CPM | അമ്പാനെ ആകെ അലമ്പായല്ലോ; മുഖ്യമന്ത്രിയെ 'വളഞ്ഞിട്ടാക്രമിക്കുന്നു'; സിപിഎം നേതാക്കള്‍ക്ക് മൗനവ്രതം

 
Pinarayi Vijayan
Pinarayi Vijayan


അടുത്തകൊല്ലം പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് നേടിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങള്‍ക്കൊപ്പം നിന്നു. ആ വിശ്വാസത്തിനുള്ള സമ്മാനമായിരുന്നു ജനവിധി

ആദിത്യന്‍ ആറന്മുള

(KVARTHA) ഇടത് മുന്നണിയില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ. സിപിഐ ജില്ലാ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മാറ്റണമെന്നും പുതിയ ടീമിനെ കൊണ്ടുവരണമെന്നും എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ ആവശ്യമുയര്‍ന്നു. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും നവകേരള സദസ് പോലുള്ള അനാവശ്യ പരിപാടികള്‍ക്ക് സമയം കണ്ടെത്തേണ്ടതിന് പകരം ക്ഷേമപെന്‍ഷന്‍ കൃത്യസമയത്ത് കൊടുക്കണമായിരുന്നെന്നും സിപിഎം സംസ്ഥാന സമിതിയില്‍ ആക്ഷേപം ഉയര്‍ന്നു. വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും പെരുമഴ നനഞ്ഞ് നില്‍ക്കുന്ന പിണറായിക്ക് ചൂടാനൊരു കൂട പോലും ആരും കൊടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. 

സാധാരണ മുഖ്യമന്ത്രിക്കെതിരെ ആര് തിരിഞ്ഞാലും ചാടി വീഴുന്ന എ കെ ബാലനൊക്കെ മഴയത്ത് മാളത്തിലൊളിച്ചിരിക്കുകയാണ്. മുന്നണിയിലും പാര്‍ട്ടിയിലും പിണറായിയുടെ സ്ഥാനം ആടിത്തുടങ്ങിയെന്ന് വ്യക്തം. ആട്ടത്തിന് ശക്തികൂടുമോ അതോ കാറ്റ് മാറി വീശുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കാലാവസ്ഥ പ്രവചനക്കാരെ പോലെ മുഖ്യമന്ത്രി മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പ്രതിപക്ഷത്തിനുള്ള മറുപടിയെന്ന അര്‍ത്ഥത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കിയത്. അടുത്തകാലം വരെ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയിലോ, സര്‍ക്കാരിലോ എന്തെങ്കിലും പറയാന്‍ ആരും തയ്യാറായിരുന്നില്ല. ആകെപ്പാടെ സിപിഐ ജില്ലാ നേതാക്കള്‍ മാത്രമാണ് ഉള്ള കാര്യം തുറന്നടിച്ചിരുന്നത്. അതിന് മാറ്റംവന്നു എന്നത് വളരെ നല്ല സൂചനയാണ്.

സിപിഎം സംസ്ഥാന സമിതിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വിമര്‍ശനങ്ങള്‍ അതിരുവിട്ടെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസും മറ്റ് വിവാദങ്ങളും ആരും എടുത്തലക്കിയില്ല. എക്‌സാലോജിക്കിന്റെ മാസപ്പടി കേസില്‍ ചൊവ്വാഴ്ച ഹൈക്കോടതി മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും നോട്ടീസ് അയച്ചു. കേസ് അന്വേഷണം വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യൂ കുഴല്‍നാടന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി തീരുമാനം. എല്ലാംകൊണ്ടും മുഖ്യമന്ത്രിയുടെ ബെസ്റ്റ് സമയമാണിപ്പോള്‍. ജനഹിതം മറന്ന് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മുഖ്യമന്ത്രി നടത്തിയ കാര്യങ്ങളാണ് ജനവികാരം എതിരാകാന്‍ കാരണം. 

സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും ഇത് മനസ്സിലാകും. മുഖ്യമന്ത്രി ഇപ്പോഴും അത് സമ്മതിച്ച് തരുന്നില്ലെന്ന് മാത്രം. അദ്ദേഹമിപ്പോഴും ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. തന്റെ നിലപാടുകളില്‍ സഹികെട്ടാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, 'നമ്മള്‍ നല്ലപോലെ തോറ്റു, തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ വല്ല കാര്യമുണ്ടോ?' എന്ന് ചോദിച്ചത്. പിണറായി വിജയന് ശേഷം പ്രളയമല്ലല്ലോ, പാര്‍ട്ടിക്ക് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുമുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. അതിന് ഉറച്ചതീരുമാനങ്ങളുണ്ടാകണം. അതിപ്പോ മുഖ്യമന്ത്രിയെ മാറ്റിയാലും ഇല്ലെങ്കിലും.

അടുത്തകൊല്ലം പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് നേടിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങള്‍ക്കൊപ്പം നിന്നു. ആ വിശ്വാസത്തിനുള്ള സമ്മാനമായിരുന്നു ജനവിധി. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റവുവാങ്ങിയ സിപിഎമ്മും മുന്നണിയും 2021ല്‍ 99 സീറ്റുമായി വീണ്ടും അധികാരത്തിലേറി. സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. സ്വര്‍ണക്കടത്ത്, സ്പ്രിംഗ്ലര്‍, ലൈഫ് മിഷന്‍ കോഴ തുടങ്ങിയ വലിയ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ച് നിന്നപ്പോഴാണ് ഈ വിജയമുണ്ടായതെന്ന് ഓര്‍ക്കണം. ജനങ്ങളെ അതൊന്നും ബാധിക്കാതിരുന്നതിന് കാരണം, അവരുടെ അടിസ്ഥാന പ്രശ്‌നങ്ങളെല്ലാം സര്‍ക്കാര്‍ ഭംഗിയായി നിര്‍വഹിച്ചത് കൊണ്ടാണ്. 

രണ്ടാമൂഴത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി കൂടുതല്‍ ശക്തനായി. പാര്‍ട്ടിയില്‍ അദ്ദേഹത്തിനെതിരെ ആരും ശബ്ദിച്ചില്ല. ആദ്യ മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ ജി സുധാകരന്‍, കെകെ ശൈലജ തുടങ്ങിയവരെ വെട്ടിനിരത്തിയിട്ടും പാര്‍ട്ടി ഒരക്ഷരംമിണ്ടിയില്ല. ധനകാര്യം മോശമല്ലാതെ തോമസ് ഐസക് കൈകാര്യം ചെയ്തിരുന്നു. ഇവര്‍ക്കെല്ലാം പകരം പുതിയ ആളുകളെ കൊണ്ടുവന്നു. അവര്‍ക്ക് പാര്‍ലമെന്ററി രംഗത്ത് യാതൊരു പരിചയവും ഇല്ലായിരുന്നു. അതിന്റെ പ്രതിഫലനം സര്‍ക്കാരിലുണ്ടായി. മുഖ്യമന്ത്രി എല്ലാത്തിലും ഇടപെട്ടു. ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിനെ പോലും മറികടന്നാണ് എ.ഐ ക്യാമറാ ഇടപാട്  നടന്നത്. മുഖ്യമന്ത്രിയുടെ ബന്ധുവിന് കരാര്‍ ലഭിച്ചു. അതോടെ വിമര്‍ശനങ്ങള്‍ വാനോളം ഉയര്‍ന്നിരുന്നു. ക്യാബിനറ്റിലെ ഒരംഗപോലും മുഖ്യമന്ത്രിയെ പിന്തുണയ്ക്കാനെത്തിയില്ല. ആദ്യം പാര്‍ട്ടിയും കൈമലര്‍ത്തി. അതോടെ മുഖ്യമന്ത്രിക്ക് മന്ത്രിമാര്‍ പിന്തുണനല്‍കണമെന്ന പ്രസ്താവനയുമായി പൊതുമരാമത്ത് മന്ത്രി രംഗത്തെത്തി. എന്നിട്ടും ആരും പ്രതികരിച്ചില്ല. സംഭവം കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ പിന്തുണച്ചത്.

സാധാരണ സിപിഎം ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിമാര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് നല്ല സമ്മര്‍ദ്ദം ഉണ്ടാകുന്നതാണ്. പിണറായിക്ക് അതുണ്ടായില്ലെങ്കിലും അദ്ദേഹം അത് പ്രയോജനപ്പെടുത്തിയില്ല. വീണാ വിജയന്റെ കേസ് വിവാദമായപ്പോള്‍ മുതല്‍ എന്തെല്ലാം രീതിയില്‍ പ്രതിരോധിക്കാമോ അതെല്ലാം പാര്‍ട്ടി ചെയ്തു. എന്നിട്ടും മുഖ്യമന്ത്രി യാതൊരുപ്രതികരണവും നടത്തിയില്ല. അപ്പോഴും യുവനേതാക്കളില്‍ ഭൂരിപക്ഷവും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുകയോ, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തില്ല. അവരെല്ലാം കടുത്ത അതൃപ്തരാണ്. 

മുഖ്യമന്ത്രി മരുമകന്‍ കൂടിയായ പൊതുമരാമത്ത് മന്ത്രിക്ക് അമിതപ്രാധാന്യം നല്‍കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ പുകഞ്ഞുകൂടിക്കൊണ്ടിരുന്ന നിരവധി അസ്വസ്ഥതകളും അതൃപ്തികളും പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുകയാണിപ്പോള്‍. അതുകൊണ്ട് പാര്‍ട്ടി ഈ സാഹചര്യം എങ്ങനെ നേരിടും എന്നത് വലിയ വെല്ലുവിളിയാണ്. പിണറായി വിജയനെ അങ്ങനെയൊന്നും പുറത്താക്കാനൊക്കില്ല, തനിക്ക് പകരക്കാരാരും ഇല്ലാത്ത അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് സിപിഎമ്മില്‍ ഇനിയെന്ത് എന്നത് ഏവരിലും ആകാംഷയും ആശങ്കയും നിറയ്ക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia