Party Switch | സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്; പുനസംഘടനക്ക് മുന്‍പ് തീരുമാനമുണ്ടായേക്കും
● മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു.
● ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറി.
● കെപിസിസി പുനസംഘടനയ്ക്ക് മുമ്പ് തീരുമാനം.
ന്യൂഡല്‍ഹി: (KVARTHA) കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പദവി നല്‍കാന്‍ ധാരണയായതായി റിപോര്‍ട്ട്. കെ.പി.സി.സി പുനസംഘടനക്ക് മുന്‍പ് തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഏത് പദവി തന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും സജീവ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിനാല്‍ തീരുമാനം വൈകരുതെന്നും പാര്‍ട്ടി നേതൃത്വത്തെ സന്ദീപ് വാര്യര്‍ അറിയിച്ചിരുന്നു.
ഡല്‍ഹിയിലെത്തിയ സന്ദീപ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി സെക്രട്ടറി പിവി മോഹന്‍, കെപിസിസി സെക്രട്ടറി ഹരിഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ കൂടെ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു.
ആദ്യമായി കെ.പി.സി.സി ആസ്ഥാനത്ത് എത്തിയപ്പോഴും സന്ദീപ് വാര്യര്‍ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ സന്ദീപ് വാര്യര്‍ പാലക്കാട് ഉപതരിഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസില്‍ എത്തിയത്. പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കൃഷ്ണകുമാറിനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശനമാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്.
കോണ്‍ഗ്രസിലെത്തിയ സന്ദീപിന് വന്‍ സ്വീകരണമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും അടക്കമുള്ളവര്‍ നല്‍കിയത്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്തിയിരുന്നു.
#KeralaPolitics #Congress #BJP #SandeepWarrier #KPCC