Surprise | നടത്തിയത് മിന്നൽ നീക്കം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ സർപ്രൈസായി കോൺഗ്രസിന്റെ കൈപിടിച്ച് സന്ദീപ് വാര്യർ; ബലിദാനികളെ വഞ്ചിച്ചുവെന്ന് കെ സുരേന്ദ്രൻ
● സ്‌നേഹത്തിന്റെ കടയില്‍ മെമ്പർഷിപ് എടുക്കുന്നുവെന്ന് സന്ദീപ്
● ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചു
● കോൺഗ്രസ് നേതൃത്വം സന്ദീപിന് സ്വീകരണം നൽകി
പാലക്കാട്: (KVARTHA) ആവേശകരമായി പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നതിനിടെ മിന്നൽ നീക്കത്തിലൂടെ ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് രാഷ്ട്രീയ രംഗത്തെ ഞെട്ടിച്ചു. പാലക്കാട് കോൺഗ്രസ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സന്ദീപിന് വൻ സ്വീകരണമാണ് നേതാക്കളൊരുക്കിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജെനറൽ സെക്രടറി ദീപ ദാസ് മുൻഷി തുടങ്ങിയവരും പങ്കെടുത്തു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും സംഘത്തിനുമാണ് താൻ കോൺഗ്രസിൽ ചേർന്നതിൻ്റെ പൂർണ ഉത്തരവാദിത്തം എന്നാണ് സന്ദീപ് വാര്യർ പ്രതികരിച്ചു. ഒരു ഏകാധിപത്യ പ്രവണതയുള്ള ഒരു പാർടിക്കുള്ളിൽ താൻ വീർപ്പുമുട്ടുകയായിരുന്നുവെന്നും, സ്വന്തം അഭിപ്രായങ്ങൾ പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ മനുഷ്യ പക്ഷത്ത് നിന്ന് ഒരു നിലപാട് പോലും പറയാനുള്ള സ്വാതന്ത്ര്യമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് താനെന്നും സന്ദീപ് പറഞ്ഞു.
കേരളത്തിലുടനീളം നടന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ സംസാരിച്ചിട്ടുള്ള താൻ, ചാനൽ ചർച്ചകളിൽ പല സുഹൃത്തുക്കളുമായും വലിയ തർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. എന്നാൽ, ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ അതിൽ നിന്ന് ചില കാര്യങ്ങൾ നാം പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയായി നിൽക്കുന്ന ഒരു പാർടിയിൽ നിന്നാണ് സ്നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചത്. അതാണ് താൻ ചെയ്ത തെറ്റ് എന്നും സന്ദീപ് വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളുമായെല്ലാം നല്ല സൗഹ്യദം സൂക്ഷിച്ചിട്ടുള്ളയാളാണ് താൻ. ആശയപരമായി എതിർത്തിട്ടുണ്ടാവാം. രാഷ്ട്രീയത്തിൽ മാനവികമായി ചിന്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പർഷിപ് എടുക്കാനാണ് തീരുമാനമെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് സന്ദീപ് വാര്യർ എത്തിയത്. പ്രചാരണ രംഗത്ത് സജീവമല്ലാതായതോടെ പാർടി വിടുമെന്ന ചർച്ചകൾ ഉയർന്നിരുന്നു. ഇതിനിടെയിൽ പാലക്കാട് സ്ഥാനാർഥി സി കൃഷ്‌ണകുമാറിനെതിരെ ആഞ്ഞടിച്ച് ഫേസ്‌ബുക് പോസ്റ്റുമിട്ടു. സന്ദീപ് സിപിഎമ്മിലേക്ക് പോകുമെന്ന റിപോർടുകളും പ്രചരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം കോൺഗ്രസിന്റെ കൈപിടിച്ചത്.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദീപ് വാര്യരുടെ ഈ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സന്ദീപിന് വലിയ കസേരകൾ ലഭിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് സുരേന്ദ്രൻ പരിഹസിച്ചു. സന്ദീപ് ബലിദാനികളെ വഞ്ചിച്ചു എന്നും പാർടി മാറ്റം ഒരു തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപ് വാര്യരുടെ പാർടി മാറ്റം ബിജെപിയെ സ്വാധീനിക്കില്ലെന്നും സുരേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു. സന്ദീപിനെതിരെ പാർടി നേരത്തെ തന്നെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
#SandeepWarrier #BJP #Congress #KeralaPolitics #ByElection #Palakkad