത് എന്നത് സംബന്ധിച്ച് ബോധ്യപ്പെടുത്തും. ആ നിലപാടിൽ വെള്ളം ചേർക്കില്ല. അത് രാജ്യത്തിന് വേണ്ടി സ്വീകരിച്ച നിലപാടാണ്. ചർച്ച് ബിൽ വന്നാലും എതിർക്കാൻ ഞങ്ങളുണ്ടാകും.

ആശമാരുടെ ആക്ഷേപം ഗൗരവമായി പരിശോധിക്കും. കമ്മീഷനെ നിയോഗിച്ച് ആശ സമരം അവസാനിപ്പിക്കണമെന്ന നിലപാട് കോൺഗ്രസിനോ യുഡിഎഫിനോ ഇല്ല. ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നും അവർക്ക് റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ നൽകണമെന്നതുമാണ് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും നിലപാട്. വ്യത്യസ്തമായ അഭിപ്രായം കോൺഗ്രസുമായും യുഡിഎഫുമായും ബന്ധപ്പെട്ട ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടി ഗൗരവമായി പരിശോധിക്കും.

ഒരു പ്രത്യയശാസ്ത്രത്തെ കുഴിച്ചു മൂടി മറ്റൊരു പ്രത്യയശാസ്ത്രം രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് എം.കെ രാഘവൻ സമരം ആരംഭിക്കുന്നത്. ഗാന്ധി നിന്ദയുടെ തുടർച്ചയാണ് രാജ്യത്ത് നടക്കുന്നതെല്ലാം. ഒരു സിനിമ എടുത്തതിൻ്റെ പേരിൽ നിർമ്മാതാവിനെയും സംവിധായകനെയും റെയ്ഡ് ചെയ്യുകയാണ്. സർക്കാരിനെതിരെ പറഞ്ഞാൽ ജയിലിൽ പോകുമെന്ന സന്ദേശമാണ് നൽകുന്നത്. കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ ദേശ വിരുദ്ധനാണെന്നാണ് പറയുന്നത്. ഇതൊക്കെ ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും കാലത്തുണ്ടായിരുന്നതാണ്. അതൊന്നും ഇന്ത്യയിൽ നടപ്പാകില്ല, വി ഡി സതീഷൻ പറഞ്ഞു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Opposition leader V. D. Satheesan alleged that RSS is demanding the Central Government to seize the Catholic Church's land. He stated that Congress and UDF will oppose the Church Bill like they opposed the Waqf Amendment Bill. He accused RSS of attacking Christians nationwide while trying to appease them in Kerala. He also linked the Waqf Bill to an article in Organiser about the Catholic Church's land holdings.

#VDSatheesan #RSS #CatholicChurch #ChurchBill #WaqfBill #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia