Allegation | സരിന് ബുദ്ധിയും വിവരവും ഉണ്ട്, പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂ; അദ്ദേഹം പോയതില്‍ പാര്‍ട്ടിക്ക് പ്രാണി പോയ നഷ്ടമെന്നും കെപിസിസി അധ്യക്ഷന്‍
● സിപിഎം എന്തുകൊണ്ട് ചിഹ്നം കൊടുത്തില്ല
● ഇടതുപക്ഷത്തേക്കല്ലേ പോയത്
● കോണ്‍ഗ്രസിനകത്തുനിന്ന് ഇങ്ങനെ എത്രയോ ആളുകള്‍ കൊഴിഞ്ഞുപോകാറുണ്ട്
● അതൊന്നും പാര്‍ട്ടിയെ ഏശില്ല
വയനാട്: (KVARTHA) ഡോ. പി സരിന്‍ കോണ്‍ഗ്രസ് വിട്ടുപോയതിനെതിരെ തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സരിന് ബുദ്ധിയും വിവരവും ഉണ്ടെന്നും പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂവെന്നും അദ്ദേഹത്തിന് ജന്‍മദോഷമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം പാര്‍ട്ടി വിട്ടുപോയത് കോണ്‍ഗ്രസിന് പാലക്കാട്ട് പ്രാണി പോയ നഷ്ടം ഉണ്ടാകില്ലെന്നും സുധാകരന്‍ അറിയിച്ചു.
സരിനെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിക്കാറ്. ഇതുവരെ അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ ഞങ്ങള്‍ ജയിച്ചിട്ടുള്ളതെന്നും സുധാകരന്‍ പരിഹസിച്ചു. സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതുമെന്നും കെ സുധാകരന്‍ പറഞ്ഞു. മുമ്പും കുറേപ്പേര്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോയിട്ടുണ്ടെന്നും കോണ്‍ഗ്രസിനെ ഇതൊന്നും ബാധിക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വയനാട് യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.
കെ സുധാകരന്റെ വാക്കുകള്‍:
കെ സരിന്‍ പോയതില്‍ ഞങ്ങള്‍ക്ക് ഒരു പ്രാണി പോയ നഷ്ടവും ഉണ്ടാകില്ല. സിപിഎം എന്താ ചിഹ്നം കൊടുക്കാത്തത്, ഇടതുപക്ഷത്തേക്കല്ലേ പോയത്? ആര്‍ക്കു വേണ്ടിയാ കാത്തിരിക്കുന്നത്. അതൊക്കെ വരും നാളെ, അപ്പോള്‍ മനസ്സിലാവും. കോണ്‍ഗ്രസിനകത്തുനിന്ന് ഇങ്ങനെ എത്രയോ ആളുകള്‍ കൊഴിഞ്ഞുപോകാറുണ്ട്. കോണ്‍ഗ്രസിനെ പോലെ, ഒരു മല പോലെയുള്ള പാര്‍ട്ടിയെ ഇതൊന്നും ബാധിക്കില്ല.
ഇതൊന്നും ഞങ്ങള്‍ക്ക് ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നില്‍ക്കുക എന്നതല്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോണ്‍ഗ്രസ് ഉണ്ടായതും കോണ്‍ഗ്രസ് ജയിച്ചതും. അദ്ദേഹത്തിന്റെയൊക്കെ താങ്ങും തണലും കൊണ്ടാണ് കോണ്‍ഗ്രസ് പാലക്കാട്ട് ജയിച്ചത് എന്ന് തോന്നുന്നുണ്ടോ? നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിയുടെ പിന്തുണ ആര്‍ക്കാണെന്നതില്‍ എന്താണ് സംശയം.
യുഡിഎഫ് കോട്ടയില്‍ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് 2019ല്‍ കിട്ടിയ വിജയം വയനാട്ടില്‍ ഇനിയും ആവര്‍ത്തിക്കണം. ശനിയാഴ്ച മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുകയാണ്.
കണ്ണൂരില്‍ പിണറായിയുടെ മണ്ഡലത്തില്‍ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. അതില്‍ സിപിഎം വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തില്‍ ആദ്യമാണ്. യുഡിഎഫ് - ബിജെപി ഡീല്‍ എന്ന് പറയാന്‍ സിപിഎമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്. പിണറായി ജയിലില്‍ പോകാതിരിക്കുന്നത് ഇവര്‍ തമ്മിലുള്ള ധാരണ കാരണമാണ്. സിപിഎമ്മിനും ബിജെപിയ്ക്കുമാണ് പരസ്പരം കടപ്പാട് ഉള്ളത്. കെ സുരേന്ദ്രന് സിപിഎം സംരക്ഷണം ഒരുക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
#Congress #KeralaPolitics #Sudhakaran #SarinExit #UDF #KPCC