Benyamin | എസ്എഫ്ഐ സമ്മേളനത്തിൽ സംഘടനയ്‌ക്കെതിരെ വിമർശനവുമായി ബെന്യാമിൻ; 'വിവാദക്കാർ ഭാരവാഹിത്വത്തിലേക്ക് വരുന്നത് പരിശോധിക്കണം'
'എക്കാലത്തും കാമ്പസിനകത്തേക്ക് ജാതി വർഗീയ സംഘടനകളുടെ കടന്നുവരവിനെ തടയുന്നതിൽ എസ്എഫ്ഐ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്'
തലശേരി: (KVARTHA) എസ്എഫ്ഐ വേദിയില്‍ സംഘടന നേരിടുന്ന മൂല്യച്യുതികളെ കുറിച്ചുളള വിമര്‍ശനവുമായി ഇടതുസഹയാത്രികനായ എഴുത്തുകാരൻ ബെന്യാമിന്‍. വിവാദങ്ങളില്‍പ്പെടുന്ന അംഗങ്ങള്‍ എസ്എഫ്ഐയുടെ അംഗത്വമെടുക്കുന്നതും ഭാരവാഹിത്വത്തിലേക്ക് കടന്നുവരുന്നതും എങ്ങനെയെന്ന് ആത്മവിമര്‍ശനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ബെന്യാമിന്‍.
എക്കാലത്തും കാമ്പസിനകത്തേക്ക് ജാതി വർഗീയ സംഘടനകളുടെ കടന്നുവരവിനെ തടയുന്നതിൽ എസ്എഫ്ഐ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മാര്‍ത്ഥമായ സ്വയം വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും ഒരുകാലത്തും എസ്എഫ്‌ഐയുടെ ചിന്താ പദ്ധതികളുടെ പ്രധാനപ്പെട്ട ഭാഗമല്ല ഏതെങ്കിലും കോളേജ് യൂണിയനുകള്‍ പിടിച്ചെടുക്കുകയെന്നതെന്നും ബെന്യാമിന്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി വി വിഷ്ണു പ്രസാദ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, പ്രസിഡന്റ് കെ അനുശ്രീ, ഇ അഫ്‌സല്‍, വി വിചിത്ര, വൈഷ്ണവ് മഹേന്ദ്രന്‍, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംഘാടക സമിതി ചെയര്‍മാന്‍ കെ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശരത് രവീന്ദ്രന്‍ രക്തസാക്ഷി പ്രമേയവും ടി പി അഖില അനുശോചന പ്രമേയവും അവതരിപ്പിച്ചു.
രക്തസാക്ഷികളായ കെ വി സുധീഷ്, കെ വി റോഷന്‍, കെ സി രാജേഷ്, അഷ്റഫ്, ധീരജ് എന്നിവരുടെ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പതിനെട്ട് ഏരിയകളില്‍ നിന്നായി മൂന്നുറ്റമ്പതോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ പങ്കെടുപ്പിച്ച് രക്തസാക്ഷി കുടുംബ സംഗമവും നടക്കും.