Strategy | വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജാ വേണുഗോപാലിനെ സന്ദീപ് വാര്യർ നേരിടും?

 
sandeep warrier to contest against padmaja venugopal in the
sandeep warrier to contest against padmaja venugopal in the

Photo Credit: FAcebook / Sandeep.G.Varier, Padmaja Venugopal

● കോൺഗ്രസിൽ ചേർന്നത് പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു.
● തൃശൂർ മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത് കടുത്ത രാഷ്ട്രീയ മത്സരം.
● തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പത്മജാ വേണുഗോപാൽ വന്നേക്കാം 

സോണി കല്ലറയ്ക്കൽ

(KVARTHA) മോദിജിയേയും, കേന്ദ്ര സര്‍ക്കാരിനെയും, ബി.ജെ.പി കേന്ദ്രനേതൃത്വത്തെയേയും, ആർ.എസ്.എസിനെയും അതിന്‍റെ പരിവാറിനെയും തള്ളിപ്പറഞ്ഞ് ബി.ജെ.പി യുടെ സംസ്ഥാന വക്താവ്  സന്ദീപ് വാര്യർ ഇപ്പോൾ കോൺഗ്രസിൽ എത്തിയിരിക്കുകയാണ്. ഇത് സംസ്ഥാന കോൺഗ്രസിനെ സംബന്ധിച്ച് തെല്ലൊന്നുമല്ല ആവേശം കൊള്ളിക്കുന്നത്. അതിൻ്റെ പ്രതിഫലനം നടക്കാൻ പോകുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കാണുക തന്നെ ചെയ്യുമെന്ന് അവർ കരുതുന്നു. സന്ദീപ് വാര്യരുടെ കോൺഗ്രസിലേയ്ക്കുള്ള വരവ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പ്രയോജനപ്പെടുമെന്ന് ഊഹിക്കാവുന്നതാണ്. 

തീർച്ചയായും ഇത് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് കരണത്തിനേറ്റ അടികൂടിയാണ്. കഴിഞ്ഞ 10 വർഷമായി കേന്ദ്രത്തിൽ ഭരണം നഷ്ടപ്പെട്ട് ഒരു അധികാരവുമില്ലാതെ നിൽക്കുന്ന കോൺഗ്രസിൽ നിന്ന് പലരും ബി.ജെ.പി യിലേയ്ക്ക് ചാടിക്കൊണ്ടിരിക്കുന്ന കാലമാണ്. കോൺഗ്രസിൻ്റെ കേരള സംസ്ഥാനത്തിൻ്റെ ഗതിയും വിഭിന്നമല്ല. കേന്ദ്രഭരണം നഷ്ടപ്പെട്ടത് മാത്രമല്ല, സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് മുന്നണി തുടർഭരണത്തിൽ വന്നതിൻ്റെ സങ്കോചം തെല്ലൊന്നുമല്ല ഇവിടുത്തെ  കോൺഗ്രസിനെ ബാധിച്ചിരിക്കുന്നത്. അതിൽ നിന്നൊക്കെ ഇപ്പോൾ പാർട്ടി ഉയർത്തെഴുന്നേറ്റു വരുന്നതേയുള്ളു. 

കേന്ദ്രത്തിൽ ഇക്കുറിയും ബി.ജെ.പി അധികാരത്തിൽ എത്തിയതും കേരളത്തിൽ നിന്ന് സുരേഷ് ഗോപിയിലൂടെ ഒരു എം.പിയെയും അതുവഴി ഒരു കേന്ദ്രസഹമന്ത്രിയെ സൃഷ്ടിക്കാൻ കഴിഞ്ഞതുമൊക്കെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് വൈകാതെ തന്നെ നിയമസഭയിലും കൂടുതൽ എം.എൽ.എ മാരെ സൃഷ്ടിക്കാൻ പറ്റുമെന്ന വലിയൊരു ആത്മവിശ്വാസമാണ് കൈവന്നത്. അതിനൊക്കെ സംസ്ഥാന ബി.ജെ.പിയ്ക്ക് ഏറ്റ തിരിച്ചടിയായി കൂടി വേണം സന്ദീപ് വാര്യരുടെ കോൺഗ്രസിലേയ്ക്കുള്ള വരവിനെ കാണാൻ. 

കഴിഞ്ഞ കാലങ്ങളിൽ എ കെ ആൻ്റണിയുടെ പുത്രൻ അനിൽ ആൻ്റണിയെയും ലീഡറുടെ മകൾ പത്മജാ വേണുഗോപാലിനെയുമൊക്കെ കോൺഗ്രസിൽ നിന്ന് ബി.ജെ.പി പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞതുമൊക്കെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ വലിയൊരു വിജയമായി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അവരുടെ തന്നെ സംസ്ഥാന വക്താവ് ഇപ്പോൾ കോൺഗ്രസിലെത്തിയിരിക്കുന്നത്. തൃശൂരിൽ പൂരം കലക്കി വോട്ട് പിടിച്ചതിനൊക്കെ വലിയൊരു മറുപടിയാണ് ഇതിലൂടെ കോൺഗ്രസിന് നൽകാൻ ആവുന്നത്. 

ഇനി സന്ദീപ് വാര്യരുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കും. അതിലേയ്ക്കാണ് ജനാധിപത്യ കേരളം ഉറ്റുനോക്കുന്നത്. തീർച്ചയായും ഒന്നുറപ്പാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സന്ദീപ് വാര്യർ ഏതെങ്കിലും കോൺഗ്രസിൻ്റെ ഉറച്ച സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമെന്നുള്ള കാര്യം ഉറപ്പാണ്. അത് എവിടെയായിരിക്കാം. ഒന്ന് പരിശോധിച്ചാൽ സന്ദീപ് വാര്യർ കോൺഗ്രസിൻ്റെ ലേബലിൽ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്താനുള്ള സാധ്യത ഏറെയാണ്. ഇത് ഒരുകാലത്ത് യു.ഡി.എഫിൻ്റെയും കോൺഗ്രസിൻ്റെയും ശക്തികേന്ദ്രം തന്നെയായിരുന്നു. 

മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണനെപ്പോലുള്ള കോൺഗ്രസിൻ്റെ നേതാക്കൾ ഒരിക്കലും പരാജയപ്പെടാതെ കാലാകാലങ്ങളിൽ കോൺഗ്രസിനെ വിജയിപ്പിച്ച മണ്ഡലമാണ് തൃശൂർ നിയമസഭാ മണ്ഡലം. 2019 -ൽ തൃശൂർ ലോക് സഭാ തെരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി മത്സരിക്കാൻ വന്നതോടെയാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ മറ്റേത് നിയമസഭാ മണ്ഡലങ്ങളിലെയും പോലെ ഈ നിയമസഭാ മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾക്ക് ഇടിവ് സംഭവിച്ചത്. തൃശൂരിലെ എൽ.ഡി.എഫ് - ബി.ജെ.പി ഡീലും യുഡിഎഫ് ആരോപണമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്ന് മത്സരിച്ചത് സാക്ഷാൽ ലീഡറുടെ മകൾ പത്മജാ വേണുഗോപാൽ ആയിരുന്നു. സുരേഷ് ഗോപിയും ഇവിടെ നിന്ന് മത്സരിച്ചിരുന്നെങ്കിലും നല്ലൊരു ശതമാനം വോട്ട് ബി.ജെ.പിയ്ക്ക് സംഘടിപ്പിച്ചുകൊണ്ട് മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. അതിനാൽ തന്നെ പത്മജ ഇവിടെ തോൽക്കുകയും ഇടതുമുന്നണി സ്ഥാനാർത്ഥി ഇവിടെ നിന്ന് വിജയിക്കുകയുമായിരുന്നു. നല്ലൊരു ശതമാനം യു.ഡി.എഫ് വോട്ടുകൾ സുരേഷ് ഗോപിയിലൂടെ ബി.ജെ.പിയ്ക്ക് എത്തിയത് തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കാര്യമായി ബാധിച്ചു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിൻ്റെ ഗുണം കിട്ടിയത് ഇടതു മുന്നണിയ്ക്കുമായിരുന്നു. പിന്നീട് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയ സുരേഷ് ഗോപിയ്ക്ക് ഇവിടെ നിന്ന് ലോക് സഭയിലേയ്ക്ക് വിജയിക്കാനുമായി. അപ്പോഴും ഇവിടെ ഇടത് സ്ഥാനാർത്ഥി രണ്ടാമത് എത്തിയത് എടുത്തുകാണേണ്ടതാണ്. അന്ന് മുന്ന് മൂന്നാം സ്ഥാനത്ത് എത്തിയത് ഇന്നത്തെ സംസ്ഥാന കോൺഗ്രസിലെ കരുത്തനായ നേതാവും മുൻ കെ.പി.സി.സി പ്രസിഡൻ്റും കൂടിയായിരുന്ന കെ മുരളീധരനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പത്മജാ വേണുഗോപാൽ ഇപ്പോൾ ബി.ജെ.പി പാളയത്തിലും ആണ്. അവർ അവിടെ നിന്ന് കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. 

അതിനാൽ തന്നെ ഇപ്പോൾ കേരള സംസ്ഥാനത്തെ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ പ്രസ്റ്റീജ് വിഷയമായിരിക്കുന്നു തൃശൂർ ലോക് സഭാ, നിയമസഭാ മണ്ഡലം എന്നത്. എന്തായാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തുക പത്മജാ വേണുഗോപാൽ ആണെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പാണ്. അതിനെ പ്രതിരോധിച്ച് അഭിമാനം വീണ്ടെടുത്ത് പത്മജയ്ക്കും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലും മറുപടി കൊടുക്കേണ്ടത് കോൺഗ്രസിൻ്റെയും ആവശ്യമായിരിക്കുന്നു. അങ്ങനെ വന്നാൽ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ആൾ അവിടെ എൻ.ഡി.എ സ്ഥാനാർത്ഥിയാവുമ്പോൾ ബി.ജെ.പി യിൽ നിന്ന് കോൺഗ്രസിൽ എത്തിയ ആൾ അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നു. തീർച്ചയായും ഇതിനുള്ള സാധ്യതയാണ് തൃശൂരിൽ തെളിയുന്നത്. ബി.ജെ.പിയ്ക്ക് അവർ എടുത്ത പല കാര്യങ്ങളിലും അതേ നാണയത്തിൽ തിരിച്ചടി കൊടുക്കാൻ പറ്റുന്ന അവസരമാകും ഇത്. അങ്ങനെ വന്നാൽ നല്ലൊരു മത്സരമാകും തൃശൂരിൽ നടക്കുകയെന്ന് ഉറപ്പ്. പാലക്കാട് സ്വദേശിയായ സന്ദീപ് വാര്യരെ സംബന്ധിച്ച് അതിന് അടുത്ത് കിടക്കുന്ന തൃശൂരും അന്യമൊന്നുമല്ല. 

കോൺഗ്രസ് വോട്ടുകൾ കൃത്യമായി എത്തിക്കുന്നതിനും ബി.ജെ.പി വോട്ടുകളിൽ വിള്ളലുണ്ടാക്കാനും സന്ദീപ് വാര്യർക്ക് കഴിഞ്ഞാൽ തൃശൂർ നിയമസഭാ മണ്ഡലം യു.ഡി.എഫിന് തിരിച്ചു പിടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെ. ജയിച്ചാൽ ഇന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് മുൻപ് എൽ.എൽ.എ ആകാനും സന്ദീപ് വാര്യർക്ക് കഴിയും. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിലൂടെ തൃശൂരിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സന്ദീപ് - പത്മജാ അങ്കം പ്രതീക്ഷിക്കുന്നവർ ഏറെയാണ്. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധികം നാളില്ല. ഇതുപോലെയുള്ള ചില നിർണ്ണായക നീക്കങ്ങൾ ഉണ്ടായെന്ന് വരാം. അത് നമുക്ക് കാത്തിരുന്ന് കാണാം. സംഗതി സത്യമാണെങ്കിൽ അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സംഭവിക്കുക സന്ദീപ് വാര്യർ - പത്മജാ വേണുഗോപാൽ ഏറ്റുമുട്ടൽ തന്നെയാകും. അതിനാണ് കൂടുതൽ സാധ്യതയും.

#KeralaElections #ThrissurBattle #SandeepWarrier #PadmajaVenugopal #PoliticalShift #Assembly2024

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia