Vellappally Natesan | വെള്ളാപ്പള്ളി ആര്‍എസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്ന് സമസ്‌ത മുഖപത്രം; വിമർശനത്തിന് പുല്ലുവിലയെന്ന് എസ്എന്‍ഡിപി ജെനറല്‍ സെക്രടറി; പോരിനിടയിൽ ചർച്ചയായി സമുദായ പ്രാതിനിധ്യം
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നാണ് മറ്റൊരു ആരോപണം
കോഴിക്കോട്: (KVARTHA) മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സർകാർ അനർഹമായ സഹായങ്ങൾ നൽകുന്നുവെന്ന എസ്എൻഡിപി യോഗം ജെനറൽ സെക്രടറി വെള്ളാപ്പള്ളി നടേശന്റെ നിരന്തരമായ വിമർശനങ്ങൾക്ക് രൂക്ഷ മറുപടിയുമായി സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം രംഗത്തുവന്നതോടെ പോര് കനത്തു. വെള്ളാപ്പള്ളി ആര്‍എസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്നാണ് പത്രത്തിലെ എഡിറ്റോറിയലിൽ ആരോപിക്കുന്നത്.
സംഘപരിവാറിന്റെ അജൻഡ നടപ്പിലാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നു. രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തെ ലോക്‌സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. ഈഴവരുടെ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നു എന്ന വാദം തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിക്കുണ്ടെന്നും പത്രം കുറ്റപ്പെടുത്തുന്നു. തനിക്കെതിരെയുള്ള മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ നിന്ന് വെള്ളാപ്പള്ളി എങ്ങനെ രക്ഷപ്പെട്ടുവെന്നും എഡിറ്റോറിയൽ പറയുന്നു.
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നാണ് മറ്റൊരു ആരോപണം. സംഘപരിവാറിനെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ അവാസ്തവ കാര്യങ്ങളാണ് വെള്ളാപ്പള്ളി പറയുന്നതെന്നും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്. ഈഴവര്‍ക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുവെന്ന പറച്ചിലിൽ വല്ല വാസ്തവവും ഉണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത കൂടി വെള്ളാപ്പള്ളിക്കുണ്ടെന്നും അല്ലാതെ സംഘപരിവാറിന്‍റെ നുണ ഉല്‍പാദക ഫാക്ടറികളെ നാണിപ്പിക്കും വിധത്തിലുള്ള അവാസ്തവങ്ങള്‍ കൊണ്ട് സമൂഹത്തില്‍ ഛിദ്രത തീര്‍ക്കരുതെന്നും എഡിറ്റോറിയൽ തുറന്നുപറയുന്നു.
അതേസമയം, മുഖപ്രസംഗം പൂർണമായി തള്ളിക്കളയുന്നുവെന്നാണ് വെള്ളാപ്പളളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുല്ലുവില മാത്രമേ അതിന് കൽപ്പിക്കുന്നുള്ളൂ. സാമൂഹിക- സാമ്പത്തിക സർവേ നടത്തിയാൽ ആർക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടിയതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഒമ്പത് രാജ്യസഭാംഗങ്ങളിൽ അഞ്ച് പേരും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണെന്നും ജനസംഖ്യയുടെ പകുതിയിലേറെ ഉള്ള ഹിന്ദുക്കൾക്ക് രണ്ട് സീറ്റാണ് നൽകിയതെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. മതവിവേചനവും വിദ്വേഷവും തിരിച്ചറിഞ്ഞ ക്രൈസ്തവരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിൻ്റെ പേരിൽ രക്തസാക്ഷി ആകാനും തയ്യാർ. ക്രൈസ്തവർ ബിജെപിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി യോഗനാദം മാസികയിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വിവിധ മുസ്ലിം സംഘടനകളും പ്രതികരണവുമായി രംഗത്തെത്തി. ലോക്സഭയിലെ മുസ്ലീം പ്രാതിനിധ്യം 20ൽ മൂന്ന് മാത്രമാണ്. ജനസംഖ്യയുടെ 27 ശതമാനം വരുന്ന ഒരു സമുദായത്തിന് ഏകദേശം 15 ശതമാനം പ്രാതിനിധ്യം വേണമായിരുന്നു. കേന്ദ്രമന്ത്രിസഭയിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഒരൊറ്റയാളില്ലെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വ്യവസായം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് നായർ സമുദായാംഗങ്ങളാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു..
കേരള നിയമസഭാ, വൈസ് ചാൻസലർ, പ്രോ വിസി, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് തുടങ്ങിയ സ്ഥാനങ്ങളിലുള്ളവരെക്കുറിച്ചും സമഗ്രമായ കണക്കെടുപ്പ് നടത്തിയാൽ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ വ്യക്തമാകുമെന്നും അർഹമായത് പോലും സമുദായത്തിന് കിട്ടിയിട്ടില്ലെന്നും നേതാക്കൾ പറയുന്നു. എന്തായാലും, ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പോര് മേഖലകളിൽ ഓരോ സമുദായത്തിനുമുള്ള പ്രാതിനിധ്യവും ചർച്ചയാകാൻ ഇടയാക്കിയിട്ടുണ്ട്. ഇത് ആർക്ക് ഗുണകരമാവുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.